
വേനല്‍ ചൂട് ദിനംപ്രതി കൂടി വരികയാണ്. വേനല്‍ക്കാലമായാല്‍ നാം യാത്ര ചെയ്യുന്ന കാറുകളുടെ സുരക്ഷയും കൂടി ഉറപ്പുവരുത്തേണ്ടതുണ്ട്. വേനല്‍കാലത്ത് വാഹനങ്ങള്‍ അമിതമായി ചൂടാകാറുണ്ട്. ഇത് വലിയ അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യും. മാത്രമല്ല ഇക്കാലത്ത് വാഹനത്തിന്റെ പ്രവര്‍ത്തനക്ഷമതയ്ക്കും സുരക്ഷയ്ക്കും വേണ്ടി എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നും നോക്കാം.
കാര്‍ എപ്പോഴും തണലില്‍ നിര്‍ത്തിയിടാന്‍ ശ്രദ്ധിക്കുക. ഇനി വെയിലുള്ള സ്ഥലത്താണ് പാര്‍ക്ക് ചെയ്യുന്നതെങ്കില്‍ കാറിന്റെ വിന്‍ഡോ അല്‍പ്പം താഴ്ത്തി വയ്ക്കുന്നത് നല്ലതായിരിക്കും. വാഹനത്തിന്റെ ഉള്‍വശത്തെ ചൂട് കുറയ്ക്കാന്‍ ഇത് സഹായിക്കും. വിന്‍ഡോ അല്‍പ്പം തുറന്നിടുമ്പോള്‍ സ്ഥലം സുരക്ഷിതമാണോ എന്നുകൂടി ഉറപ്പുവരുത്തേണ്ടതുണ്ട്.
അതി കഠിനമായ ചൂടില്‍ കാറ് നിര്‍ത്തിയിടുമ്പോള്‍ വണ്ടിയില്‍ കയറുന്നതിന് മുന്‍പ് അല്‍പ്പസമയം ഡോറ് തുറന്നിടാന്‍ ശ്രദ്ധിക്കുക. ഇത് ചൂട് കുറയ്ക്കും. മാത്രമല്ല ചൂട് വായു ശ്വസിക്കുന്നത് ആരോഗ്യത്തിന് ദോഷകരവുമാണ്.
അംഗീകൃതമായ സര്‍വ്വീസ് സെന്റര്‍ മുഖേനെ എ സി പരിശോധന നടത്തുക. ചൂടുളളപ്പോഴാണല്ലോ കാറിലും എസിയുടെ പ്രവര്‍ത്തനം കൂടുതല്‍ വേണ്ടത്. എസിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അഴുക്ക് ക്ലീന്‍ ചെയ്യുകയും കംപ്രസര്‍ ഓയില്‍ നില പരിശോധിക്കുകയും കൂളന്റ് ചോര്‍ച്ച ഉണ്ടോ എന്ന് വിലയിരുത്തുകയും ചെയ്യേണ്ടതാണ്. എസി ഓണ്‍ ആക്കി വച്ചുകൊണ്ട് കാര്‍ സ്റ്റാര്‍ട്ടാക്കാതിരിക്കുക. ഇത് ബാറ്ററിയില്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിന് കാരണമാകും. വെയിലത്ത് നിര്‍ത്തിയിട്ട കാറാണെങ്കില്‍ ഗ്ലാസുകള്‍ താഴ്ത്തിയിട്ട് എസി ഓണാക്കാന്‍ ശ്രദ്ധിക്കുക.
ചൂടുള്ള കാലാവസ്ഥയില്‍ ടയര്‍ പ്രഷര്‍ മാനേജ്‌മെന്റ് മോശമായാല്‍ അപകടങ്ങള്‍ സംഭവിച്ചേക്കാം. ചിലപ്പോള്‍ ടയര്‍ പൊട്ടാനും ഇടയാക്കും. അതിനാല്‍ ടയര്‍ പ്രഷര്‍ മതിയായ നിലയില്‍ നിലനിര്‍ത്തിയിരിക്കണം. ടയറുകള്‍ക്ക് തേയ്മാനമില്ലെന്ന് ഉറപ്പുവരുത്തുകയും വീല്‍ അലൈന്‍മെന്റ് പരിശോധിക്കുകയും വേണം. ചുട്ടുപൊള്ളുന്ന റോഡില്‍ക്കൂടി വണ്ടി ഓടുമ്പോള്‍ ടയര്‍ പഞ്ചറാവുക മാത്രമല്ല അതിന്റെ ഗുണനിലവാരം കുറഞ്ഞും വരും.
കാറിലെ കൂളന്റ് ലെവല്‍ പരിശോധിച്ച് അത് കുറവാണോ എന്ന് നോക്കുക. ചൂടിനെ നേരിടാന്‍ കാറിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഓയിലുകളില്‍ ഒന്നാണ് നല്ല കൂളന്റ്. കൂളന്റ് കുറഞ്ഞാല്‍ എഞ്ചിന്‍ അമിതമായി ചൂടാകും.
കാര്‍ കൃത്യസമയത്ത് സര്‍വ്വീസ് ചെയ്യുകയും ടെക്‌നീഷ്യനെക്കൊണ്ട് ഓയില്‍ വിസ്‌കോസിറ്റി പരിശോധിക്കുകയും വേണം. എഞ്ചിനില്‍ നിന്നുള്ള ചൂടും കാലാവസ്ഥയും വിസ്‌കോസിറ്റി കുറയ്ക്കുമെന്നതിനാല്‍ ഇടയ്ക്ക് ഓയില്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. വാഹനത്തിന്റെ ചൂട് കൂടുമ്പോള്‍ ഓയില്‍ വേഗത്തില്‍ തീരും. അതുകൊണ്ട് ദിവസവും ഓയില്‍ പരിശോധിക്കേണ്ടതുണ്ട്.
ചൂട് അമിതമാകുമ്പോള്‍ ബാറ്ററിയുടെ ആയുസ് കുറയുകയും അതിലെ ദ്രാവകം ബാഷ്പീകരിച്ച് പോവുകയും ചെയ്യും. ഇത് ബാറ്ററിക്കുളളിലെ രാസപ്രവര്‍ത്തനം വേഗത്തിലാക്കുകയും അമിത ചാര്‍ജിംഗിന് കാരണമാകുകയും ചെയ്യും. ബാറ്ററി തുരുമ്പ് പിടിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. ചൂടുകാലത്ത് എസി ഓണായിരുന്നാല്‍ ബാറ്ററിയില്‍ ലോഡ് കൂടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് സമയത്ത് പരിശോധന നടത്തേണ്ടതുണ്ട്.
ചൂട് കൂടിയ സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്യുന്നത് പെയിന്റിന് മങ്ങലേല്‍പ്പിക്കുക മാത്രമല്ല കാറിനുള്ളിലെ ചൂട് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.കറുപ്പ് നിറമുള്ള സീറ്റുകളാണെങ്കില്‍ കൂടുതല്‍ ചൂട് ആഗിരണം ചെയ്യും. വാഹനത്തിന്റെ പെയിന്റിന്റെ തിളക്കം പോകാതിരിക്കാന്‍ നല്ല പോളിഷ് ഉപയോഗിക്കാം. സൂര്യതാപത്തില്‍നിന്ന് സംരക്ഷണം നല്‍കുന്ന നല്ല പോളിഷുകളുണ്ട്.
Content Highlights :What can be done to ensure the protection of the car during summer?