ഡിസിസി ശാക്തീകരണത്തിന് കേരളാ മോഡല്‍ പിന്തുടരാന്‍ കോണ്‍ഗ്രസ്: 'രാജ്യവ്യാപകമായി നടപ്പാക്കും'

ഡിസിസി അധ്യക്ഷന്മാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും അതിന് നിരോധനമേര്‍പ്പെടുത്തിയിട്ടില്ലെന്നും ജയ്റാം രമേശ് വ്യക്തമാക്കി

dot image

ഡല്‍ഹി: രാജ്യത്ത് ഡിസിസി ശാക്തീകരണത്തിന് കേരളാ മോഡല്‍ പിന്തുടരാനൊരുങ്ങി കോണ്‍ഗ്രസ്. ഫണ്ട് കളക്ഷന്‍, ജനസമ്പര്‍ക്കം അടക്കമുളള കാര്യങ്ങളില്‍ കേരളാ മോഡല്‍ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍സ് ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. ഡിസിസി അധ്യക്ഷന്മാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും അതിന് നിരോധനമേര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസിസികളെ ശക്തിപ്പെടുത്താന്‍ ജില്ലകളില്‍ രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കും. അതിനായുളള നടപടികള്‍ ആരംഭിച്ചുവെന്നും ജയ്‌റാം രമേശ് പറഞ്ഞു.

'ഗുജറാത്തില്‍ അടുത്ത മാസം പുതിയ ഡിസിസി അധ്യക്ഷന്മാരെ നിയമിക്കും. സംസ്ഥാന തലസ്ഥാനങ്ങളില്‍ ഈ മാസം 25 മുതല്‍ 30 വരെ ഭരണഘടനാ സംരക്ഷണ റാലി നടത്തും. മെയ് മൂന്നിനും 10നും ഇടയില്‍ ജില്ലാ കേന്ദ്രങ്ങളില്‍ റാലി സംഘടിപ്പിക്കും. മെയ് 11നും 17നും ഇടയില്‍ നിയോജക മണ്ഡലങ്ങളില്‍ ഭരണഘടനാ സംരക്ഷണ റാലി നടത്തും. മെയ് 25നും 30നും ഇടയില്‍ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കും. മെയ് 21നും 23നും ഇടയില്‍ രാജ്യത്ത് നാല്‍പ്പത് ഇടങ്ങളില്‍ ഇഡി നടപടിക്ക് എതിരായി നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തും. നാഷണല്‍ ഹെറാള്‍ഡ് കേസിനെതിരായ പ്രതിഷേധം കൂടിയാണ് ഭരണഘടനാ സംരക്ഷണ റാലി'- ജയ്‌റാം രമേശ് പറഞ്ഞു.


നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ബിജെപി നുണ പ്രചരിപ്പിക്കുകയാണെന്നും ഇ ഡിയെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും ജയ്‌റാം രമേശ് പറഞ്ഞു. എജെഎല്ലിനെ യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതില്‍ ഒരു ക്രമക്കേടുമുണ്ടായിട്ടില്ലെന്നും നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കുറ്റപത്രം കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതിയെ സമീപിക്കണോ എന്ന് അപ്പോള്‍ നോക്കാമെന്നും കോണ്‍ഗ്രസ് ഭയപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Congress will follow Kerala model for DCC empowerment says Jairam Ramesh

dot image
To advertise here,contact us
dot image