
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സുരക്ഷാ സേന രണ്ട് ഭീകരരുടെ കൂടി വീടുകൾ തകർത്തു. ലഷ്കർ ഇ ത്വയ്ബ ഭീകരനായ ജമീൽ അഹമ്മദിൻ്റെയും ജെയ്ഷെ മുഹമ്മദ് അംഗമായ അമീർ നസീറിൻ്റെയും വീടാണ് സുരക്ഷാ സേന തകർത്തത്. ഇതോടെ ഒൻപതോളം ഭീകരവാദികളുടെ വീടുകൾ സേന തകർത്തിട്ടുണ്ട്.
2016 മുതൽ ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബയിലെ അംഗമാണ് ജമീൽ അഹമ്മദ്. കഴിഞ്ഞ ദിവസമാണ് ജെയ്‌ഷ് ഇ മൊഹമ്മദ് ഭീകരനായ അഹ്സാൻ ഉൽ ഹക്കിൻ്റെയും ലഷ്കർ ഇ ത്വയ്ബ ഭീകരൻ ഹാരിസ് അഹമ്മദിൻ്റെയും വീടുകൾ സുരക്ഷ സേന തകർത്തത്. അഹ്‌സാൻ ഉൽ ഹക്ക് ജെയ്ഷെ മുഹമ്മദിന്റെ പുൽവാമയിലെ മുറാനിലെ വീടും, ഹാരിസ് അഹമ്മദിൻ്റെ പുൽവാമയിലെ കച്ചിപോറയിലെ വീടുമാണ് സുരക്ഷാ സേന തകർത്തത്.
ഇരുവർക്കും പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുള്ളതായി സുരക്ഷ സേന കണ്ടെത്തിയതിനെ തുടർന്നാണ് വീടുകൾ തകർത്തത്. പഹൽഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത കശ്മീരികളായ രണ്ട് ലഷ്കർ ഇ ത്വയ്ബ ഭീകരരുടെ വീടുകള്‍ പ്രാദേശിക ഭരണകൂടം തകർത്തിരുന്നു. തദ്ദേശീയരായ ആസിഫ് ഷെയ്ഖ്, ആദില്‍ ഹുസൈന്‍ തോക്കര്‍ എന്നിവരുടെ വീടുകൾ സ്ഫോടനത്തിലൂടെയാണ് പ്രാദേശിക ഭരണകൂടം തകർത്തത്.
ഭീകരരെ സഹായിക്കുന്നവരുടെ പട്ടികയും അന്വേഷണഏജൻസി തയ്യാറാക്കിയിട്ടുണ്ട്. കുപ്വാരയിലെ ഭീകരരുടെ ഒളിത്താവളം കഴിഞ്ഞ ദിവസം തകർത്തിരുന്നു. പിന്നാലെ എകെ 47 ഉൾപ്പടെ വൻ ആയുധ ശേഖരം സൈന്യം പിടിച്ചെടുത്തിരുന്നു.
ആക്രമണത്തിനു പിന്നാലെ ഭീകരരുടെ കുടുംബങ്ങള്‍ വീടുകള്‍ ഒഴിഞ്ഞുപോയി. പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത തദ്ദേശീയരായ ഭീകരര്‍ക്കെതിരേ കടുത്ത പ്രതിഷേധം സമീപവാസികളില്‍ നിന്നുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പ്രാദേശിക ഭരണകൂടത്തിന്റെ നീക്കം.
Content Highlights- Indian security forces again demolish terrorist houses in Kashmir, strict action against those providing assistance