
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടുന്നുവെന്നും ഇത് ചർച്ച ചെയ്യപ്പെടേണ്ട കാര്യമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആക്രമികൾക്കെതിരെ കടുത്ത നിലപാടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പഹൽഗാം ആക്രമണത്തിൽ മരിച്ചവരുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നു. ഭൂരിപക്ഷ വർഗീയതയെ പോലെയാണ് ന്യൂനപക്ഷ വർഗീയതയും. ആർട്ടിക്കിൾ 370 വകുപ്പ് എടുത്ത് മാറ്റുന്നതിനെതിരെ സിപിഐഎം കടുത്ത നിലപാടെടുത്തിരുന്നു. ഭീകരവാദ നിലപാടുകൾക്കെതിരെ രാജ്യം ഒറ്റകെട്ടായി നിൽക്കണം. മുസ്ലിം-ഹിന്ദു തർക്കം എന്നത് അപലപിക്കേണ്ട ഒന്നാണ്. ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്. എല്ലാവരും ഒരുമിച്ചാണ് പ്രകടനം നടത്തിയത്. ജമാഅത്തെ ഇസ്ലാമി മാത്രമാണ് വിട്ടുനിന്നത്. കശ്മീർ പ്രശ്നത്തിന്റെ പേരിൽ വർഗീയ പ്രചാരണം നടക്കുന്നത് തിരിച്ചറിയണമെന്നും ഏതെങ്കിലും ഒരു മതത്തെ മാത്രം കുറ്റപ്പെടുത്തുന്നത് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ മാസം 29, 30 തീയതികളിൽ ഏരിയകളില്‍ ഭീകരവാദത്തിനെതിരെ സദസുകൾ സംഘടിപ്പിക്കും. ബിജെപിക്ക് സ്വാതന്ത്ര്യസമര സേനാനികളില്ലെന്നും ചേറ്റൂർ ശങ്കരൻ നായരെ ബിജെപിയാക്കാൻ ശ്രമം നടക്കുന്നുവെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ വിജയ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ എം വി ഗോവിന്ദൻ നിലമ്പൂരിൽ പുതിയ മോഡൽ ഉണ്ടാകുമെന്നും വ്യക്തമാക്കി. അൻവറിനെ എൽഡിഎഫ് പുറത്താക്കി. യുഡിഎഫ് മാത്രമാണ് ഇനി അൻവറിന്റെ മാർഗം. എൽഡിഎഫിൽ ഒരാൾ പോലും അൻവറിന് ഒപ്പമില്ലെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, ജമ്മുകശ്‌മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് സിപിഐ രംഗത്തെത്തി. സുരക്ഷാ വീഴ്ചയും ഇൻ്റലിജൻ്റ്സ് വീഴ്ചയും ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഈ ഭീകരാക്രമണം ഇന്ത്യയും മറ്റ് അയൽ രാജ്യങ്ങളും തമ്മിലെ അതിർത്തിയിലെ സംഘർഷാവസ്ഥ വർധിപ്പിക്കാൻ കാരണമാകരുതെന്നും സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു.
ഭീകരാക്രമണം എങ്ങനെ ഉണ്ടായി എന്നത് ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും വിശദീകരിക്കണം. ഒരിക്കലും ഒരിടത്തും ഉണ്ടാകാൻ പാടില്ലാത്തതാണിത്. കശ്മീരിലെ മതസൗഹാർദ്ദവും സമാധാന അന്തരീക്ഷവും നിലനിർത്തുക എന്നത് ഏറ്റവും പ്രധാനമാണ്. ഭീകരാക്രമണത്തെ മതാടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുന്നതിന് വേണ്ടി ആർഎസ്എസ് ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ വിജയ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ എം വി ഗോവിന്ദൻ
നിലമ്പൂരിൽ പുതിയ മോഡൽ ഉണ്ടാകുമെന്നും വ്യക്തമാക്കി. അൻവറിനെ എൽഡിഎഫ് പുറത്താക്കി. യുഡിഎഫ് മാത്രമാണ് ഇനി അൻവറിന്റെ മാർഗം. എൽഡിഎഫിൽ ഒരാൾ പോലും അൻവറിന് ഒപ്പമില്ലെന്നും അദ്ദേഹം പരിഹസിച്ചു.
Content Highlights: MV Govindan said that many are pointing out that there was a security lapse in the Pahalgam attack