ഇലക്ട്രിക് കാർ വിപണിയിലേക്ക് സ്വന്തം കാറുമായി ടൊയോട്ടയും. പ്രമുഖ കാർ നിർമാതാക്കളായ സുസുകിയുമായി ചേർന്നാണ് ടൊയോട്ട ഇന്ത്യൻ കാർ വിപണിയിൽ ഇലക്ട്രിക് വാഹനം എത്തിക്കുന്നത്. ഗുജറാത്തിലെ സുസുക്കിയുടെ പ്ലാന്റിലാണ് ടൊയോട്ടയുടെ പുതിയ ഇ വി എസ്‍യുവി കാർ നിർമിക്കുന്നത്.
2025 ന്റെ രണ്ടാം പകുതിയിൽ ഗുജറാത്തിലെ പ്ലാന്റിൽ നിന്ന് ടൊയോട്ടയുടെ ഇലക്ട്രിക് കാറുകൾ പുറത്തിറങ്ങും. 2016 മുതലാണ് ടൊയോട്ടയും സുസുകിയും പരസ്പര സഹകരണം ആരംഭിച്ചത്. ഇതിലൂടെ വാഹന നിർമ്മാണം, മോഡൽ പങ്കിടൽ, ഇല്രക്ട്രിക് മൊബിലിറ്റി എന്നിവ ഉൾപ്പെടെ ഒന്നിലധികം മേഖലകളിൽ പരസ്പര സഹകരണം ഇരു കമ്പനികളും നടത്തിയിരുന്നു.
ഇതിലൂടെ ഇന്ത്യ, ജപ്പാൻ, യുറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് തുടങ്ങിയ വിപണികളിൽ പരസ്പര സഹകരണത്തോടെ വാഹനങ്ങൾ ഇറക്കാൻ കമ്പനികൾക്ക് സാധിച്ചിരുന്നു. ടൊയോട്ട 4WD എസ്യുവികൾ ആണ് ഇന്ത്യയിൽ നിർമിക്കുന്നത്. വാഹനം ആഗോള ലോഞ്ചിനായി ഒരുങ്ങുകയാണ്. വാഹനത്തിന്റെ BEV യൂണിറ്റും പ്ലാറ്റ്ഫോമും സുസുക്കി, ടൊയോട്ട, ദൈഹത്സു മോട്ടോർ കോർപ്പറേഷൻ എന്നിവർ സഹകരിച്ചാണ് വികസിപ്പിച്ചത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ ടൊയോട്ട അർബൻ എസ്യുവി കൺസെപ്റ്റിന് സമാനമാണ് പുതിയ ഇ വി എസ്‌യുവിയുടെ ഡിസൈൻ.
മാരുതി സുസുക്കിയുടെ ഇ വിറ്റാരയുടെ നിരവധി സവിശേഷതകൾ ടൊയോട്ടയുടെ ഇവിയിലുമുണ്ടാകും. അഞ്ച് സീറ്റുകളായിരിക്കും കാറിൽ ഉണ്ടാവുക. 2025ൽ ഡൽഹിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്ത ശേഷം 2025 പകുതിയോടെ പുതിയ എസ്‌യുവി വിപണിയിൽ എത്തും.
സിംഗിൾ, ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകൾ പുതിയ ഇവിയിലുണ്ടാവുമെന്നാണ് റിപ്പോർട്ട്. 20 ലക്ഷം മുതലായിരിക്കും വാഹനത്തിന്റെ എക്‌സ്-ഷോറൂം വില. ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം സഞ്ചരിക്കാൻ പുതിയ ടൊയോട്ട ഇവി എസ്‌യുവിക്ക് സാധിക്കും.
Content Highlights: Toyota to manufacture electric cars at Suzuki's plant in Gujarat