
ഹൈദരാബാദ് : ഹൈദരാബാദിൽ വൃദ്ധയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് മുകളിൽ നൃത്തം ചെയ്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടി . ബെംഗളൂരുവിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് ഹൈദരാബാദിലേക്ക് കുടിയേറിയ രാജസ്ഥാൻ സ്വദേശിനി 70 കാരി കമല ദേവിയാണ് മരിച്ചത്. കുഷൈഗുഡിലെ കൃഷണ നഗറിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.
മൃതദേഹത്തിനടുത്തു നിന്ന് സെൽഫി എടുത്തു കൊല്ലപ്പെട്ട സ്ത്രീയുടെ ബെംഗളൂരുവിലെ ബന്ധുക്കൾക്ക് പ്രായപൂർത്തിയാകാത്ത ആൺകുട്ടി അയച്ചു കൊടുത്തതോടെയാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്. ഏപ്രിൽ 11-ന് രാത്രി നടന്ന ക്രൂര കൊലപാതകത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കമലാദേവിയുടെ കടകളിലും വീട്ടിലും സഹായി ആയി നിന്ന ആൺകുട്ടിയാണ് ഇരുമ്പു ദണ്ഡ് കൊണ്ട് വൃദ്ധയെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം സാരി കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയത്.
മരണം ഉറപ്പാക്കിയ ശേഷം മൃതദേഹത്തിൽ കയറി നൃത്തം ചെയ്യുന്ന രംഗം ചിത്രീകരിക്കുകയും സെൽഫി എടുക്കുകയും ചെയ്തു. കൊലപാതക ശേഷം മൂന്നുദിവസം കഴിഞ്ഞ് 14 -ാം തീയതി ഈ ദൃശ്യങ്ങൾ കമല ദേവിയുടെ ബെംഗളൂരുവിലെ ബന്ധുക്കൾക്ക് അയച്ചു കൊടുത്തു.
ഹൈദരാബാദിൽ എത്തിയ ബന്ധുക്കൾ പൊലീസിന്റെ സഹായത്തോടെ വീട് കുത്തിത്തുറന്ന് പരിശോധിച്ചപ്പോൾ മൃതദേഹം അഴുകി തുടങ്ങിയ നിലയിലായിരുന്നു.ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ജുവൈനൽ ഹോമിലേക്ക് മാറ്റി. കമലാദേവി തന്നെ നിരന്തരം അധിക്ഷേപിക്കാറുണ്ടെന്നും മാനസിക-ശാരീരിക പീഡനം സഹിക്കാനാവാതെയാണ് കൃത്യം ചെയ്തതെന്നും ആൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
content highlights : Teen migrant killed 70 yr old, dances on body. records video