
ന്യൂഡല്‍ഹി: ഗുജറാത്തിന് ശേഷം ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ രാജസ്ഥാനിലെ പാര്‍ട്ടി സംഘടന ശക്തിപ്പെടുത്താനുള്ള നീക്കം ആരംഭിച്ച് കോണ്‍ഗ്രസ്.ഏപ്രില്‍ 28ന് ജയ്പൂരില്‍ നടക്കുന്ന ബൂത്ത് തല ഏജന്റുമാരുടെ കണ്‍വെന്‍ഷനില്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉദ്ഘാടനം ചെയ്യും. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ കണ്ടെത്തുകയും അവ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരോട് ചൂണ്ടിക്കാട്ടുകയും വേണമെന്ന് നേരത്തെ ഖര്‍ഗെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു.
കണ്‍വെന്‍ഷന് മുമ്പ് വോട്ടര്‍ പട്ടികയെ കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാനത്തെ പാര്‍ട്ടി ശേഖരിച്ചിട്ടുണ്ട്. അഹമ്മദാബാദില്‍ നടന്ന എഐസിസി സമ്മേളനത്തിന് മുമ്പായി സംസ്ഥാനത്ത് പുതിയ ഡിസിസി അദ്ധ്യക്ഷന്‍മാരെ തിരഞ്ഞെടുത്തിരുന്നു. അതിന് ശേഷം ബ്ലോക്ക്, മണ്ഡലം തലങ്ങളിലും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തിരുന്നു. അതിന് ശേഷമാണ് ബൂത്ത് ഏജന്റുമാരെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്.
2023ലെ നിയമസഭ തിരഞ്ഞെടുപ്പിലും 2024 ലോക്‌സഭ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്രയില്‍ നടത്തുപോലെ ക്രമക്കേടുകള്‍ നടന്നെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. ഇപ്പോള്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്. അത് കൊണ്ട് ഈ വിഷയത്തില്‍ ജാഗ്രത പാലിക്കാനാണ് ബൂത്ത് ഏജന്റുമാരെ പരിശീലിപ്പിക്കുന്നതെന്നും അവര്‍ പറയുന്നു.