മുന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിനെതിരായി പരാതി; നടപടിക്കായി പേഴ്‌സണല്‍ കാര്യമന്ത്രാലയത്തിന് കൈമാറി

സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് ജാമ്യം നല്‍കിയതില്‍ വഴിവിട്ട ഇടപെടലുണ്ടായെന്നാണ് രാകേഷ് കുമാര്‍ പരാതിയില്‍ ആരോപിക്കുന്നത്.

dot image

ഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിനെതിരായ പരാതി നടപടികള്‍ക്കായി പേഴ്‌സണല്‍ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം. മുന്‍ പട്‌ന ഹൈക്കോടതി ജഡ്ജി രാകേഷ് കുമാറാണ് ചന്ദ്രചൂഢിനെതിരെ പരാതി നല്‍കിയത്. സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് ജാമ്യം നല്‍കിയതില്‍ വഴിവിട്ട ഇടപെടലുണ്ടായെന്നാണ് രാകേഷ് കുമാര്‍ പരാതിയില്‍ ആരോപിക്കുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പരാതി. നവംബറില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് നല്‍കിയ പരാതിയിലാണ് തുടര്‍നടപടി.


കീഴ്‌ക്കോടതികള്‍ നിരസിച്ച ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി ഡി വൈ ചന്ദ്രചൂഢ് പ്രത്യേക ബെഞ്ചുകള്‍ രൂപീകരിച്ചുവെന്നാണ് രാകേഷ് കുമാര്‍ ആരോപിക്കുന്നത്. ഇത് ജുഡീഷ്യല്‍ നടപടിക്രമങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം വാദിക്കുന്നു. 2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ 2023 ജൂലൈ 19-നാണ് ടീസ്റ്റയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ജാമ്യം റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി ഉടന്‍ കീഴടങ്ങാന്‍ ടീസ്റ്റയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ടീസ്റ്റ അന്നുതന്നെ സുപ്രീംകോടതിയെ സമീപിച്ച് ഇടക്കാല ജാമ്യം നേടുകയായിരുന്നു.


2016 മെയ് 13-നായിരുന്നു ഡി വൈ ചന്ദ്രചൂഢ് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്. അതിനുമുന്‍പ് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. ബോംബൈ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായും കേന്ദ്രസര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 2022 നവംബര്‍ 9-നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. 2024 നവംബര്‍ 10-ന് പദവിയില്‍ നിന്ന് വിരമിച്ചു.

Content Highlights: law ministry forwards complaint against dy chandrachud to dopt for action

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us