ഷവോമിയുടെ ഓപ്പറേറ്റിങ് സിസ്റ്റമായ ഹൈപ്പർ ഒഎസ് 2 വിന്റെ ആദ്യ അപ്‌ഡേറ്റ് നവംബറിൽ എത്തും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസ് 2 വിന്റെ അപഡേറ്റ് എത്തുന്ന കാര്യം ഷവോമി സഹസ്ഥാപകനും സിഇഒയുമായ ലെയ് ജുൻ ആണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രഖ്യാപിച്ചത്.
Xiaomi MIX Flip, Xiaomi 14 സീരീസ്, Redmi Note 13 സീരീസ് എന്നിവയുൾപ്പെടെയുള്ള ഫോണുകൾക്കാണ് ആദ്യ അപ്‌ഡേറ്റ് ലഭിക്കുക. ഡിസംബർ മാസത്തോടെ കൂടുതൽ ഫോണുകൾക്ക് അപ്‌ഡേറ്റ് ലഭിക്കും. 2025 ൽ ഷവോമി, റെഡ്മി, പോക്കോ ഫോണുകൾക്ക് എല്ലാം പുതിയ അപ്‌ഡേഷൻ ലഭിക്കും.
ഹൈപ്പർകോർ, ഹൈപ്പർകണക്റ്റ്, ഹൈപ്പർഎഐ എന്നിങ്ങനെ മൂന്ന് പ്രധാന സേവനങ്ങളിലാണ് ഹൈപ്പർ ഒഎസ് 2 ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഫോണുകളുടെ പ്രകടനം മെച്ചപ്പെടുത്താനും കണക്ടിവിറ്റിക്കും ആധുനിക എഐ സംവിധാനങ്ങൾക്കുമാണ് പുതിയ അപ്‌ഡേഷൻ പ്രാധാന്യം കൽപിക്കുന്നത്.
ഹൈപ്പർ ഒഎസ് 2 ഇല്ലാതെ Xiaomi 14 സീരീസിന് Android 15 അപ്ഡേറ്റ് ആണ് ലഭിക്കുക എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പുതിയ അപഡേഷനിൽ ഉപകരണങ്ങളിലെ ഡൈനാമിക് ഇഫക്റ്റുകൾ കൂടുതൽ മെച്ചപ്പെടും. പുനർരൂപകൽപ്പന ചെയ്ത ലേഔട്ടുകളും പുതിയ ഫീച്ചറുകളും ഉപയോഗിച്ച് ഷവോമിയുടെ സ്മാർട് വാച്ചുകളിലും സ്മാർട്ട് ടിവികളിലും പുതിയ ഒഎസ് അപഡേറ്റ് ലഭിക്കും.
എഐ ലോക്ക് സ്‌ക്രീൻ വാൾപേപ്പറുകൾ, തത്സമയ വിവർത്തനങ്ങൾ, ഇമേജ് എഡിറ്റിംഗിനുള്ള ജനറേറ്റീവ് എഐ, എഐ സഹായത്തോടെയുള്ള റൈറ്റിംഗ് ടൂളുകൾ എന്നിവ ഉൾപ്പെടെയാണ് ഹൈപ്പർഎഐ-പവർ ടൂളുകൾ ഷവോമിയിൽ ഉപയോഗിക്കുന്നത്.
Content Highlights: Xiaomis HyperOs 2 update arrives; For three phones in the first phase