
ലഖനൗ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ യുവതിയെ ഹിജാബ് അഴിച്ചുമാറ്റി അപമാനിക്കുകയും ഒപ്പമുണ്ടായിരുന്ന യുവാവിനെ കൂട്ടമായി ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ പിടിയിലായ പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തിയത് മുടന്തി. പ്രതികൾ പൊലീസ് സ്റ്റേഷനിലേക്ക് വരുന്ന ദൃശ്യങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഓസ്കാറിനെ വെല്ലുന്ന അഭിനയമാണ് പ്രതികൾ കാഴ്ചവെച്ചതെന്നാണ് ചിലരുടെ പരിഹാസം. അഭിനയത്തിന് നൂറ് രൂപവെച്ച് എല്ലാവർക്കും നൽകാനും ചിലർ പറയുന്നു.
ഖലാപർ സ്വദേശിനിയും ഉത്കർഷ് സ്മോൾ ഫിനാൻസ് ലിമിറ്റഡിലെ ജീവനക്കാരിയുമായ ഫർഹാനയുടെ മകൾ ഫർഹീനാണ് ആൾക്കൂട്ട അധിക്ഷേപത്തിന് ഇരയായത്. അമ്മയുടെ നിർദ്ദേശപ്രകാരം സച്ചിനെന്ന യുവാവിനൊപ്പം വായ്പാ ഗഡുവാങ്ങാൻ മോട്ടോർ സൈക്കിളിൽ പോകുമ്പോഴായിരുന്നു ഇരുവർക്കുമെതിരെ ആൾക്കൂട്ട അധിക്ഷേപവും ആക്രമണവും ഉണ്ടായത്.
അക്രമിസംഘത്തിലെ ഒരു പുരുഷൻ ഫർഹീൻ്റെ ഹിജാബ് ബലമായി ഊരിയെടുക്കുന്നതും മറ്റുള്ളവർ യുവതിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും അധിക്ഷേപിക്കുകയും ശാരീരകമായി ആക്രമിക്കുകയും ചെയ്യുന്നതാണ് വൈറലായ വീഡിയോ ദൃശ്യങ്ങളിലുള്ളത്. ഖലാപർ പ്രദേശത്തെ ഒരു ഇടുങ്ങിയ പാതയിൽ വെച്ചാണ് യുവതിയ്ക്കും യുവാവിനും എതിരെ ആക്രമണമുണ്ടായത്.
പത്തോളം പേരടങ്ങുന്ന ഒരു സംഘമാണ് ഫർഹീനെ അപമാനിക്കുകയും സച്ചിനെ ആക്രമിക്കുകയും ചെയ്തത്. ഈ സംഭവങ്ങൾ ഒരു ദൃക്സാക്ഷി മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ തുടർന്ന് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചു. ഇതെ തുടർന്ന് സംഭവ സ്ഥലത്ത് ആളുകൾ പ്രതിഷേധവുമായി എത്തുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘമാണ് ജനക്കൂട്ടത്തെ പിരിച്ചുവിടുകയും ഇരുവരെയും സുരക്ഷിതമായി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തത്. പിന്നീട് ഫർഹീൻ പരാതി നൽകിയതിനെത്തുടർന്ന് ആക്രമണ നടത്തിയ സംഘത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതിനെ തുടർന്നാണ് സംഭവത്തിൽ ഉൾപ്പെട്ട ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
Content Highlights- 'Oscar-worthy acting': Accused who tried to insult woman by pulling her hijab limp at station