മരം കൊണ്ട് നിർമിച്ച ആദ്യത്തെ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചുവടുവെപ്പുമായി ജപ്പാൻ. ലിഗ്‌നോസാറ്റ് എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹം ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് നിർമിച്ചത്.
10 സെന്റിമീറ്റർമാത്രം വലിപ്പമുള്ള ഉപഗ്രഹം ബോക്‌സ് രൂപത്തിലാണ് നിർമിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കാണ് ഉപഗ്രഹം വിക്ഷേപിച്ചിരിക്കുന്നത്. ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസി തയ്യാറാക്കിയ പ്രത്യേക കണ്ടെയ്നറിൽ ഘടിപ്പിച്ച ഉപഗ്രഹം ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ആളില്ലാ റോക്കറ്റിലാണ് വിക്ഷേപിച്ചത്.
ബഹിരാകാശത്തേക്ക് അയക്കുന്ന ഉപഗ്രഹങ്ങൾ പ്രവർത്തനം നിലച്ച് ഭൗമോപരിതലത്തിൽ എത്തുമ്പോൾ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിൽ പൊട്ടിത്തെറിക്കുമ്പോൾ ലോഹ കണികകൾ ഭൂമിയിലേക്ക് പതിക്കാനും ഗരുതരമായ പ്രശ്‌നങ്ങൾ ഉണ്ടാവാനുമുള്ള സാധ്യതയുണ്ട്.
ലോഹം കൊണ്ട് നിർമ്മിക്കാത്ത ഉപഗ്രഹങ്ങൾ മുഖ്യധാരയായി മാറണമെന്ന് ബഹിരാകാശയാത്രികനും ക്യോട്ടോ സർവകലാശാലയിലെ സ്‌പെഷ്യൽ പ്രൊഫസറുമായ തകാവോ ഡോയ് നേരത്തെ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.
മരം കൊണ്ടുള്ള ഉപഗ്രഹത്തിന്റെ പരീക്ഷണം വിജയിച്ചാൽ കൂടുതൽ ഉപഗ്രഹങ്ങളുടെ ഭാഗങ്ങൾ മരം കൊണ്ട് നിർമിക്കാൻ സാധിക്കും.
നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ സെന്ററിലേക്ക് അയച്ച ഉപഗ്രഹം അന്തരീക്ഷത്തിൽ എങ്ങനെ പ്രവർത്തിക്കുമെന്നും താപനിലയിലെ മാറ്റങ്ങളിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നുമുള്ള ഡാറ്റകൾ ഗവേഷകർക്ക് ലഭിക്കും. ബഹിരാകാശ സെന്ററിൽ നിന്ന് ഒരുമാസത്തിന് ശേഷം ഉപഗ്രഹം അന്തരീക്ഷത്തിലേക്ക് സ്വതന്ത്രമാക്കി വിടും.
Content Highlights: Japan takes a new step by launching a satellite made of wood