'പപ്പ എവിടെയാണെന്ന് മകൻ ചോദിക്കും, എന്ത് പറയണമെന്നറിയില്ല'; പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബിതാൻ്റെ ഭാര്യ

'അവന്‍റെ അച്ഛൻ എന്നെന്നേക്കുമായി പോയി എന്ന് എങ്ങനെ പറയണമെന്ന് തനിക്കറിയില്ലയെന്ന്' അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു

dot image

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊൽക്കത്ത സ്വദേശി ബിതാൻ അധികാരിയുടെ മകൻ്റെ ചോദ്യത്തിന് മറുപടി നൽകാൻ കഴിയാതെ വിതുമ്പുകയാണ് ബിതാന്റെ ഭാര്യ. 'അവൻ ഉണരുമ്പോൾ എൻ്റെ കൈ പിടിച്ചുകൊണ്ട് അച്ഛൻ എവിടെ? എന്ന് അന്വേഷിക്കുന്നു. അവന്‍റെ അച്ഛൻ എന്നെന്നേക്കുമായി പോയി എന്ന് എങ്ങനെ പറയണമെന്ന് എനിക്കറിയില്ല', അദ്ദേഹത്തിന്റെ ഭാര്യ പറയുന്നു.

'ഞങ്ങൾ പഹൽഗാം സന്ദർശിക്കാൻ എത്തിയപ്പോൾ എവിടെ നിന്നാണെന്ന് അവർ ചോദിച്ചു, പിന്നീട് പുരുഷന്മാരെ വേർതിരിച്ചു, അവരുടെ മതം ചോദിച്ചു, അവരെ ഓരോരുത്തരെയായി വെടിവെച്ചു. എൻ്റെ ഭർത്താവ് ഞങ്ങളുടെ കുട്ടിയുടെ മുന്നിൽ വെച്ച് കൊല്ലപ്പെട്ടുവെന്ന് ഞാൻ എങ്ങനെ അവനോട് വിശദീകരിക്കും. എൻ്റെ മകനോട് അവൻ്റെ അച്ഛൻ ഒരിക്കലും തിരിച്ചുവരാത്തതിൻ്റെ കാരണം ആരെങ്കിലും പറഞ്ഞുകൊടുക്കണമെന്ന് ആഗ്രഹിക്കുന്നു', ബിതാന്‍റെ ഭാര്യ പറഞ്ഞു.

അവധിക്കാലം ചെലവഴിക്കാൻ ജമ്മു കശ്മീരിലെത്തിയതാണ് ബിതാൻ അധികാരി. പശ്ചിമ ബംഗാൾ സ്വദേശിയായ ബിതാൻ ഏതാനും വർഷങ്ങൾക്ക് മുമ്പ് കുടുംബത്തോടൊപ്പം ഫ്ലോറിഡയിൽ സ്ഥിരതാമസമാക്കിയിരുന്നു. ഏപ്രിൽ എട്ടിന് ബന്ധുക്കളെ കാണാൻ കൊൽക്കത്തയിലേക്ക് മടങ്ങിയ അദ്ദേഹം അവിടെ നിന്നാണ് കുടുംബത്തോടൊപ്പം കശ്മീരിൽ എത്തിയത്. കുടുംബമായി സന്തോഷകരമായ ഒരു അവധിക്കാലം ആഘോഷിക്കുക എന്നതായിരുന്നു കശ്മീരിൽ എത്തുമ്പോൾ അവരുടെ ല‍‍ക്ഷ്യം. ഏപ്രിൽ 16നായിരുന്നു കുടുംബം കശ്മീരിലേക്ക് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. ഏപ്രിൽ 24 ന് തിരിച്ചുവരാനിരിക്കെയാണ് ഭീകരരുടെ ആക്രമണത്തിൽ ബിതാൻ അധികാരിയ്ക്ക് ജീവൻ നഷ്ടമായത്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. പ്രദേശത്തുണ്ടായിരുന്ന ടൂറിസ്റ്റുകള്‍ക്ക് നേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നിറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 26 പേർക്കാണ് ആക്രമണത്തിൽ ജീവൻ നഷ്ടമായത്. കൊല്ലപ്പെട്ടവരിൽ ഇടപ്പള്ളി സ്വദേശിയുമുണ്ടായിരുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. ലഷ്‌കര്‍ നേതാവ് സെയ്ഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന വിവരം.

Content Highlight: The son will ask 'where is papa'; Bitan's wife, who was killed in the terrorist attack, could not answer

dot image
To advertise here,contact us
dot image