
ന്യൂഡൽഹി: ഇന്ത്യയുടെ രാജകീയ ചരിത്രത്തിൽ തിളക്കത്തോടെ അടയാളപ്പെടുത്തപ്പെട്ട നീല വജ്രമായ 'ഗോൽകൊണ്ട ബ്ലൂ' ലേലത്തിന് വെയ്ക്കുന്നു. ഇൻഡോറിലെയും ബറോഡയിലെയും മഹാരാജാക്കന്മാരുടെ കൈവശമുണ്ടായിരുന്ന ഗോൽക്കൊണ്ട ബ്ലൂ മെയ് 14ന് ജനീവയിലാണ് ലേലത്തിന് വെയ്ക്കുന്നത്. ക്രിസ്റ്റീസ് 'മാഗ്നിഫിഷ്യന്റ് ജുവൽസ്' ലേലത്തിലാണ് ഗോൽകൊണ്ട ബ്ലൂ ലേലത്തിന് വെയ്ക്കുക.
23.24 കാരറ്റ് ഭാരമുള്ള ഈ രത്ന കല്ലിന് 300 കോടി രൂപ മുതൽ 430 കോടി രൂപ വരെ വില ലഭിക്കുമെന്ന് ക്രിസ്റ്റീസ് വ്യക്തമാക്കുന്നത്. 'ഈ നിലവാരത്തിലുള്ള അസാധാരണ കുലീന രത്നങ്ങൾ ജീവിതത്തിൽ ഒരിക്കൽ മാത്രമേ വിപണിയിലെത്തൂ. രാജകീയ പൈതൃകം, അസാധാരണമായ നിറം, അസാധാരണമായ വലിപ്പം എന്നീ സവിശേഷതകൾ ഉള്ള, 'ഗോൾക്കൊണ്ട നീല' ലോകത്തിലെ ഏറ്റവും അപൂർവ നീല വജ്രങ്ങളിൽ ഒന്നാണ്' എന്നായിരുന്നു ക്രിസ്റ്റീസ് ഇന്റർനാഷണൽ ജ്വല്ലറി മേധാവി രാഹുൽ കഡാക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഇൻഡോറിലെ മഹാരാജാവായിരുന്ന യശ്വന്ത് റാവു ഹോൾക്കർ രണ്ടാമന്റെ അമൂല്യ ശേഖരത്തിന്റെ ഭാഗമായിരുന്ന ഈ ഗോൽകൊണ്ട ബ്ലൂ രത്നക്കല്ല്. 1930-കളോടെ, മഹാരാജാവിന്റെ ഔദ്യോഗിക രത്നവ്യാപാരിയായ മൗബൗസിൻ ഈ വജ്രം ഒരു ഗംഭീര മാലയിൽ ഉൾപ്പെടുത്തി. 1947-ൽ, ആ രത്നം അമേരിക്കയിലേക്ക് എത്തി. ഇതിഹാസ ആഭരണ വ്യാപാരിയായ ഹാരി വിൻസ്റ്റൺ അത് സ്വന്തമാക്കി, പിന്നീട് ഇന്ത്യയിലേയ്ക്ക് തന്നെ മടങ്ങിയെത്തി. സ്വകാര്യ കൈകളിൽ എത്തുന്നതിനുമുമ്പ് ഇത് ബറോഡ രാജകുടുംബത്തിന്റെ നിധിയുടെ ഭാഗമായി മാറി.
ഇന്നത്തെ തെലങ്കാനയിലെ പ്രശസ്തമായ ഗോൽക്കൊണ്ട ഖനികളിലാണ് ഈ വജ്രത്തിന്റെ വേരുകൾ കാണപ്പെടുന്നത്. കോഹിനൂർ, ഹോപ്പ് ഡയമണ്ട് എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചില വജ്രങ്ങൾ ഇവിടെ നിന്നാണ് ലഭിക്കുന്നത്.
Content Highlights: Rare diamond, once owned by maharajas, set for auction. To fetch over Rs 300 crore