വാഹനപ്രേമികളുടെ ഇഷ്ടവാഹനങ്ങളിൽ ഒന്നാണ് ബ്രിട്ടീഷ് കമ്പനിയായ ട്രയംഫിന്റെ ബൈക്കുകൾ. ലുക്കിലും വർക്കിലും ഒരേപോലെ കിടിലനായ ട്രയംഫിന്റെ വിവിധ മോഡലുകൾക്ക് ഇന്ത്യയിലും ആരാധകർ ഉണ്ട്. ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലർ 400 എക്‌സ് എന്നിവയാണ് ട്രയംഫിന്റെ പുതിയ കിടിലൻ വേരിയന്റുകൾ.
പുതിയ വേരിയന്റുകൾക്ക് ട്രയംഫ് ഓഫർ ചെയ്ത വർഷവസാന ഓഫറുകൾ ഒരുമാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ് കമ്പനിയിപ്പോൾ. 2024 ഡിസംബർ 31വരെയുണ്ടായിരുന്ന ഓഫറാണ് 2025 ജനുവരി 31 വരെ കമ്പനി നീട്ടിയത്.
12,500 രൂപ വിലയുള്ള ആക്സസറികളാണ് സ്‌ക്രാംബ്ലർ 400 X നൊപ്പം കമ്പനി ഓഫർ പീരിഡിൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. ലോ എഞ്ചിൻ ബാർസ്, മഡ്ഗാർഡ്, വിൻഡ് സ്‌ക്രീൻ, ലഗേജ് റാക്ക് കിറ്റ്, ടാങ്ക് പാഡ് തുടങ്ങിയവയാണ് സ്‌ക്രാംബ്ലർ 400Xനൊപ്പം കമ്പനി ഓഫർ ചെയ്യുന്ന ആക്സസറികൾ. ഇതിന് പുറമെ ട്രയംഫിന്റെ ഒഫീഷ്യൽ മർച്ചൻഡൈസ് ടി-ഷർട്ടും വാഗ്ദാനം ചെയ്യുന്നുണ്ട്.
ട്രയംഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ട്രയംഫ് ഡീലർഷിപ്പുകൾ വഴിയോ വാഹനം ബുക്ക് ചെയ്യാൻ സാധിക്കും. 39.5 bhp കരുത്തുള്ള 398 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ട്രയംഫ് സ്‌ക്രാംബ്ലർ 400 X-നുള്ളത്.
സ്ലിപ്പ്, അസിസ്റ്റ് ക്ലച്ച് എന്നിവ സജ്ജീകരിച്ചിരിക്കുന്ന ആറ് സ്പീഡ് ഗിയർബോക്‌സും വാഹനത്തിന്റെ പ്രത്യേകതയാണ്. 150 എംഎം ട്രാവലിനൊപ്പം മുൻവശത്ത് 43 എംഎം അപ്സൈഡ് ഡൌൺ ഫോർക്കും പിന്നിൽ പ്രീലോഡ്-അഡ്ജസ്റ്റബിൾ മോണോഷോക്കുമാണ് വാഹനത്തിന്റെ സസ്‌പെൻഷനായി നൽകിയിരിക്കുന്നത്.
19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ വയർ-സ്പോക്ക് വീലുകളാണ് വണ്ടിയുടെ മറ്റൊരു പ്രത്യേകത. 300 എംഎം ഫ്രണ്ട് ഡിസ്‌ക്കും 230 എംഎം റിയർ ഡിസ്‌ക്കും വാഹനത്തിന് ഉണ്ട്. സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.
പൂർണ്ണമായ എൽഇഡി ലൈറ്റിംഗ്, ടൈപ്പ്-സി ചാർജിംഗ് പോർട്ട് എന്നിവയും വാഹനത്തിൽ ഉണ്ട്. കാക്കി ഗ്രീൻ, കാർണിവൽ റെഡ്, ഫാന്റം ബ്ലാക്ക്, എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് വാഹനം ലഭിക്കുക.
Content Highlights: Triumph extends year ending offer for one more month