
കശ്മീർ : ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കർണാടക സ്വദേശിയും ഉണ്ടെന്ന് റിപ്പോർട്ട്. ശിവമോഗയിൽ നിന്ന് വിനോദയാത്ര പോയ മഞ്ജുനാഥ് റാവുവാണ് ( 47 ) കൊല്ലപ്പെട്ടത്. ഭാര്യ പല്ലവിക്കും കുഞ്ഞിനുമൊപ്പം മൂന്നു ദിവസം മുൻപായിരുന്നു മഞ്ജുനാഥ് റാവു കശ്മീരിൽ എത്തിയത്.
മരണവിവരം കേന്ദ്രസർക്കാർ അറിയിച്ചതായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു. മഞ്ജുനാഥിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചെന്ന് ഡി കെ ശിവകുമാർ വ്യക്തമാക്കി. കശ്മീരിൽ കുടുങ്ങിക്കിടക്കുന്ന കന്നഡിഗരുടെ വിവരങ്ങൾ ശേഖരിക്കാനും ഉപമുഖ്യമന്ത്രി നിർദ്ദേശം നൽകി. ഇതിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി ഡികെ ശിവകുമാർ അറിയിച്ചു.
അതേ സമയം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. കൃത്യത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ല എന്ന് മോദി എക്സിൽ കുറിച്ചു. ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകവും അപലപനീയമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എക്സിൽ കുറിച്ചു. ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. അമിത് ഷാ ജമ്മു കശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്.
ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതിനോടകം തന്നെ ദി റെസിസ്റ്റൻ്റ് ഫ്രണ്ട് രംഗത്ത് വന്നിട്ടുണ്ട്. രാജസ്ഥാനിൽനിന്നുള്ള വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്.ആക്രമണത്തിൽ 27 പേർ മരിച്ചതായാണ് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധിപ്പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. പ്രദേശത്ത് മലയാളികൾ കുടുങ്ങി കിടക്കുന്നതായും വിവരമുണ്ട്. പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
content highlights : Karnataka native was also killed in the Pahalgram terror attack