![search icon](https://www.reporterlive.com/assets/images/icons/search.png)
ബാക്ക്ഹോ ലോഡര്‍ നിര്‍മ്മാണത്തില്‍ 10 ലക്ഷം പിന്നിട്ട് ജെസിബി. ബാക്ക്ഹോ 1953-ല്‍ സ്റ്റാഫോര്‍ഡ്ഷെയറിലെ റോസെസ്റ്ററില്‍ ഉല്‍പാദന നിരയില്‍ നിന്നാണ് മാര്‍ക്ക് വണ്‍ എന്നറിയപ്പെടുന്ന ആദ്യത്തെ ജെസിബി പുറത്തിറങ്ങുന്നത്. 1954-ല്‍ ഉല്‍പാദനത്തിന്റെ ആദ്യ വര്‍ഷത്തില്‍ 35 മെഷീനുകള്‍ മാത്രമേ നിര്‍മ്മിച്ചുള്ളൂ. ആദ്യത്തെ 50,000 മെഷീനുകള്‍ നിര്‍മ്മിക്കാന്‍ 20 വര്‍ഷത്തിലധികം എടുത്തു. ആദ്യത്തെ അര ദശലക്ഷം ജെസിബി ബാക്ക്ഹോകള്‍ നിര്‍മ്മിക്കാന്‍ 59 വര്‍ഷമാണ് എടുത്തത്. എന്നാല്‍ അടുത്ത അര ദശലക്ഷം നിര്‍മ്മിക്കാന്‍ 13 വര്‍ഷത്തില്‍ താഴെ മാത്രം സമയമേ കമ്പനിക്ക് വേണ്ടി വന്നുള്ളു.
ഇപ്പോള്‍ യുകെ, ഇന്ത്യ, ബ്രസീല്‍ എന്നിവിടങ്ങളില്‍ ജെസിബി ബാക്ക്ഹോ ലോഡറുകളുടെ നിര്‍മ്മാണം നടത്തുന്നുണ്ട്. ഇന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന നിര്‍മ്മാണ യന്ത്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് ഇത്. കൂടാതെ നിര്‍മ്മാണ ഉപകരണ വില്‍പ്പന പട്ടികയില്‍ ലോകത്തിലെ ഏറ്റവും ജനപ്രിയമായ നാലാമത്തെ യന്ത്രമായും ഇത് തുടരുന്നു.
ബാക്ക്ഹോ ലോഡറിന്റെ ഉത്പാദനം 10 ലക്ഷം പിന്നിട്ടത് ജെസിബി ഒരു പ്രത്യേക രീതിയിലാണ് ആഘോഷിച്ചത്. ആഘോഷത്തിന്റെ ഭാഗമായി, ജെസിബിയുടെ വേള്‍ഡ് ആസ്ഥാനത്തിന് പുറത്തുള്ള റോഡില്‍ നൂറുകണക്കിന് ജീവനക്കാര്‍ അണിനിരന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള 16 ബാക്ക്ഹോകളുടെ നിരയെ കാണാന്‍ കമ്പനി ചെയര്‍മാന്‍ ആന്റണി ബാംഫോര്‍ഡിനും എത്തി. 1954 ലെ മാര്‍ക്ക് I മുതല്‍ 2025 ലെ 3CX മോഡല്‍ വരെ അണിനിരന്നു.
100 വയസ് പൂര്‍ത്തിയാക്കിയ വിരമിച്ച ജീവനക്കാരന്‍ കെന്‍ ഹാരിസണും ജെസിബിയുടെ ഈ ചരിത്ര നിമിഷത്തിന് സാക്ഷിയായാകാനെത്തി. അടുത്ത പത്ത് ലക്ഷം ബാക്ക്ഹോകളുടെ നിര്‍മ്മാണത്തിനായി താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നാണ് കെന്‍ ഹാരിസണ്‍ പറഞ്ഞത്.
Content Highlights: JCB celebrates production of one millionth backhoe loader