മെച്ചപ്പെട്ട ട്രാക്കിംഗ് ശേഷി; സുരക്ഷാ പഴുതുകൾ അടച്ച് രണ്ടാംതലമുറ ആപ്പിൾ എയർടാഗ് എത്തുന്നു

നിലവിലെ പതിപ്പിൽ നിന്നും മെച്ചമായ വയർലെസ് കണക്റ്റിവിറ്റി, സുരക്ഷ എന്നിവയിൽ പുതിയ മോഡലിൽ സുപ്രധാന അപ്ഡേറ്റുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ

dot image

ആപ്പിൾ അതിൻ്റെ രണ്ടാം തലമുറ എയർടാ​ഗ് 2025ൻ്റെ പകുതിയോടെ പുറത്തിറക്കുമെന്നാണ് റിപ്പോ‍ർട്ട്. ബ്ലൂംബെർ​ഗിൻ്റെ മാ‍ർക്ക് ​ഗു‍ർമാനാണ് ഇത് സംബന്ധിച്ച സൂചനകൾ പുറത്ത് വിട്ടിരിക്കുന്നത്. 2021ൽ പുറത്തിറങ്ങിയ നിലവിലുള്ള പതിപ്പിനെക്കാൾ ഏറെ മെച്ചപ്പെട്ട അപ്ഡ‍േഷനുകളോടെയാവും രണ്ടാം തലമുറ എയ‍ർടാ​ഗ് ആപ്പിൾ പുറത്തിറക്കുകയെന്നാണ് റിപ്പോ‌‍‍ർട്ടുകൾ. നിലവിലെ പതിപ്പിൽ നിന്നും മെച്ചമായ വയർലെസ് കണക്റ്റിവിറ്റി, സുരക്ഷ എന്നിവയിൽ പുതിയ മോഡലിൽ സുപ്രധാന അപ്ഡേറ്റുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. B589 എന്ന കോഡ് നെയിമാണ് വരാനിരിക്കുന്ന എയർടാഗ് അപ്ഡേറ്റിന് നൽകിയിരിക്കുന്നത്. പ്രധാനപ്പെട്ട മൂന്ന് അപ്ഡേറ്റുകളാണ് ഇതിൻ്റെ ഹൈലൈറ്റായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മികച്ച റേഞ്ച്: മെച്ചപ്പെട്ട റേഞ്ചിലൂടെ അതിൻ്റെ ട്രാക്കിംഗ് കഴിവുകൾ വർദ്ധിപ്പിക്കാൻ പുതിയ മോഡലിന് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടുതൽ ദൂരങ്ങളിലുള്ള ഉപഭോക്താവിൻ്റെ വസ്തുക്കൾ കൂടുതൽ വിശ്വസനീയമായി കണ്ടെത്തുന്നതിന് പുതിയ അപ്ഡേറ്റ് ഉപയോക്താക്കളെ സഹായിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മെച്ചപ്പെടുത്തിയ വയർലെസ് ചിപ്പ്: മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റിയാണ് അപഡേഷനിലെ മറ്റൊരു പ്രധാന സവിശേഷത. ഇത് ആപ്പിൾ ഉപകരണങ്ങളുമായി വേ​ഗത്തിലും കൃത്യതയിലും ആശയവിനിമയം നടത്തുന്നതിന് എയർടാഗിനെ കാര്യക്ഷമമാക്കുന്നു.

മെച്ചപ്പെടുത്തിയ സ്വകാര്യതയും സുരക്ഷയും: നിലവിലെ മോഡലിൽ ഏറെ ചൂണ്ടിക്കാണിക്കപ്പെട്ട ആവർത്തിച്ചുള്ള സ്വകാര്യത സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിന് പുതിയ മോഡലിൽ ആപ്പിൾ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഉപകരണത്തിൻ്റെ ബിൽറ്റ്-ഇൻ സ്പീക്ക‍ർ ഉപയോ​ഗിച്ച് പിന്തുടരൽ അല്ലെങ്കിൽ കൃത്രിമം കാണിക്കൽ പോലുള്ള ദുരുപയോഗം തടയാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഏറെക്കാലത്തെ അഭ്യൂഹങ്ങൾക്കും ആകാംക്ഷകൾക്കും വിരാമമിട്ടാണ് 2021 ൻ്റെ തുടക്കത്തിൽ നിലവിലെ എയർടാഗ് ആപ്പിൾ അവതരിപ്പിച്ചത്. കീകൾ, പെഴ്സുകൾ അല്ലെങ്കിൽ ബാഗുകൾ തുടങ്ങിയ നഷ്‌ടപ്പെട്ട ഇനങ്ങൾ ഫൈൻഡ് മൈ ആപ്പ് വഴി ട്രാക്ക് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനായാണ് എയ‍ർ‌ടാ​ഗ് രൂപകൽപ്പന ചെയ്‌ത്. വളരെ വേ​ഗം ഇതൊരു ജനപ്രിയ ആക്‌സസറിയായി മാറി. ഇതിൻ്റെ ഒതുക്കമുള്ള ഡിസൈൻ, ഉപയോ​ഗിക്കാൻ എളുപ്പമുള്ള സജ്ജീകരണം, അൾട്രാ-വൈഡ്ബാൻഡ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കൃത്യമായ ട്രാക്കിംഗ് എന്നിവയാണ് എയർ‌ടാ​ഗിനെ വളരെവേ​ഗം ജനപ്രിയമാക്കിയത്.

ചില ഉപയോക്താക്കൾ അനധികൃത ട്രാക്കിംഗിനായി എയർ ടാഗുകൾ ദുരുപയോഗം ചെയ്തത് സ്വകാര്യത സംബന്ധിച്ച ആശങ്കകൾ ഉയർത്തിയിരുന്നു. കേൾക്കാവുന്ന തരത്തിലുള്ള അലേർട്ടുകളും സമീപത്തെ എയർ ടാഗുകൾക്കായുള്ള മെച്ചപ്പെട്ട നോട്ടിഫിക്കഷനും ഉൾപ്പെടുത്തിയുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേഷനുകളോടെയായിരുന്നു ആപ്പിൾ ഈ വിമ‍ർശനങ്ങളോട് പ്രതികരിച്ചത്. അപ്പോഴും സ്പീക്കർ പ്രവർത്തനരഹിതമാക്കുന്നത് പോലെയുള്ള കൃത്രിമത്വങ്ങളെ തടയേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

എയർടാ​ഗിൻ്റെ രണ്ടാം തലമുറ മോഡലിൻ്റെ സ്വകാര്യതാ ഫീച്ചറുകളിൽ ശക്തമായ ആൻ്റി-സ്റ്റോക്കിംഗ് നടപടികളും കൃത്രിമത്വം തടയുന്നതിന് പുനർരൂപകൽപ്പന ചെയ്ത ഹാർഡ്‌വെയറും ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോ‍ർട്ടുകൾ. പുതിയ മോഡൽ പരീക്ഷണത്തിൻ്റെ അവസാന ഘട്ടങ്ങളിലാണെന്നും ഇത് ഉടൻ ഉൽപ്പാദനം ആരംഭിച്ചേക്കുമെന്നുമാണ് റിപ്പോർട്ടുകൾ. വിലയുടെ കാര്യത്തിലും എയർടാ​ഗ് ബഡ്ജറ്റ് ഫ്രെൻഡ്ലി ആയിരിക്കുമെന്നാണ് റിപ്പോ‍ർട്ട്. ഒരു യൂണിറ്റിന് 19 ഡോളറും നാല് പായ്ക്കിന് 79.98 രൂപയുമായിരിക്കും വിലയെന്ന വിവരമാണ് പുറത്ത് വരുന്നത്.

Content Highlights: Apple may launch new AirTag in 2025 with enhanced security features

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us