
ഡല്‍ഹി: ഏപ്രില്‍ 22-ന് ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. സുരക്ഷാവീഴ്ച്ചയുള്‍പ്പെടെ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനമുയരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. രാജ്യത്ത് തീവ്രവാദികളുടെ കടന്നുകയറ്റത്തിനെതിരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്രമോദി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
അന്നത്തെ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനുമെതിരെയായിരുന്നു നരേന്ദ്രമോദിയുടെ പ്രസംഗം. ധൈര്യമുണ്ടെങ്കില്‍ പ്രധാനമന്ത്രി തനിക്ക് ഉത്തരം നല്‍കണം, വിദേശമണ്ണില്‍ നിന്ന് വരുന്ന തീവ്രവാദികള്‍ക്ക് എവിടെ നിന്നാണ് ആയുധങ്ങള്‍ ലഭിക്കുന്നത് ? അതിര്‍ത്തികള്‍ പൂര്‍ണമായും നിങ്ങളുടെ ഉത്തരവാദിത്തത്തില്‍ അല്ലേ എന്നാണ് മോദി ചോദിക്കുന്നത്. 2012-ലെ പ്രസംഗമാണിത്.
'ബിഎസ്എഫും തീരദേശ സുരക്ഷയും നേവിയുമെല്ലാം നിങ്ങളുടെ കൈയിലല്ലേ? എന്നിട്ടും എങ്ങനെയാണ് തീവ്രവാദികള്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നത്? ആര്‍ ബി ഐ നിങ്ങളുടെ കൈയിലല്ലേ? എന്നിട്ടും തീവ്രവാദികള്‍ക്ക് പണം എങ്ങനെയാണ് ലഭിക്കുന്നത്? ആശയവിനിമയ സംവിധാനങ്ങള്‍ മുഴുവന്‍ കേന്ദ്രസര്‍ക്കാരിന്റെ കൈവശമല്ലേ? പിന്നെ എങ്ങനെയാണ് തീവ്രവാദികള്‍ ഫോണ്‍ വഴിയും ഇമെയില്‍ വഴിയും ആശയവിനിമയം നടത്തുന്നത്? എന്തുകൊണ്ട് നിങ്ങള്‍ക്ക് അത് തടയാനാവുന്നില്ല? വിദേശരാജ്യങ്ങളില്‍ നിന്ന് ഹവാല വഴി ഇന്ത്യയിലെ തീവ്രവാദികള്‍ക്ക് എത്തുന്ന ഫണ്ടിന്റെ ഒഴുക്ക് പ്രധാനമന്ത്രിക്ക് നിരീക്ഷിക്കാന്‍ പോലും കഴിയുന്നില്ലേ? തീവ്രവാദികള്‍ രാജ്യത്തെ ഇല്ലാതാക്കാന്‍ നോക്കുമ്പോള്‍ ഡല്‍ഹിയില്‍ ഇരിക്കുന്ന സര്‍ക്കാര്‍ ഇതൊന്നും കാണുന്നില്ലേ? അവര്‍ക്ക് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല'- എന്നാണ് നരേന്ദ്രമോദി പ്രസംഗത്തില്‍ പറഞ്ഞത്.
This is why CM Modi deserves respect. He's the only person in the country who can pose some pertinent questions to PM Modi. pic.twitter.com/12vK5cg7OD
— PunsterX (@PunsterX) April 24, 2025
2012-ല്‍ നരേന്ദ്രമോദി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ട്വിറ്ററിലുള്‍പ്പെടെ ചര്‍ച്ചയാകുന്നത്. 'പ്രധാനമന്ത്രിയോട് പ്രസക്തമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുന്ന ഒരേയൊരു വ്യക്തി അദ്ദേഹം തന്നെയാണ്' എന്നാണ് വീഡിയോ പങ്കുവെച്ച് നെറ്റിസണ്‍സ് പറയുന്നത്. 2014-ല്‍ ബിജെപി അധികാരത്തില്‍ വരികയും നരേന്ദ്രമോദി പ്രധാനമന്ത്രിയാവുകയും ചെയ്തു. 2014-ന് ശേഷം രാജ്യത്ത് പത്താന്‍കോട്ട്, ഉറി, പുല്‍വാമ തുടങ്ങിയ സ്ഥലങ്ങളില്‍ ഭീകരാക്രമണങ്ങളുണ്ടായി. സൈനികരടക്കം നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിരുന്നുവെന്നും നെറ്റിസണ്‍സ് ചൂണ്ടികാട്ടുന്നു.
Content Highlights: narendramodi old speech questioning manmohan singh govt on border security viral now