സ്വന്തം വാഹനം ഇങ്ങനെ മറ്റുള്ളവർക്ക് കൊടുക്കാറുണ്ടോ? പണി പുറകേ വരും; എല്ലാം അറിയുന്നുണ്ട് എംവിഡി

സ്വകാര്യ ആവശ്യത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനം പലരും സാമ്പത്തികലാഭത്തിനായി വാടകയ്ക്ക് നൽകുന്നത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പല വാഹനങ്ങളും ഉടമകളും ഇപ്പോൾ നിരീക്ഷണത്തിലാണ്.

dot image

റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് വാഹനം വാടകയ്ക്ക് നൽകുന്നവരെക്കുറിച്ചുള്ള അന്വേഷണം മോട്ടോർവാഹനവകുപ്പ് ഊർജിതമാക്കിയത്. സ്വകാര്യ ആവശ്യത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനം പലരും സാമ്പത്തികലാഭത്തിനായി വാടകയ്ക്ക് നൽകുന്നത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പല വാഹനങ്ങളും ഉടമകളും ഇപ്പോൾ നിരീക്ഷണത്തിലാണ്. വാഹനം ടാക്സിയായി മാറ്റിയാൽ മാത്രമേ ഇങ്ങനെ നൽകാനാവൂ. അല്ലെങ്കിൽ ഉടമയുടേത് റെന്റ് എ ക്യാബ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപനമായിരിക്കണം. എന്തൊക്കെയാണ് വാഹനങ്ങൾ‌ വാടകയ്ക്ക് നൽകുന്നതുമായി ബന്ധപ്പെട്ട നൂലാമാലകളെന്നറിയാമോ?

റെന്‍റ് എ ക്യാബ് സംവിധാനം തുടങ്ങാൻ എന്തൊക്കെ വേണം?

ചുരുങ്ങിയത് 50 വാഹനങ്ങളെങ്കിലും ഉടമയ്ക്ക് ഉണ്ടാവണം. 5 ജില്ലകളിലായി പ്രവർത്തിക്കുന്ന കമ്പനി ആയിരിക്കണം. കെട്ടിടം, കംപ്യൂട്ടർ, ആളുകൾക്ക് ഇരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ കമ്പനിക്ക് വേണം. കറുപ്പ് നമ്പർ പ്ലേറ്റിൽ മഞ്ഞ നിറത്തിലുള്ള അക്ഷരങ്ങളാണ് റെന്റ് എ ക്യാബ് വാഹനങ്ങൾക്കുള്ളത്.

സംസ്ഥാനത്ത് 7 റെന്റ് എ ക്യാബ് സ്ഥാപനങ്ങളാണ് നിലവിലുള്ളത്.

സ്വന്തം വാഹനം വാടകയ്ക്ക് നൽകാനാകുമോ?

സ്വകാര്യവാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നത് നിയമവിരുദ്ധമാണ്. രണ്ടോ മൂന്നോ വാഹനങ്ങളുള്ളവർക്കു ടാക്സിയാക്കി മാത്രമേ വാഹനങ്ങള്‍ വാടകയ്ക്കു കൊടുക്കാൻ അനുമതിയുള്ളൂ. ഇതിനായി വാഹനം ടാക്സിയായി രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമാണ്.

ഉടമകളെ കാത്തിരിക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെ?

വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കുന്ന സംഭവങ്ങൾ കൂടിവരുന്നുണ്ടെന്നാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നത്. ലഹരിവസ്തുക്കളും മദ്യവും മറ്റും കടത്താൻ ഇത്തരം വാഹനങ്ങൾ ഉപയോ​ഗിക്കുന്നു. ഇത് ചെയ്യുന്നവർ പിടിയിലാകുമ്പോൾ വാഹന ഉടമയും കേസിൽ പ്രതിയാവും.

ഇങ്ങനെയുള്ള വാഹനങ്ങൾ പലപ്പോഴും കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തവയായിരിക്കും. വാഹനങ്ങൾക്ക് പലപ്പോഴും തേഡ് പാർട്ടി ഇൻഷുറൻസ് മാത്രമായിരിക്കും ഉണ്ടാകുക. അപകടം സംഭവിച്ചാൽ വാഹനത്തിലുള്ളവർക്കോ വാഹനത്തിനോ ഇൻഷുറൻസ് ലഭിക്കില്ല. ഈ വാഹനം മറ്റൊരാളെ ഇടിക്കുകയാണെങ്കിൽ അവർക്കു മാത്രമേ ഇൻഷുറൻസ് ലഭിക്കൂ.

ഉടമകൾ കുടുക്കിലാവുന്ന വഴി

പലരും സ്വകാര്യ വാഹനങ്ങൾ വാടകയ്ക്കു നൽകുന്നതായി ടാക്സി ഡ്രൈവർമാരും അവരുടെ സംഘടനകളും മോട്ടർവാഹന വകുപ്പിനു പരാതി നല്കാറുണ്ട്. കൃത്യമായി നിർദേശങ്ങളില്ലാത്തതിനാൽ നടപടി എടുക്കാറില്ലായിരുന്നു. ഇപ്പോൾ കളർകോട് അപകടത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ മോട്ടോർ വാഹനവകുപ്പ് കാര്യങ്ങൾ കടുപ്പിച്ചിട്ടുണ്ട്. നിലവിൽ പരിശോധനകൾ ഊർജിതമാണ്. ഓരോ സ്ഥലങ്ങളിലും വാഹനം ഇങ്ങനെ വാടകയ്ക്കു കൊടുക്കുന്നവരുടെ പട്ടിക മോട്ടർവാഹന വകുപ്പ് തയ്യാറാക്കുന്നുണ്ട്. ഉടമകളെയും വാഹനങ്ങളെയും നിരീക്ഷിക്കുന്നുമുണ്ട്.

നടപടികൾ എന്തൊക്കെ

ഇങ്ങനെ പിടിയിലാകുന്ന വാഹനങ്ങൾക്ക് 3000–10000 രൂപ വരെയാണു വാഹന ഉടമയിൽനിന്ന് മോട്ടോർ വാഹനവകുപ്പ് ആദ്യഘട്ടത്തിൽ പിഴ ചുമത്തുന്നത്. കുറ്റം വീണ്ടും ആവർത്തിച്ചാൽ വാഹനങ്ങൾ പിടിച്ചെടുത്ത് ആർസി റദ്ദാക്കും.

Content Highligts: In the context of increasing road accidents, the Department of Motor Vehicles has intensified its investigation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us