
ന്യൂ ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് എഐഎംഐഎം നേതാവ് അസദുദ്ദിൻ ഒവൈസി. പാകിസ്താനെ ഭീകരസംഘടനായ ഐഎസ്ഐഎസിനോട് ഉപമിച്ചും ഇന്ത്യയുടെ സൈനിക ശക്തി ഓർമിപ്പിച്ചുമാണ് ഒവൈസി രംഗത്തുവന്നത്. ഭീകരർ ടൂറിസ്റ്റുകളുടെ മതം ചോദിച്ചതിനെയും ഒവൈസി വിമർശിച്ചു.
' എന്തിനാണ് മതം ചോദിച്ചത്? ഏത് മതത്തെപ്പറ്റിയാണ് നിങ്ങൾ സംസാരിക്കുന്നത്? ഈ പ്രവൃത്തി നിങ്ങൾ ഐസ്ഐഎസിന്‍റെ പിന്മുറക്കാരാണെന്ന് സൂചിപ്പിക്കുന്നതാണ്' എന്ന് ഒവൈസി പറഞ്ഞു. നിഷ്കളങ്കരും നിരപരാധികളുമായ മനുഷ്യരെ, വിശ്വാസത്തിന്റെ പേരിൽ കൊല്ലുന്നത് നമ്മുടെ മതത്തിലില്ല എന്നും ഒവൈസി പറഞ്ഞു.
പാകിസ്താനെതിരെ ഇന്ത്യ തിരിച്ചടിക്കുമെന്നും ഒവൈസി പറഞ്ഞു. ഇന്ത്യയുടെ സൈനിക, സാമ്പത്തിക കരുത്തിനോട് പാകിസ്താന് ഒരിക്കലും പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്നും വെറുതെ എടുത്തുചാടി യുദ്ധപ്രഖ്യാപനം നടത്തരുതെന്നും ഒവൈസി മുന്നറിയിപ്പ് നൽകി. 'ഇന്ത്യയെക്കാളും അര നൂറ്റാണ്ട് പിന്നിലാണ് പാകിസ്താൻ ഇപ്പോഴും. ഇന്ത്യയുടെ സൈനിക ബജറ്റ് പാകിസ്താന്റെ വാർഷിക ബജറ്റിനേക്കാൾ എത്രയോ വലുതാണ്. നിങ്ങൾ ഒന്നോർക്കണം, നിരപരാധികളെ കൊന്നൊടുക്കിയാൽ, ആരും മിണ്ടാതിരിക്കില്ല', ഒവൈസി പറഞ്ഞു.
അതേസമയം, പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ട്. കുല്‍ഗാം വനമേഖലയില്‍വെച്ചാണ് വെടിവയ്പ്പുണ്ടായത്. കുല്‍ഗാമില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭീകരര്‍ സൈന്യത്തിന് നേരെ വെടിവെച്ചത്. സൈന്യം തിരിച്ചടിച്ചു. കഴിഞ്ഞ 5 ദിവസത്തിനിടെ നാലിടങ്ങളില്‍ സൈന്യം ഭീകരര്‍ക്ക് അടുത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്. സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. അനന്ത്‌നാഗിലെ ഹാപ്പെത് നഗര്‍ ഗ്രാമത്തില്‍വെച്ചാണ് ആദ്യം ഭീകരരെ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. പക്ഷെ ഇവര്‍ സൈന്യമെത്തുംമുന്‍പേ കടന്നുകളഞ്ഞു.
തുടര്‍ന്ന് കുല്‍ഗാം വനമേഖലയില്‍ ഇവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. പക്ഷെ കുല്‍ഗാമില്‍ നിന്നും ഭീകരര്‍ രക്ഷപ്പെട്ടു. സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ത്ത ശേഷമാണ് ഭീകരര്‍ വനമേഖലയിലേക്ക് കടന്നത്. മൂന്നാമത് ത്രാല്‍ കോക്കര്‍നാഗ് വനമേഖലയിലാണ് ഭീകരരെ കണ്ടെത്തിയത്. ഭീകരര്‍ നിലവില്‍ കോക്കര്‍നാഗ് മേഖലയിലുണ്ടെന്നാണ് വിവരം. തെക്കന്‍ കശ്മീരില്‍ നിന്ന് ജമ്മു മേഖലയിലേക്ക് കടക്കാനാണ് ഭീകരര്‍ ശ്രമിക്കുന്നതെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍.
Content Highlights: Asaduddin Owaisi slams Pakistan over Pahalgam terror attack