ജാതി സെന്‍സസ്: ഡികെ ശിവകുമാറിൻ്റെ നേതൃത്വത്തില്‍ വൊക്കലിംഗ വിഭാഗത്തിലെ കോൺഗ്രസ് എംഎല്‍എമാരുടെ യോഗം ഇന്ന്

ജാതി സെന്‍സസ് വിഷയത്തില്‍ വൊക്കലിംഗ സമുദായത്തില്‍നിന്നുളള എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ അറിയാനാണ് യോഗം ചേരുന്നതെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു

dot image

ബംഗളുരു: കര്‍ണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ വൊക്കലിംഗ എംഎല്‍എമാരുടെ യോഗം ഇന്ന് നടക്കും. ജാതി സെന്‍സസ് റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് വൊക്കലിംഗ, ലിംഗായത്ത് വിഭാഗങ്ങള്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. ജാതി സെന്‍സസ് വിഷയത്തില്‍ വൊക്കലിംഗ സമുദായത്തില്‍നിന്നുളള എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ അറിയാനാണ് യോഗം ചേരുന്നതെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു. ശിവകുമാറും വൊക്കലിംഗ വിഭാഗത്തില്‍ നിന്നുളളയാളാണ്. 'ജാതി സെന്‍സസ് റിപ്പോര്‍ട്ട് ഇതുവരെ ഞാന്‍ പൂര്‍ണായും പരിശോധിച്ചിട്ടില്ല. ഇപ്പോഴും അത് പഠിച്ചുകൊണ്ടിരിക്കുകയാണ്. ആരുടെയും വികാരങ്ങള്‍ വ്രണപ്പെടുത്താതെ എല്ലാവരും പരിഗണിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനായി അവരുമായി ചര്‍ച്ച നടത്തും', ഡികെ ശിവകുമാര്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


ഡികെ ശിവകുമാറിന്റെ ബംഗളുരുവിലെ ഔദ്യോഗിക വസതിയില്‍ വൈകുന്നേരം ആറുമണിക്കാണ് യോഗം. മതത്തിന്റെ അടിസ്ഥാനത്തില്‍ ടെന്‍ഡറുകള്‍ നല്‍കി കോണ്‍ഗ്രസ് സര്‍ക്കാര്‍ പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. എസ് സി - എസ്ടി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കിയിട്ടുണ്ടെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ശിവകുമാര്‍ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നീതി ഉറപ്പാക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അതേസമയം, ജാതിസെന്‍സസ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന വൊക്കലിംഗ സംഘവും ഇന്ന് യോഗം ചേരുന്നുണ്ട്. റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും കണക്കെടുപ്പ് സുതാര്യമല്ലെന്നുമാണ് ലിംഗായത്ത്, വൊക്കലിംഗ വിഭാഗങ്ങളുടെ വാദം. സര്‍ക്കാര്‍ നടത്തിയ സര്‍വ്വേ പ്രകാരം ഇരുവിഭാഗങ്ങളുടെയും ജനസംഖ്യ പട്ടിക വിഭാഗത്തിനും മുസ്‌ലിം വിഭാഗത്തിനും പിന്നിലാണ് എന്നതാണ് എതിര്‍പ്പിന് കാരണം. കര്‍ണാടക രാഷ്ട്രീയത്തില്‍ തങ്ങള്‍ക്കുളള മേധാവിത്വം ഇല്ലാതാകുമോ എന്ന ഭീതിയിലാണ് സമുദായാംഗങ്ങള്‍.

Content Highlights: dk shivakumar to hold meeting with congress vokaliga mlas on caste sensus

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us