മോഷണക്കുറ്റം ആരോപിച്ച് തൊഴിലാളികളെ ക്രൂരമായി ഉപദ്രവിച്ച് തൊഴിലുടമ

അഭിഷേകിന്റെയും വിനോദിന്റെയും ദേഹത്ത് വൈദ്യുതാഘാതമേല്‍പ്പിക്കുകയും നഖങ്ങള്‍ പിഴുതെടുക്കുകയും ചെയ്‌തെന്നാണ് പരാതി

dot image

റായ്പൂര്‍: മോഷണക്കുറ്റം ആരോപിച്ച് തൊഴിലാളികളെ ക്രൂരപീഡനത്തിനിരയാക്കി തൊഴിലുടമ. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിലാണ് സംഭവം. ഐസ്‌ക്രീം ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന അഭിഷേക് ഭാമ്പി, വിനോദ് ഭാമ്പി എന്നിവര്‍ക്കാണ് തൊഴിലുടമയായ ഛോട്ടു ഗുര്‍ജാറില്‍ നിന്നും ഇയാളുടെ സഹായിയായ മുകേഷ് ശര്‍മയില്‍ നിന്നും ക്രൂരമായ ആക്രമണം നേരിടേണ്ടിവന്നത്. ഇരുവരും ചേര്‍ന്ന് അഭിഷേകിന്റെയും വിനോദിന്റെയും ദേഹത്ത് വൈദ്യുതാഘാതമേല്‍പ്പിക്കുകയും നഖങ്ങള്‍ പിഴുതെടുക്കുകയും ചെയ്‌തെന്നാണ് പരാതി. അഭിഷേകും വിനോദും രാജസ്ഥാനിലെ ഭില്‍വാര സ്വദേശികളാണ്.


ഐസ്‌ക്രീം ഫാക്ടറിയില്‍ കരാര്‍ വഴിയാണ് ഇവര്‍ക്ക് ജോലി ലഭിച്ചത്. കോര്‍ബ ജില്ലയിലെ ഖപ്രഭട്ടിയിലാണ് ഛോട്ടു ഗുര്‍ജാറിന്റെ ഉടമസ്ഥതയിലുളള ഐസ്‌ക്രീം ഫാക്ടറിയുളളത്. ഏപ്രില്‍ 14-നാണ് തൊഴിലുടമയായ ഛോട്ടുവും സഹായിയും ചേര്‍ന്ന് അഭിഷേകിനെയും വിനോദിനെയും മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി ആക്രമിച്ചത്. ഇവരെ വിവസ്ത്രരാക്കി നഖങ്ങള്‍ പറിച്ചെടുക്കുകയും വൈദ്യുതാഘാതമേല്‍പ്പിക്കുകയുമായിരുന്നു. ക്രൂരമായ ഈ ആക്രമണത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട ഇരുവരും സ്വദേശമായ രാജസ്ഥാനിലെത്തി. തുടര്‍ന്നാണ് ഗുലാബ്പുര പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പൊലീസ് കേസ് കോര്‍ബ പൊലീസ് സ്റ്റേഷന് കൈമാറി.


ഇരകളിലൊരാളായ അഭിഷേക് തന്റെ വാഹനത്തിന്റെ ഇഎംഐ അടയ്ക്കാനായി ഇരുപതിനായിരം രൂപ അഡ്വാന്‍സ് തൊഴിലുടമയായ ഛോട്ടു ഗുര്‍ജാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഛോട്ടു ഈ തുക നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് താന്‍ ജോലി ഉപേക്ഷിക്കാന്‍ പോവുകയാണെന്ന് അഭിഷേക് പറഞ്ഞു. ഇതില്‍ പ്രകോപിതനായാണ് ഛോട്ടു തങ്ങളെ ആക്രമിച്ചതെന്നാണ് അഭിഷേക് ഭാമ്പി പറയുന്നത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കോര്‍ബ സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പ്രമോദ് ദദ്‌സേന അറിയിച്ചു.

Content Highlights: employer pulls workers nails, gives electric shock alleging theft

dot image
To advertise here,contact us
dot image