
ന്യൂഡൽഹി: പാകിസ്താന് മുന്നറിയിപ്പുമായി കരുത്ത് കാണിച്ച് ഇന്ത്യൻ വ്യോമസേനയുടെ അഭ്യാസപ്രകടനം 'ആക്രമണ്‍'. പർവതപ്രദേശങ്ങളിലും കരപ്രദേശങ്ങളിലും ഇന്ത്യയുടെ ആക്രമണ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പരിശീലനമാണ് ഇന്ന് സെൻട്രൽ സെക്ടറിൽ നടന്നത്.
സെന്‍ട്രൽ കമാന്‍ഡിൽ റഫാൽ, സുഖോയ് യുദ്ധവിമാനങ്ങള്‍ അണിനിരത്തിയാണ് ഇന്ത്യ വ്യോമാഭ്യാസം നടത്തിയത്. നാവികസേന യുദ്ധ കപ്പലായ ഐഎൻഎസ് സൂറത്തിൽ നിന്ന് മിസൈൽ പരിശീലനവും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ദീർഘദൂര ആക്രമണ ദൗത്യങ്ങൾക്കും ശത്രു കേന്ദ്രങ്ങൾക്കെതിരായ മിന്നൽ ആക്രമണങ്ങൾക്കും സജ്ജമെന്ന് പ്രതിരോധവൃത്തങ്ങൾ അറിയിച്ചു.
ഒപ്പം വിവിധ വ്യോമതാവളങ്ങളില്‍ നിന്നുള്ള സംവിധാനങ്ങളെ ഏകോപിപ്പിച്ചെന്നും പ്രതിരോധവൃത്തങ്ങള്‍ വ്യക്തമാക്കി. ആക്രമണം എന്നർത്ഥം വരുന്ന 'ആക്രമൺ' എന്ന ഹിന്ദി പദത്തിൽ നിന്നാണ് വ്യോമാഭ്യാസത്തിന് പേര് ലഭിച്ചത്. വരും മാസങ്ങളിൽ കൂടുതൽ അഭ്യാസങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
പഞ്ചാബിലെ അംബാലയിലും പശ്ചിമ ബംഗാളിലെ ഹാഷിമാരയിലും ഇന്ത്യൻ വ്യോമസേന രണ്ട് റാഫേൽ സ്ക്വാഡ്രണുകളെ വിന്യസിച്ചിട്ടുണ്ട്. പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പാകിസ്താന് മുന്നറിയിപ്പെന്ന രീതിയിൽ ഇന്ത്യ വ്യോമാഭ്യാസപ്രകടനം സംഘടിപ്പിച്ചത്.
content highlights : Air Force conducts drills simulating attacks on mountain, ground targets