
ഹൈദരാബാദ്: തെലുങ്ക് നടൻ മഹേഷ് ബാബുവിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. റിയൽ എസ്റ്റേറ്റ് സ്ഥാപനമായ സുരാന ഗ്രൂപ്പും അനുബന്ധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് നോട്ടീസ്. പരസ്യത്തിനും പ്രമോഷനുമായി കോടികൾ വാങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഏപ്രില്‍ 27 ഞായറാഴ്ച ചോദ്യം ചെയ്യലിനായി ഹൈദരാബാദ് ഓഫീസില്‍ ഹാജരാകാണമെന്ന് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനങ്ങളുടെ പരസ്യങ്ങളിൽ മഹേഷ് ബാബു പങ്കെടുത്തിരുന്നു. ഇതിനായി 5.9 കോടി രൂപ മഹേഷ് ബാബു കൈപ്പറ്റിയെന്നും, അതിൽ 3.4 കോടി രൂപ ചെക്കായും 2.5 കോടി പണമായും നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായാണ് റിപ്പോർട്ട്.
നിയമപ്രകാരമുള്ള പരിധിയെ മറികടന്ന് വലിയ തുക പണമായി സ്വീകരിച്ചതിനാണ് ഇഡിയുടെ ചോദ്യംചെയ്യൽ. സുരാന ഗ്രൂപ്പിന്റെ അനുബന്ധ കമ്പനികളായ സായ് സൂര്യ ഡെവലപ്പേഴ്‌സ്, ഭാഗ്യനഗർ പ്രോപ്പർട്ടീസ് എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ഏജൻസി ഉദ്യോഗസ്ഥർ 100 കോടി രൂപയുടെ നിയമവിരുദ്ധ ഇടപാടുകൾ കണ്ടെത്തുകയും 74.5 ലക്ഷം രൂപ പണമായി പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: ED issues notice to Mahesh Babu in money laundering case