
ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല കാര്‍ സ്വന്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തിലൂട നീളം ടെസ്‌ലക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ടെസ്‌ലയെ പിന്തുണച്ച് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. വൈറ്റ് ഹൗസില്‍ നിരത്തിയിട്ട നാലു കാറുകളില്‍ നിന്നാണ് ട്രംപ് കാര്‍ തിരഞ്ഞെടുത്തത്. ഡ്രൈവ് ചെയ്യാന്‍ അനുവാദമില്ലാത്തതിനാല്‍ ട്രംപ് ടെസ്റ്റ് ഡ്രൈവ് ചെയ്തില്ല. കാറില്‍ ഡൊണാള്‍ഡ് ട്രംപിനൊപ്പം ഇലോണ്‍ മസ്‌കിനെയും കാണാം. ഏകദേശം 80,000 ഡോളർ വിലമതിക്കുന്ന കാറാണ് ട്രംപ് സ്വന്തമാക്കിയത്.
ടെസ്‌ല മോഡല്‍ എസ് ആണ് ട്രംപ് സ്വന്തമാക്കിയിരിക്കുന്നത്. ടെസ്‌ലയുടെ രണ്ടാമത്തെ മോഡലാണ് എസ്. ഈ വാഹനത്തിന്റെ പിന്നിലാണ് ബാറ്ററിയും മോട്ടോറുമൊക്കെ അതിനാല്‍ മുന്നില്‍ സാധാരണ കാറുകളുടെ എന്‍ജിനിരിക്കുന്ന സ്ഥലത്താണ് ലഗേജ് ഇടം. മീറ്ററുകള്‍ക്കു പകരം ഒരു 12.3 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍, ഡാഷിനു നടുവില്‍ കണ്‍സോളില്‍ ഒരു 17 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ എന്നിവയുമായിട്ടാണ് മോഡല്‍ എസ് എത്തിയത്. ഒരിക്കല്‍ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഈ കാറിന് 529 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയും. ഈ കാറിന്റെ ബാറ്ററിക്ക് കമ്പനി 8 വര്‍ഷത്തെ വാറന്റിയുണ്ട്. പൂജ്യത്തില്‍ നിന്ന് 60 വേഗത കൈവരിക്കാന്‍ ഈ കാറിന് വെറും 3.8 സെക്കന്‍ഡ് മാത്രമേ എടുക്കൂ.
ടെസ്‌ല കമ്പനിയുടെ ഓഹരികള്‍ ഇടിഞ്ഞുകൊണ്ടിരിക്കുന്ന സമയത്താണ് ഡൊണാള്‍ഡ് ട്രംപ് ടെസ്‌ല കമ്പനിയില്‍ നിന്ന് ഈ കാര്‍ വാങ്ങിയത്. ടെസ്‌ല വാങ്ങുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തോടെ കമ്പനിയുടെ ഓഹരികളില്‍ പുരോഗതി ഉണ്ടായി. ഇലോണ്‍ മസ്‌കിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെ കഴിഞ്ഞ ദിവസം ട്രംപ് പ്രസതാവന നടത്തിയിരുന്നു.
'തീവ്ര ഇടതുപക്ഷ ഭ്രാന്തന്മാര്‍' മസ്‌കിനെ മനഃപൂര്‍വ്വം ലക്ഷ്യമിടുന്നുവെന്നാണ് ട്രംപ് പ്രസ്ഥാവനയില്‍ പറയുന്നത്. അമേരിക്കയിലുടനീളം ടെസ്‌ലയ്ക്കെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്ന സമയത്താണ് ഈ പ്രസ്താവന വരുന്നത്. ട്രംപ് ഭരണകൂടത്തിന്റെ ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ (ഡോജ്) മസ്‌കിന്റെ നടപടികള്‍ മൂലം വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Content Highlights: trump buys tesla models