പ്രസംഗത്തിനിടെ ബിജെപി പ്രതിഷേധം, എഎസ്പിക്ക് നേരെ അടിക്കാൻ കയ്യോങ്ങി സിദ്ധരാമയ്യ; സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

വേദി സുരക്ഷയ്ക്കായിട്ടായിരുന്നു എഎസ്പിയെ നിയോ​ഗിച്ചിരുന്നത്

dot image

ബെംഗളൂരു: ബെലഗാവിയിൽ നടന്ന പൊതു റാലിക്കിടെ എഎസ്പിയെ അടിക്കാന്‍ കയ്യോങ്ങുന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യുടെ ദൃശ്യങ്ങള്‍ വെെറലാവുന്നു. കര്‍ണാടക എഎസ്പി നാരായൺ ബരാമണിയെയാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടിക്കാൻ കയ്യോങ്ങിയത്.

സിദ്ധരാമയ്യയുടെ പൊതു പ്രസംഗം നടത്താൻ നിശ്ചയിച്ചിരുന്ന വേദിയിൽ തടസ്സമുണ്ടായതാണ് സംഭവത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. പ്രസം​ഗം നടക്കേണ്ട വേദി സുരക്ഷയ്ക്കായി എഎസ്പിയായ നാരായൺ ഭാരമണിയെയാണ് നിയോ​ഗിച്ചിരുന്നത്.

വേദിയുടെ സമീപത്തായി ബിജെപി വനിതാ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുന്നുണ്ടായിരുന്നു. പ്രവർത്തകർ കരിങ്കൊടി വീശികയും മുദ്രാവാക്യം വിളിച്ച് റാലി അലങ്കോലപ്പെടുത്തുകയും ചെയതതോടെ സ്ഥിതി വഷളാകുകയായിരുന്നു. വേദിയിൽ തടസ്സമുണ്ടായതോടെ സിദ്ധരാമയ്യ അടുത്ത് നിന്ന എഎസ്പിയെ വിളിച്ച് താനവിടെ എന്തു ചെയ്യുകയാണെന്ന് ചോദിക്കുകയും അടിക്കാനായി കൈ ഉയർത്തി പിൻവലിച്ചെന്നുമാണ് പ്രചാരണം.

പ്രകോപിതനായ സിദ്ധരാമയ്യ കുറച്ചുനേരം കൈ ഉയർത്തിപ്പിടിച്ചതിന് ശേഷം പിൻവലിക്കുന്നത് വീ​ഡിയോയിൽ വ്യക്തമാണ്. വീ​ഡിയോ പ്രചരിച്ചതോടെ സിദ്ധരാമയ്യുടെ പ്രവർത്തി വിമർശനങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. പൊതുസ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥനെതിരെ കൈ ഉയർത്തിയതിന് പാർട്ടിയിലും സിദ്ധരാമയ്യക്ക് വിമർശനമുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം സിദ്ധരാമയ്യ നടത്തിയ പ്രസ്താവനയാണ് ബിജെപി പ്രതിഷേധത്തിന് വഴിയൊരുക്കിയത്. ഭീകരാക്രമണത്തിന്റെ പേരിൽ പാകിസ്താനെതിരെ യുദ്ധം ചെയ്യേണ്ട ആവശ്യമില്ല, പകരം കേന്ദ്രസർക്കാർ കശ്മീരിൽ സുരക്ഷ വർദ്ധിപ്പിക്കണമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. പരാമർശങ്ങൾ വിവാദമായതോടെ പറഞ്ഞ കാര്യം ബിജെപി വളച്ചൊടിച്ചതാണെന്ന് സിദ്ധരാമയ്യ വാദിച്ചിരുന്നു.

Content Highlights: Siddaramaiah nearly slapped Assistant Superintendent of Police, Video Gone Viral on Social Media

dot image
To advertise here,contact us
dot image