
കർണാടക: മുൻ ഡിജിപി ഓം പ്രകാശിനെ ഭാര്യ പല്ലവി കൊലപ്പെടുത്തിയത് കൃത്യമായി ആസൂത്രണം ചെയ്ത ശേഷമെന്ന് നിഗമനം. എങ്ങനെ കൊലപ്പെടുത്തണം എന്നതടക്കമുള്ള കാര്യങ്ങൾ ഗൂഗിളിൽ അടക്കം തിരഞ്ഞ ശേഷമാണ് പല്ലവി ക്രൂരകൃത്യം ചെയ്തത് എന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
കഴുത്തിലെ ഞരമ്പ് എങ്ങനെ മുറിക്കണം എന്നതടക്കമുള്ള കാര്യങ്ങൾ പല്ലവി ഗൂഗിളിൽ തിരഞ്ഞിരുന്നു. ഗൂഗിൾ സെർച്ച് വിവരങ്ങൾ പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. കൊലപാതകത്തിൽ കുറ്റബോധമില്ല എന്നും വർഷങ്ങളായി താൻ ഗാർഹിക പീഡനം അനുഭവിച്ചു വരികയാണെന്നും പല്ലവി പൊലീസിനോട് പറഞ്ഞു. മാനസിക രോഗിയായി ഭർത്താവും മകനും തന്നെ ചിത്രീകരിച്ചു. ഓം പ്രകാശ് തന്നെ റിവോൾവർ ചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ബന്ധുക്കളിൽ നിന്നകറ്റുകയും വൈരാഗ്യം മൂർച്ഛിച്ചത് സ്വത്തു വിഭജനത്തോടെയാണെന്നും പല്ലവി പൊലീസിനോട് പറഞ്ഞു.
അതേസമയം, കൊല്ലപ്പെട്ട ഓം പ്രകാശ് ഐപിഎസിൻ്റെ മകൾ കൃതിയെ നിംഹാൻസിലേക്ക് മാറ്റിയിരിക്കുകയാണ്. മകളുടെ മാനസികാരോഗ്യ നില പരിശോധിക്കാനാണ് പൊലീസ് നീക്കം. കൃതിയെ പ്രതി ചേർത്തിരുന്നെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൃതിക്ക് കൊലപാതകത്തിൽ പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം.
അമ്മയും സഹോദരിയും മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നെന്ന് മകൻ കാർത്തികേഷ് മൊഴി നൽകിയിട്ടുണ്ട്. നിലവിൽ പല്ലവി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസന്വേഷണം പൊലീസ് സെൻട്രൽ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
അതേസമയം, ഓം പ്രകാശിൻ്റെ മരണത്തിൽ ഭാര്യ പല്ലവിയുടെ വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഓം പ്രകാശ് കൊല്ലപ്പെടുന്നതിന് മുൻപ് അയച്ചിരുന്ന സന്ദേശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സന്ദേശത്തിൽ തന്നെ നിരന്തരമായി ഭർത്താവ് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിക്കുന്നതായി പറയുന്നുണ്ട്. താനും തൻ്റെ മകളും ഭീതിയോടെയാണ് ജീവിക്കുന്നതെന്നും മകളെ തനിക്ക് രക്ഷിക്കണമെന്നും പറഞ്ഞുള്ള സന്ദേശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാൽ മാനസിക പ്രശ്നങ്ങൾ നേരിടുന്നയാളാണ് പല്ലവിയെന്നാണ് പൊലീസ് കണ്ടെത്തൽ.
എൻ്റെ ഭർത്താവിനെതിരെ അടിയന്തര നടപടിയെടുക്കണം, അയാളുടെ പക്കലുള്ള റിവോൾവർ പിടിച്ചെടുക്കണം. ഞാൻ ബന്ദിയാണ്. ഓം പ്രകാശിൻ്റെ ഏജറ്റുമാരുടെ നിരീക്ഷണത്തിലാണെന്നും പല്ലവി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. താനും തൻ്റെ മകൾ കൃതിയും ബുദ്ധിമുട്ടുകയാണെന്നും ഓംപ്രകാശ് തങ്ങൾക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നൽകുകയാണെന്നും പല്ലവി അവകാശപ്പെടുന്നു. നെയ്യും നാരങ്ങയും ഉപയോഗിച്ചാണ് തങ്ങൾ ശരീരം വിഷമുക്തമാക്കുന്നതെന്നും പല്ലവി അവകാശപ്പെടുന്നു. എന്നാൽ പല്ലവി സ്‌കീസോഫ്രീനിയ രോഗിയാണെന്ന് വെളിപ്പെടുത്തലുമായി മകൻ കാർത്തികേഷ് രംഗത്തെത്തിയിരുന്നു.
content Highlights: pallavi, wife of died former dgp, planned his execution