സിക്കിമില്‍ കനത്ത മഴയും മണ്ണിടിച്ചിലും; ആയിരത്തോളം വിനോദസഞ്ചാരികള്‍ കുടുങ്ങിയതായി റിപ്പോർട്ട്

മുന്‍ഷിതാങിലെ ലാചെന്‍ ചുങ്താങ് റോഡിലും ലാച്ചുങ് ചുങ്താങ് റോഡിലും വന്‍ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്

dot image

ഗാങ്‌ടോക്: സിക്കിമില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ആയിരത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. വടക്കന്‍ സിക്കിമിലാണ് മണ്ണിടിച്ചിലുണ്ടായതെന്നും ഇത് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചെന്നും അധികൃതര്‍ അറിയിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വെളളം കയറി അവശിഷ്ടങ്ങള്‍ നിറഞ്ഞ് തകര്‍ന്ന റോഡുകളുടെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. വാഹനങ്ങള്‍ മണ്ണിനടിയില്‍ കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.


'മുന്‍ഷിതാങിലെ ലാചെന്‍ ചുങ്താങ് റോഡിലും ലാച്ചുങ് ചുങ്താങ് റോഡിലും വന്‍ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. വടക്കന്‍ സിക്കിമില്‍ കനത്ത മഴ തുടരുകയാണ്. ചുങ്താങിലേക്കുളള റോഡ് തുറന്നിട്ടുണ്ട് പക്ഷെ കനത്ത മഴ മൂലം അവിടെ പ്രവേശിക്കാന്‍ കഴിയില്ല. അതുകൊണ്ട് വടക്കന്‍ സിക്കിമിലേക്കുളള യാത്രയ്ക്കും ഗതാഗതത്തിനും പെര്‍മിറ്റ് നല്‍കാനാകില്ല. വിനോദസഞ്ചാരികള്‍ക്ക് നല്‍കിയിരുന്ന എല്ലാ പെര്‍മിറ്റുകളും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി റദ്ദാക്കിയിട്ടുണ്ട്'-മംഗന്‍ ജില്ലാ പൊലീസ് മേധാവി സോനം ഡെച്ചു ഭൂട്ടിയ പറഞ്ഞു.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വടക്കന്‍ സിക്കിമിലേക്ക് വിനോദസഞ്ചാരികളെ അയയ്ക്കരുതെന്ന് ജില്ലാ ഭരണകൂടം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


മണ്ണിടിച്ചിലിനെ തുടര്‍ന്ന് ആയിരത്തോളം വിനോദസഞ്ചാരികള്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ചുങ്താങ്ങില്‍ ഇരുന്നൂറോളം ടൂറിസ്റ്റ് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. യാത്രക്കാര്‍ അവിടെയുളള ഒരു ഗുരുദ്വാരയില്‍ താമസിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

സിക്കിമിന്റെ തലസ്ഥാന നഗരമായ ഗാങ്‌ടോക്കില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെയാണ് ചുങ്താങ്. വടക്കന്‍ സിക്കിമിലെ ലാച്ചെന്‍, ലാച്ചുങ്, യംതാങ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ടൂറിസ്റ്റ് റൂട്ടുകളെ മണ്ണിടിച്ചില്‍ കാര്യമായി ബാധിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും കനത്ത മഴ തുടരുന്നത് ആശങ്കയുയര്‍ത്തുന്നു. സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതുവരെ പ്രദേശവാസികളും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ നിർദേശം നല്‍കിയിട്ടുണ്ട്.

Content Highlights: 1000 tourists stranded after massive landslide in sikkim

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us