'പ്രിൻസിപ്പലിനെ തിരിച്ച് സഹായിച്ച് കോളേജ് യൂണിയൻ'; 'ചൂട് കുറയാൻ' ഓഫീസിൽ ചാണകം തേച്ചു

മാഡം ഇനി ഓഫീസ് മുറിയില്‍ നിന്ന് എസി മാറ്റി ചാണകം പുരട്ടിയ, പ്രകൃതിദത്തമായ അന്തരീക്ഷത്തിലിരുന്ന് ജോലി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റോണക് എക്‌സില്‍ കുറിച്ചു.

dot image

ഡല്‍ഹി: ചൂട് കുറയ്ക്കാനെന്ന പേരിൽ കോളേജിലെ ക്ലാസ് മുറിയുടെ ചുമരില്‍ ചാണകം തേച്ച പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ചാണകം തേച്ച് പ്രതിഷേധിച്ച് ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍. ഡല്‍ഹി സര്‍വ്വകലാശാലയ്ക്കു കീഴിലെ ലക്ഷ്മിബായ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രത്യുഷ് വത്സലയാണ് വേനല്‍ക്കാലത്ത് ചൂടിനെ മറികടക്കാനുളള പരമ്പരാഗതമായ വഴിയെന്ന് വിശേഷിപ്പിച്ച് കോളേജിലെ ക്ലാസ്മുറിയുടെ ചുമരില്‍ ചാണകം തേച്ചത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതിനുപിന്നാലെയാണ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് റോണക് ഖത്രിയും വിദ്യാര്‍ത്ഥികളുമെത്തി പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ചാണകം തേച്ചത്.


ലക്ഷ്മിബായ് കോളേജിലെ പഴയ സി ബ്ലോക്കിലാണ് 'ചാണക പരീക്ഷണം' നടന്നത്. 'വേനല്‍ കടുത്ത സാഹചര്യത്തില്‍ ചൂട് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാണകം തേയ്ക്കുന്നത്. ചാണകം തേച്ചാല്‍ ചൂട് കുറയുമെന്ന ഗവേഷക വിദ്യാര്‍ത്ഥിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യംകൂടെയുണ്ട്. ഒരാഴ്ച്ചയ്ക്കുശേഷം ഗവേഷണത്തിന്റെ വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയും. ക്ലാസ് മുറി ഉടന്‍ തന്നെ പുതിയ രൂപത്തില്‍ കാണാം. ഇവിടുത്തെ അധ്യാപകാനുഭവങ്ങള്‍ മനോഹരമാക്കാനുളള ശ്രമത്തിലാണ്' എന്നായിരുന്നു നടപടിയെക്കുറിച്ച് പ്രിന്‍സിപ്പാള്‍ പറഞ്ഞത്. ക്ലാസ് മുറിയില്‍ ചാണകം തേച്ച പ്രിന്‍സിപ്പാളിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.


ക്ലാസ് മുറിയില്‍ ചാണകം തേയ്ക്കാന്‍ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികളോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് റോണക് ഖത്രി പറഞ്ഞു. 'പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന അവകാശങ്ങള്‍ നിറവേറ്റുകയാണ് ചെയ്യേണ്ടിയിരുന്നത്. ക്ലാസ് മുറികളില്‍ ചൂടിനെ മറികടക്കാന്‍ എയര്‍ കണ്ടീഷനുകള്‍ നല്‍കുന്നതിനുപകരം ചാണകം പുരട്ടുകയാണ് അവര്‍ ചെയ്തത്. ഞങ്ങള്‍ ക്ലാസ് മുറിയിലെത്തുമ്പോള്‍ രൂക്ഷമായ ചാണകത്തിന്റെ മണമായിരുന്നു അവിടം മുഴുവന്‍. അവിടെ ക്ലാസുകളൊന്നും നടന്നിരുന്നില്ല. കോളേജില്‍ കുടിവെളളമടക്കമുളള അടിസ്ഥാന സൗകര്യങ്ങളില്ല. അപ്പോഴാണ് പ്രിന്‍സിപ്പാള്‍ ചാണകമുപയോഗിച്ചുളള വലിയ ഗവേഷണത്തെക്കുറിച്ച് സംസാരിക്കുന്നത്. ആദ്യം വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റണം'- റോണക് ഖത്രി പറഞ്ഞു


പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ചാണകം പുരട്ടുന്നതിന്റെ വീഡിയോയും റോണക് ഖത്രി എക്‌സില്‍ പങ്കുവെച്ചിരുന്നു. പ്രിന്‍സിപ്പാളിന്റെ മുറി അവര്‍ ഉപയോഗിച്ച അതേ മെറ്റീരിയല്‍ ഉപയോഗിച്ച് പ്ലാസ്റ്റര്‍ ചെയ്യാന്‍ തങ്ങള്‍ സഹായിച്ചെന്നും മാഡം ഇനി ഓഫീസ് മുറിയില്‍ നിന്ന് എസി മാറ്റി ചാണകം പുരട്ടിയ, പ്രകൃതിദത്തമായ അന്തരീക്ഷത്തിലിരുന്ന് ജോലി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റോണക് എക്‌സില്‍ കുറിച്ചു.

Content Highlights: dusu president smears cow dung on principals office says fullfil students basic need first

dot image
To advertise here,contact us
dot image