ജമ്മു കശ്മീരിൽ വാഹന പരിശോധനയ്ക്കിടെ പ്രൊഫസറെ സൈന്യം അക്രമിച്ചെന്ന് പരാതി; അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് രജൗരിയിലെ ലാം എന്ന അതിർത്തി ​ഗ്രാമത്തിന് സമീപം പ്രൊഫസർ ലിഖായത്ത് അലിയ്ക്കെതിരെ ആക്രമണം നടന്നതായി ആരോപണം ഉയർന്നത്

dot image

ജമ്മു കശ്മീർ: വാഹന പരിശോധനയ്ക്കിടെ സൈന്യം തന്നെ ആക്രമിച്ചതായുള്ള സർവകലാശാല പ്രൊഫസർ പ്രൊഫസർ ലിയാഖത്ത് അലിയുടെ ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സൈന്യം. കണ്ടാലറിയാവുന്ന സൈനിക ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥ‍‍ർ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് രജൗരിയിലെ ലാം എന്ന അതിർത്തി ​ഗ്രാമത്തിന് സമീപം പ്രൊഫസർ ലിഖായത്ത് അലിയ്ക്കെതിരെ ആക്രമണം നടന്നതായി ആരോപണം ഉയർന്നത്. ആക്രമണത്തിൽ പ്രൊഫസർ ലിഖായത്ത് അലിയുടെ തലയ്ക്ക് പരിക്കേറ്റ് ചോരയൊലിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധവുമായി മുൻ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തി രം​ഗത്ത് എത്തിയിരുന്നു. അസ്വീകാര്യവും ധിക്കാരപരവുമായ പെരുമാറ്റത്തിലൂടെ അത്തരം വ്യക്തികൾ ഒരു ബഹുമാന്യ സ്ഥാപനത്തിന്റെ സൽപ്പേരിന് കളങ്കം വരുത്തുന്നു എന്നായിരുന്നു മെഹബൂബയുടെ പ്രതികരണം.

സംഭവത്തിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് സൈന്യം അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 'രജൗരി ജില്ലയിൽ ചില വ്യക്തികളെ സൈനിക ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്തതായി പരാതിയുണ്ട്. ഈ സെൻസിറ്റീവ് പ്രദേശത്ത് ഒരു വാഹനത്തിൽ തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് സൈന്യത്തിന് സൂചനകൾ ലഭിച്ചിരുന്നു. അതനുസരിച്ച്, തിരച്ചിൽ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. ഇത്തരത്തിൽ വാഹനങ്ങൾ തടഞ്ഞപ്പോൾ, ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികരിൽ നിന്ന് ആയുധങ്ങൾ തട്ടിയെടുക്കാൻ പ്രസ്തുത വ്യക്തി ശ്രമിച്ചുവെന്നും സൈനികരുമായി അയാൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടുവെന്നുമാണ് പ്രാഥമിക വിവരം എന്നായിരുന്നു സൈനികവൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്തായാലും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഏതെങ്കിലും ഉദ്യോഗസ്ഥർ മോശം പെരുമാറ്റത്തിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ, നിലവിലുള്ള നിയമമനുസരിച്ച് കർശന നടപടി സ്വീകരിക്കുമെന്നും സൈനിക വൃത്തങ്ങൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സെൻസിറ്റീവ് പ്രദേശത്ത് കൂട്ടായതും സമഗ്രവുമായ സുരക്ഷയ്ക്കായി ഇന്ത്യൻ സൈന്യവുമായി സഹകരിക്കാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും അഭ്യർത്ഥിക്കുന്നുവെന്നും സൈന്യം പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്.

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 126(2) പ്രകാരം തെറ്റായി തടഞ്ഞുവയ്ക്കൽ, 115(2) പ്രകാരം - സ്വമേധയാ പരിക്കേൽപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട എഫ്‌ഐആർ നൗഷേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നു. കണ്ടാലറിയുന്ന സൈനിക ഉദ്യോഗസ്ഥർക്കെതിരെ സമഗ്രമായ അന്വേഷണത്തിനായി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഒരു കാരണവുമില്ലാതെ തന്നെ 'ആക്രമിച്ചു' എന്ന് ആരോപിച്ച് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെ (ഇഗ്നോ) പ്രൊഫസറായ ലിയാഖത്ത് അലി എക്സിൽ പേസ്റ്റ്പ ങ്കുവെയ്ക്കുകയായിരുന്നു. 'എൻ്റെ മുഴുവൻ കുടുംബവും സൈന്യത്തിലാണ്. ഞാൻ എപ്പോഴും അതിൽ അഭിമാനിക്കുന്നു. യൂണിഫോമിലും സേവനത്തിലും ത്യാഗത്തിലും അഭിമാനിക്കുന്നു. എന്നാൽ ഇന്ന് ഞാൻ അനുഭവിച്ചത് ആ അഭിമാനത്തെ മുഴുവൻ ഉലച്ചു. ഒരു കാരണവുമില്ലാതെ, ഒരു ചോദ്യവുമില്ലാതെ, എന്നെ ആക്രമിച്ചു. ഒരിക്കൽ ഞാൻ അന്ധമായി വിശ്വസിച്ചിരുന്ന ആളുകൾ തന്നെ ആയുധം കൊണ്ട് തലയിൽ അടിച്ചു,' എന്നായിരുന്നു അലിയുടെ പോസ്റ്റ്. തലയിൽ നിന്ന് രക്തം വാർന്നൊഴുകുന്ന ചിത്രവും പോസ്റ്റിനൊപ്പം അലി പങ്കുവെച്ചിരുന്നു. സൈനികർ വന്ന് ഐഡന്റിറ്റി ആവശ്യപ്പെട്ടപ്പോൾ താൻ വാഹനത്തിനുള്ളിൽ ഇരിക്കുകയായിരുന്നുവെന്നും തിരിച്ചറിയൽ കാർഡ് കാണിക്കാൻ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സൈനികർ ആയുധങ്ങൾ ഉപയോ​ഗിച്ച് അടിക്കാൻ തുടങ്ങുകയായിരുന്നു എന്നാണ് പിന്നീട് പ്രൊഫസർ ലിഖായത്ത് അലി മാധ്യമങ്ങളോട് പ്രതികരിച്ചത്.

Content Highlights: University Professor Claims Assault By Troops In Rajouri, Indian Army Orders Probe

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us