ഇരുചക്ര ഇലക്ട്രിക് വാഹനങ്ങളോട് മലയാളികള്‍ക്ക് ഇഷ്ടംകൂടുന്നു. ഇരുചക്ര ഇലക്ട്രിക് വാഹനങ്ങളുടെ വര്‍ദ്ധനയില്‍ കേരളം ഒന്നാംസ്ഥാനത്തെത്തി. 13.5 ശതമാനമാണ് കഴിഞ്ഞസാമ്പത്തിക വര്‍ഷത്തെ വര്‍ധന. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.
ഇലക്ട്രിക് വാഹനങ്ങളുടെ വര്‍ധന നിരക്കില്‍ രണ്ടാംസ്ഥാനത്താണ് കേരളം. മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 1,85,174 ഇലക്ട്രിക് വാഹനങ്ങളാണ്. ഈ വര്‍ഷം നവംബര്‍ വരെ 69,748 ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറുന്നതിന് ആനുപാതികമായി ഇരുചക്ര പെട്രോള്‍ വാഹനങ്ങള്‍ കുറയുന്നുവെന്നും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (ഫിക്കി) യെസ്ബാങ്കും ചേര്‍ന്നുനടത്തിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.
2023-ല്‍ വിവിധ വിഭാഗങ്ങളിലായി 75,792 ഇലക്ട്രിക് വാഹനങ്ങളും 2022--ല്‍ 39,556 ഇലക്ട്രിക് വാഹനങ്ങളും സഞ്ചാരമാരംഭിച്ചു. 2022--ല്‍ പെട്രോള്‍ ഇന്ധനമാക്കുന്ന 4,98,882 ഇരുചക്രവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. അന്ന് 33,460 മാത്രമായിരുന്നു ഇലക്ട്രിക് വാഹനങ്ങള്‍. 2023--ല്‍ 61,797 ഇരുചക്ര ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ പെട്രോള്‍ വാഹനങ്ങള്‍ 4,01,157 ആയി കുറഞ്ഞു. ഈ വര്‍ഷം ഇതുവരെ 56,296 ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ പെട്രോള്‍ വാഹനങ്ങളുടെ എണ്ണം 3,75,588 മാത്രമായി.
ഇന്ത്യയില്‍ ആദ്യമായി കേരളമാണ് ഇലക്ട്രിക് വാഹനനയം പ്രഖ്യാപിച്ചത്. നിലവില്‍ 63 ഡിസി അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകളും ഓട്ടോറിക്ഷകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കുമായി 1166 പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകളും കെഎസ്ഇബി സ്ഥാപിച്ചിട്ടുണ്ട്. ഇരുചക്ര ഇലക്ട്രിക്വാഹനങ്ങളുടെയും യാത്രാവാഹനങ്ങളുടെയും ആകെ വില്‍പ്പനയിലും കേരളമാണ് മുന്നില്‍. 5.4 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.
വൈദ്യുത വാഹന വിപണിയില്‍ ട്രാവലര്‍, വാനുകള്‍ എന്നിവ ഉള്‍പ്പെടുന്ന ലൈറ്റ് പാസഞ്ചര്‍, ചെറിയ ചരക്കുവാഹനങ്ങളുടെ ലൈറ്റ് ഗുഡ്സ്, ബസുകള്‍ ഉള്‍പ്പെടുന്ന ഹെവി പാസഞ്ചര്‍, വലിയ ചരക്കുവാഹനങ്ങളുടെ ഹെവി ഗുഡ്‌സ് വിഭാഗങ്ങളിലും വൈദ്യുത വാഹനങ്ങള്‍ നിലയുറപ്പിക്കുകയാണ്. മൂന്ന് വര്‍ഷത്തിനിടെ 582 വാഹനങ്ങളാണ് ഈ നാലു വിഭാഗങ്ങളിലായി നിരത്തിലിറങ്ങിയത്.
Content Highlights: kerala tops the list of electric two wheeler buying and number