കാത്തിരിപ്പിന് വിരാമം, ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം ഇവിടെ; പ്രതിമാസ വാടക കേട്ടാല്‍ ഞെട്ടും

മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലുള്ള മേക്കർ മാക്സിറ്റിയിൽ ടെസ്ല തങ്ങളുടെ ആദ്യ ഷോറൂം തുറക്കാൻ ഒരുങ്ങുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

dot image

‌മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലുള്ള മേക്കർ മാക്സിറ്റിയിൽ ടെസ്‌ല തങ്ങളുടെ ആദ്യ ഷോറൂം തുറക്കാൻ ഒരുങ്ങുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. 35 ലക്ഷം രൂപയായിരിക്കും ഇതിന്റെ പ്രതിമാസ വാടക. ഇന്ത്യയിലെ ആദ്യത്തെ ഷോറൂമിനായി കമ്പനി മുംബൈയില്‍ ഏകദേശം 4000 ചതുരശ്ര അടി സ്ഥലം വാടകയ്‌ക്കെടുത്തിട്ടുണ്ട്. ഏകദേശം 3000 ചതുരശ്ര അടി വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന കാർ ഷോറൂം മേക്കർ മാക്സിറ്റിയിലെ വാണിജ്യ ടവറിൻ്റെ താഴത്തെ നിലയിലാണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വിലയേറിയ വാണിജ്യ റിയൽ എസ്റ്റേറ്റ് കേന്ദ്രമാണ് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സ് അഥവാ ബികെസി.

ഓട്ടോമോട്ടീവ് വ്യവസായത്തിലെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ വാടക കരാറുകളിൽ ഒന്നാണിത്. നിരവധി കാർ പാർക്കിംഗ് സ്ഥലങ്ങളും ഈ സ്ഥലത്ത് ഉൾപ്പെടും. ബികെസിയിൽ ആദ്യ ഷോറൂം തുറക്കുന്നതിനുള്ള കരാർ ടെസ്‌ല അന്തിമമാക്കിയതായി പ്രോപ്പർട്ടി മാർക്കറ്റ് വ്യത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ടെസ്‌ല ഈ സ്ഥലം അഞ്ച് വർഷത്തേക്ക് വാടകയ്ക്കെടുത്തിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുംബൈയ്ക്ക് പുറമെ രാജ്യ തലസ്ഥാനമായ ഡൽഹിയിലും ഒരു ഷോറൂം തുറക്കാൻ ടെസ്‌ല പദ്ധതിയിടുന്നുണ്ട്. ഇതിനായി കമ്പനി ഡൽഹിയിലെ എയ്റോസിറ്റിയിൽ ഒരു ഷോറൂമിനായി സ്ഥലം അന്വേഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഡൽഹി ഷോറൂമിനായി ടെസ്‌ല 4,000 ചതുരശ്ര അടി സ്ഥലം കണ്ടുവെച്ചിട്ടുണ്ട്. ഇതിന്റെ വാടക പ്രതിമാസം 25 ലക്ഷം രൂപ ആയിരിക്കും.

ന്യൂഡൽഹിയിലെ ഇന്ദിരാ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ബ്രൂക്ക്ഫീൽഡ് പ്രോപ്പർട്ടിയിൽ സ്ഥിതി ചെയ്യുന്ന എയ്റോസിറ്റി ഏരിയയിലെ ഷോറൂം സ്ഥലത്തിൻ്റെ പാട്ടത്തിന് ടെസ്‌ല അന്തിമ രൂപം നൽകിയതായി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ കമ്പനി ഇതുമായി ബന്ധപ്പെട്ട് ഔദ്യോ​ഗികമായി ഒന്നും അറിയിച്ചിട്ടില്ല.

കഴിഞ്ഞ മാസം അമേരിക്കയിൽ വെച്ച് ഇലോൺ മസ്‌കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ബഹിരാകാശം, മൊബിലിറ്റി, സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യയിലെ ഡൽഹി, മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകൾ ടെസ്‌ല പ്രഖ്യാപിച്ചത്. ഇതിനായി, കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ 13 തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു.

Content Highlights: Tesla India's First Showroom Coming To BKC

dot image
To advertise here,contact us
dot image