
ഡിയോറിയ: കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഡിയോറിയയില്‍ സ്യൂട്ട്‌കേസിനുളളില്‍ കഷ്ണങ്ങളാക്കിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഈ മൃതദേഹം സംബന്ധിച്ച അന്വേഷണത്തിനൊടുവില്‍ പൊലീസ് എത്തിച്ചേര്‍ന്നത് അതിക്രൂരമായ കൊലപാതക പദ്ധതിയിലേക്കാണ്. ഇന്നലെയാണ് (ഞായറാഴ്ച്ച) ഡിയോറിയയിലെ പക്കാരി ചാപ്പര്‍ പട്ഖൗളി ഗ്രാമത്തിലെ ഒരു വയലില്‍ കര്‍ഷകര്‍ ട്രോളി സ്യൂട്ട്‌കേസ് കണ്ടത്. അസ്വാഭാവികത തോന്നിയ കർഷകർ ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്യൂട്ട്‌കേസ് തുറന്നു പരിശോധിച്ചപ്പോള്‍ കണ്ടത് പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ കഷ്ണങ്ങളാക്കിയ നിലയിലുളള മൃതദേഹമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.
പത്തുദിവസം മുന്‍പ് ദുബായില്‍ നിന്നെത്തിയ നൗഷാദ് അഹമ്മദ് എന്നയാളുടെ മൃതദേഹമായിരുന്നു സ്യൂട്ട്‌കേസിലുണ്ടായിരുന്നത്. ക്രൂരമായ കൊലപാതകം നടത്തിയത് ഭാര്യ റസിയ സുല്‍ത്താനയും നൗഷാദിന്റെ പെങ്ങളുടെ മകന്‍ റോമനും ചേര്‍ന്നായിരുന്നു. റസിയയും റോമനും തമ്മിലുളള ബന്ധത്തിന് നൗഷാദ് തടസമാകുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
പൊലീസിന് മൃതദേഹം കണ്ട് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മൃതദേഹമുണ്ടായിരുന്ന സ്യൂട്ട്‌കേസ് കേസില്‍ വഴിത്തിരിവായി. തവിട്ട് നിറത്തിലുളള സ്യൂട്ട്‌കേസില്‍ വിമാനത്താവളത്തിലെ ബാര്‍കോഡ് ഉണ്ടായിരുന്നു. വിമാനത്താവളത്തിലെ അധികൃതരുമായി ബന്ധപ്പെട്ട് പൊലീസ് സ്യൂട്ട്‌കേസിന്റെ ഉടമയെ കണ്ടെത്തി. നൗഷാദ് അഹമ്മദ് എന്ന മുപ്പത്തിയെട്ടുകാരനാണ് കൊല ചെയ്യപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി നൗഷാദിന്റെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ റസിയ ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിനുമുന്നില്‍ പൊട്ടിക്കരഞ്ഞു. എന്നാല്‍ പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറകളുളള മറ്റൊരു സ്യൂട്ട്‌കേസു കൂടി കണ്ടെത്തി. ഇതോടെ റസിയയുടെ വാദം പൊളിയുകയായിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ റസിയ സുല്‍ത്താന കുറ്റം സമ്മതിച്ചു.
റോമനും റസിയയും ബന്ധത്തിലായിട്ട് ദീര്‍ഘനാളായിരുന്നു. ഒരുവര്‍ഷം മുന്‍പ് നാട്ടിലെത്തിയ നൗഷാദ് ബന്ധം അറിഞ്ഞു. തുടര്‍ന്ന് ഗ്രാമമുഖ്യര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയും ഇനി റോമനുമായി ബന്ധം തുടരില്ലെന്ന് റസിയ വാക്കു നല്‍കുകയുമായിരുന്നു. എന്നാല്‍ നൗഷാദ് ദുബായിലേക്ക് മടങ്ങിയതോടെ ഇവര്‍ വീണ്ടും ബന്ധം ആരംഭിച്ചു. നൗഷാദ് തങ്ങളുടെ ബന്ധത്തിന് തടസമാകുമെന്ന് കണ്ടാണ് കൊലപാതകം നടത്തിയതെന്നാണ് റസിയ പൊലീസിന് മൊഴി നല്‍കി. റോമന്റെ സുഹൃത്ത് ഹിമാന്‍ഷുവും സഹായത്തിനുണ്ടായിരുന്നു. കൊലപാതകശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി 55 കിലോമീറ്റര്‍ അകലെയുളള വയലില്‍ തളളിയത് ഹിമാന്‍ഷുവാണ്. റോമനും ഹിമാന്‍ഷുവും നിലവില്‍ ഒളിവിലാണ്. പൊലീസ് ഇവര്‍ക്കായുളള അന്വേഷണം ആരംഭിച്ചു.
Content Highlights: wife and nephew murdered husband in uttarpradesh deoria suitcase reveal truth