
ഇന്ത്യൻ ടാക്സി ഡ്രൈവർമാരുടെ എക്കാലത്തെയും ഇഷ്ടവണ്ടിയാണ് ഡിസയർ. ബഹുഭൂരിപക്ഷം ടാക്സി ഡ്രൈവർമാരുടെയും പക്കൽ ഡിസൈർ ആയിരിക്കും ഉണ്ടാകുക. ഇപ്പോളിതാ അവർക്ക് മറ്റൊരു സന്തോഷ വാർത്ത കൂടി വന്നിരിക്കുകയാണ്. കിടിലൻ സുരക്ഷാ സംവിധാനങ്ങളോടെ ഇന്ത്യയിലെ ആദ്യത്തെ 5 സ്റ്റാർ ബിഎൻസിഎപി സുരക്ഷാ റേറ്റഡ് ടാക്സി ഇതാ എത്തിയിരിക്കുകയാണ്. ഡിസൈറിന്റെ പുതിയ ടൂർ എസ് ആണ് ആ വണ്ടി.
പെട്രോൾ, സിഎൻജി എന്നീ രണ്ട് വേരിയന്റുകളിലാണ് കാർ പുറത്തിറങ്ങിയിട്ടുള്ളത്. 6.79 ലക്ഷം രൂപയാണ് പെട്രോൾ വേരിയന്റിന്റെ എക്സ് ഷോറൂം വില. സിഎൻജി വേരിയന്റിന് 7.74 ലക്ഷം രൂപയാണ് വില. ലാഭകരമായ ഈ വിലയിൽ മികച്ച മൈലേജാണ് വണ്ടി നൽകുന്നത്.
82 PS പവറും, 112 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന 1.2 ലിറ്റർ എഞ്ചിനാണ് ഈ വണ്ടിയുടെ പെട്രോൾ വേരിയന്റിന് കരുത്തുപകരുന്നത്. ലിറ്ററിന് 24.69 കിലോമീറ്ററാണ് മൈലേജ് വാഗ്ദാനം. സുരക്ഷാ കാരണങ്ങളാൽ വണ്ടിയുടെ പരമാവധി വേഗത 80 കിലോമീറ്റർ മാത്രമായിരിക്കും. സിഎൻജി വേരിയന്റിന് 33.73 കിലോമീറ്റർ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 70 PS പവറും, 102 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന 1.2 ലിറ്റർ എൻജിനാണ് സിഎൻജി വേരിയന്റിനുള്ളത്.
സുരക്ഷയാണ് വണ്ടിയുടെ മെയിൻ. ഭാരത് എൻസിഎപി ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷാ റേറ്റിംഗാണ് വണ്ടിക്ക് ലഭിച്ചിട്ടുള്ളത്. ഈ റേറ്റിംഗ് വണ്ടിയെ ഏറ്റവും സുരക്ഷയുള്ള ഒന്നാക്കി മാറ്റുകയാണ്. ആറ് എയർബാഗുകളാണ് വണ്ടിയിൽ ഉനല്ലാത്ത. ഡ്രൈവർ, പാസഞ്ചർ, സൈഡ്, കർട്ടൻ എയർബാഗുകൾ എന്നിവയാണവ. റിവേഴ്‌സ് പാർക്കിംഗ് സെൻസർ, സ്പീഡ് വാർണിങ് സിസ്റ്റം, ബ്രെക്ക് അസിസ്റ്റുള്ള എബിഎസ്, ഇബിഡി സഹിതമുള്ള ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവയെല്ലാം വണ്ടിയിലുണ്ട്.
ഇന്ത്യയിൽ ഇപ്പോൾത്തന്നെ വണ്ടിയുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. അല്പദിവസങ്ങൾക്കകം ഡെലിവറിയും തുടങ്ങും. ഏറ്റവും സുരക്ഷിതമായ, ബജറ്റ് ഫ്രണ്ട്ലിയായ, മികച്ച മൈലേജുള്ള ഒരു ടാക്സിയാണ് ആവശ്യമെങ്കിൽ ഡിസൈർ ടൂർ എസ് കിടിലൻ ഓപ്‌ഷനായിരിക്കും.
Content Highlights: dzire tour s car out