
ഡല്‍ഹി: ഡല്‍ഹിയിലെ ഷഹ്ദാരയില്‍ ജിടിബി എന്‍ക്ലേവ് പ്രദേശത്ത് യുവതിയെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇരുപത് വയസ് തോന്നിക്കുന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 'അര മണിക്കൂര്‍ മുന്‍പാണ് പെണ്‍കുട്ടിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയെന്ന് ഞങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചത്. ജിടിബി എന്‍ക്ലേവ് പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. യുവതിക്ക് ഏകദേശം 20 വയസ് പ്രായം തോന്നിക്കും. ശരീരത്തില്‍ രണ്ട് വെടിയേറ്റ മുറിവുകളുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ', ഷഹ്ദാരയിലെ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
മാര്‍ച്ച് 29-ന് ഷഹ്ദാരയിലെ വിവേക് വിഹാറിലുളള സത്യം എന്‍ക്ലേവിലെ ഒരു ഫ്‌ളാറ്റില്‍ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയിരുന്നു. ജില്‍മില്‍ കോളനിയിലുളള ഡിഡിഎ ഫ്‌ളാറ്റ് നമ്പര്‍ 18-ല്‍ നിന്നും ദുര്‍ഗന്ധം വരുന്നതായി അന്തേവാസികള്‍ പൊലീസില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫ്‌ളാറ്റിനുളളിലെ ഒരു ബാഗില്‍ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. പുതപ്പില്‍ പൊതിഞ്ഞ നിലയിലുണ്ടായിരുന്ന മൃതദേഹത്തില്‍ ചന്ദനത്തിരി കത്തിച്ചുവെച്ച നിലയിലായിരുന്നു.
വിവേകാനന്ദ് മിശ്ര എന്നയാളുടെ ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സംഭവത്തിലും ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതുവരെ ആരെയും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടില്ല. രണ്ട് സംഭവങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് മരണങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
Content Highlights: young women found dead with bullet wounds in delhi shahdara