പബ്ലിക് ബീറ്റയിലേക്കുള്ള iOS, iPadOS 18.2 സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ ആപ്പിൾ പുറത്തിറക്കി. AI ഇമോജി ജനറേറ്റർ ആപ്പ്, സിരിയുമായുള്ള ചാറ്റ്ജിപിടി സംയോജനം, ഐഫോൺ 16 ക്യാമറകൾ ഉപയോഗിച്ച് വിഷ്വൽ സെർച്ച് തുടങ്ങിയ പുതിയ ഫീച്ചറുകൾ ഉൾപ്പെടുന്നതാണ് ഈ അപ്ഡേറ്റ്. ഡെവലപ്പർമാർക്ക് നേരത്തെ ലഭ്യമായിരുന്ന പുതിയ ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകൾ ഇപ്പോൾ പബ്ലിക് ബീറ്റയിലും ലഭ്യമാണ്. ജെൻമോജി, ചിത്രങ്ങൾ സൃഷ്ടിക്കുന്ന ഇമേജ് പ്ലേഗ്രൗണ്ട് ഫീച്ചർ പോലുള്ളവ ഇനി പബ്ലിക് ബീറ്റയിൽ ലഭിക്കും. ChatGPT ആക്സസ് സൗജന്യമാണ്, അത് ഉപയോഗിക്കാൻ ഒരു അക്കൗണ്ട് ആവശ്യമില്ല.
പബ്ലിക്ക് ബീറ്റ ഉപയോക്താക്കൾക്ക് ഇപ്പോൾ അവരുടെ ആപ്പുകൾക്കുള്ളിൽ നിന്ന് വിവരങ്ങൾ കാണിക്കാൻ സിരിയോട് ആവശ്യപ്പെടാം. അല്ലെങ്കിൽ ഉപയോക്താക്കളുടെ സ്ക്രീനിൽ ദൃശ്യമാകുന്ന വിവരങ്ങൾക്ക് അനുസരിച്ച് മുന്നോട്ട് പോകാം. ടെക്സ്റ്റ് എഴുതാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ഇമേജുകൾ സൃഷ്ടിക്കാനും സഹായം നൽകാൻ ChatGPT-യോട് ഉപയോക്താക്കൾക്ക് ആവശ്യപ്പെടാനും കഴിയും. പ്രോംപ്റ്റുകൾ വഴി പുതിയ ചിത്രങ്ങൾ സൃഷ്ടിക്കാൻ 'ഇമേജ് പ്ലേഗ്രൗണ്ട്' ടൂൾ ഉപയോക്താക്കളെ അനുവദിക്കുന്നു. കസ്റ്റം ഇമോജികൾ സൃഷ്ടിക്കുന്നതിന് സമാനമായ സംവിധാനം ജെൻമോജിയും വാഗ്ദാനം ചെയ്യുന്നുണ്ട്.
പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റിൽ, ഐഫോൺ 16 ഉപയോക്താക്കൾക്ക് ഇപ്പോൾ പുതിയ ക്യാമറ കൺട്രോൾ ബട്ടൺ അമർത്തി വിഷ്വൽ ഇൻ്റലിജൻസിലേയ്ക്ക് പ്രവേശിക്കാൻ കഴിയും. ക്യാമറ ലെൻസിലൂടെ യഥാർത്ഥ ലോകത്തിലെ വസ്തുക്കളും സ്ഥലങ്ങളും തിരയാനും തിരിച്ചറിയാനും വിഷ്വൽ ഇൻ്റലിജൻസ് സഹായിക്കുന്നു.
iPadOS 18.2, macOS Sequoia 15.2, tvOS 18.2 എന്നിവയുടെ ആദ്യ പൊതു ബീറ്റകളും ആപ്പിൾ പുറത്തിറക്കിയിട്ടുണ്ട്. ഐഒഎസ് 18.2 പുറത്തിറക്കുന്നതിന് മുമ്പ് ആപ്പിൾ ഇൻ്റലിജൻസ് നൽകുന്ന റൈറ്റിംഗ് ടൂളുകളും നോട്ടിഫിക്കേഷൻ സംഗ്രഹങ്ങളും അടക്കമുള്ള AI ഫീച്ചറുകൾ ഉള്ള ഐഒഎസ് 18.1 ആപ്പിൾ അവതരിപ്പിച്ചിരുന്നു.
അടുത്ത വർഷം ഏപ്രിലോടെ ആപ്പിൾ ഇൻ്റലിജൻസിൽ കൂടുതൽ ഭാഷകളെ പിന്തുണയ്ക്കുന്ന സംവിധാനവും കൂട്ടിച്ചേർക്കപ്പെടും. മറ്റ് നിരവധി ഭാഷകൾക്കൊപ്പം ഇന്ത്യൻ ഇംഗ്ലീഷിനെയും അപ്പിൾ ഇൻ്റലിജൻസ് പിന്തുണയ്ക്കും.
ഇമേജ് പ്ലേഗ്രൗണ്ട്: ടെക്സ്റ്റ് പ്രോംപ്റ്റുകളിൽ നിന്നും തീം ആശയങ്ങളിൽ നിന്നും ഇഷ്ടാനുസൃത കാർട്ടൂൺ ശൈലിയിലുള്ള ചിത്രങ്ങൾ സൃഷ്ടിക്കാൻ ഈ സവിശേഷത ഉപയോക്താക്കളെ അനുവദിക്കുന്നു. ഇമേജ് വാൻഡ് ആപ്പിൾ പെൻസിൽ കൊണ്ട് നിർമ്മിച്ച പരുക്കൻ രേഖാചിത്രങ്ങളെ പോളിഷ്ഡ് ചിത്രങ്ങളാക്കി മാറ്റുന്നു. സുഹൃത്തുക്കൾക്ക് പങ്കിടുന്നതിനായി പുതിയ ഇമോജികൾ രൂപകൽപ്പന ചെയ്യാൻ സ്റ്റാൻഡേർഡ് ഇമോജി കീബോർഡിലേക്ക് ജെൻമോജി എഡിറ്റർ കൂട്ടിയോജിപ്പിച്ചിട്ടുണ്ട്.
റൈറ്റിംഗ് ടൂളിൻ്റെ അപ്ഡേഷൻ: പ്രീസെറ്റ് പരിവർത്തനങ്ങൾക്ക് പുറമേ, ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം വാക്കുകളിൽ വേണ്ട മാറ്റങ്ങൾ വിവരിക്കുന്നതിന് ഒരു പുതിയ ടെക്സ്റ്റ് ഫീൽഡ് ഉണ്ടെന്നതാണ് ഈ ഫീച്ചറിലെ പ്രധാനഹൈലൈറ്റ്. iOS 18.2വിൽ ChatGPT-യെ റൈറ്റിംഗ് ടൂളുമായി കൂട്ടിച്ചേർത്തിട്ടുണ്ട്.
സിരിയിലേക്കുള്ള ChatGPTയുടെ കൂട്ടിച്ചേർക്കൽ: സിരിക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത ആവശ്യങ്ങൾ ChatGPT-ലേക്ക് കൈമാറാൻ ഈ സവിശേഷത ഉപഭോക്താക്കളെ അനുവദിക്കുന്നു. ഉപയോക്തൃ സ്വകാര്യത പരിരക്ഷിക്കുന്നതിനായുള്ള മുൻകരുതലും കൈകൊണ്ടിട്ടുണ്ട്. അഭ്യർത്ഥന പ്രകാരം ChatGPT ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾ ആദ്യം സിരിക്ക് വ്യക്തമായ അനുമതി നൽകണം.
വിഷ്വൽ ഇൻ്റലിജൻസ്: ഐഫോൺ 16,ഐഫോൺ 16 പ്രോ എന്നിവയിലെ ലോക്ക് സ്ക്രീനിലെ ക്യാമറ കൺട്രോൾ അമർത്തിപ്പിടിച്ച് പുതിയ വ്യൂഫൈൻഡറിലേക്ക് ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് ആക്സസ് അനുവദിക്കുന്നു. ഇത് ഉപയോക്താക്കളെ വേഗത്തിൽ ഫോട്ടോ എടുക്കാനും അവരുടെ ചുറ്റുപാടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും സഹായിക്കുന്നു.
Content Highlights: Apple Releases iOS 18.2 Public Beta With AI Emoji App, ChatGPT-Siri Integration