നമ്മുടെ കശ്മീരാണ്, ഇവിടെ വരാന്‍ ഭയപ്പെടേണ്ടതില്ല; പഹല്‍ഗാം സന്ദര്‍ശിച്ച് നടന്‍ അതുല്‍ കുല്‍ക്കര്‍ണി

പഹല്‍ഗാം സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്

dot image

ശ്രീനഗര്‍: ഭീകരാക്രമണം നടന്ന ജമ്മു കശ്മീരിലെ പഹല്‍ഗാം സന്ദര്‍ശിച്ച് നടന്‍ അതുല്‍ കുല്‍ക്കര്‍ണി. കശ്മീര്‍ ഇന്ത്യയുടെ സ്വത്താണെന്നും അവിടെ പോകാന്‍ ആരും ഭയപ്പെടേണ്ടതില്ലെന്നും അതുല്‍ കുല്‍ക്കര്‍ണി പറഞ്ഞു. പഹല്‍ഗാം സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പഹല്‍ഗാമിലെ കടകളില്‍ നിന്ന് പ്രാദേശിക വിഭവങ്ങള്‍ ആസ്വദിക്കുന്നതിന്റെയും ഐ ലവ് പഹല്‍ഗാം എന്നെഴുതിയ ഫോട്ടോ ബൂത്തിനു മുന്നില്‍ നിന്ന് ചിത്രത്തിന് പോസ് ചെയ്യുന്നതിന്റെയും ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.


'കശ്മീര്‍ ഹിന്ദുസ്ഥാന്റെ സ്വത്താണ്. ധൈര്യം ഭയത്തേക്കാള്‍ ഒരുപാട് വലുതാണ്. ഇവിടെ സ്‌നേഹത്തിനു മുന്നില്‍ ഭയം തോല്‍ക്കുന്നു. നമുക്ക് കശ്മീരിലേക്ക് പോകാം. സിന്ധുവിന്റെയും ത്സലം നദിയുടെയും തീരങ്ങളിലേക്ക് പോകാം. ഞാന്‍ വന്നിരിക്കുന്നു. നിങ്ങളും വരണം'- എന്നാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

പഹല്‍ഗാം സന്ദര്‍ശിച്ചതിന് കടയുടമയായ കശ്മീര്‍ സ്വദേശി നടന് നന്ദിയും പറയുന്നുണ്ട്. 'താങ്കള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ പ്രയാസകരമായ സമയത്ത് കശ്മീരിലേക്ക് വന്നതിനും നമ്മള്‍ ഭയപ്പെടില്ലെന്ന് ശത്രുക്കള്‍ക്ക് കാണിച്ചുകൊടുത്തതിനും നന്ദി. ഒരുമിച്ചുനിന്ന് നമ്മള്‍ ഇതിനെ മറികടക്കും' എന്നാണ് നടന്റെ പോസ്റ്റിനു താഴെ കടയുടമ കുറിച്ചത്.


ലോകത്തിന് ഒരു സന്ദേശം നല്‍കാനാണ് താന്‍ പഹല്‍ഗാം സന്ദര്‍ശിച്ചതെന്ന് അതുല്‍ കുല്‍ക്കര്‍ണി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 'പഹല്‍ഗാമിലെ ഭീകരാക്രമണം രാജ്യത്തെയാകെ ദുഃഖത്തിലാഴ്ത്തി. കശ്മീരിലേക്കുളള 90 ശതമാനം ബുക്കിംഗുകളും റദ്ദാക്കിയെന്ന് വായിച്ചറിഞ്ഞു. കശ്മീരിലേക്ക് വിനോദസഞ്ചാരികള്‍ വരരുത് എന്നാണ് ഭീകരര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അത് നടക്കാന്‍ പോകുന്നില്ല. ഇത് നമ്മുടെ കശ്മീരാണ്. നമ്മുടെ രാജ്യമാണ്. നമ്മള്‍ ഇവിടെ വരും. ഭീകരരുടെ ആശയത്തിന് നമ്മള്‍ ഇങ്ങനെയാണ് മറുപടി നല്‍കേണ്ടത്. മുംബൈയില്‍ ഇരുന്നുകൊണ്ട് എനിക്കീ സന്ദേശം നല്‍കാനാകില്ലായിരുന്നു. അതുകൊണ്ടാണ് ഞാന്‍ പഹല്‍ഗാമിലേക്ക് വന്നത്. എനിക്ക് ഇവിടേക്ക് വരാമെങ്കില്‍ രാജ്യത്തെ ആര്‍ക്കും വരാം. നമ്മള്‍ ഇവിടെ വരണം. ഭയപ്പെടരുത്'-അതുല്‍ കുല്‍ക്കര്‍ണി കൂട്ടിച്ചേര്‍ത്തു.

Content Highlights: Actor atul kulkarni visits pahalgam and urge indians to visit jammu kashmir

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us