213.14 കോടി രൂപയുടെ പിഴ; കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ വിധിക്കെതിരെ അപ്പീലിനൊരുങ്ങി മെറ്റ

സിസിഐയുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന് മെറ്റ വക്താവ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു

dot image

സ്വകാര്യത നയം ലംഘിച്ചെന്ന പരാതിയിൽ പിഴ വിധിച്ച കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ വിധിക്കെതിരെ അപ്പീലിനൊരുങ്ങി മെറ്റ. സമൂഹമാധ്യമങ്ങളായ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലൂടെ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ പുറത്തുവിടുന്നതിനായി 2021 ൽ സ്വകാര്യതാ നയം വാട്‌സ്ആപ്പ് പുതുക്കിയിരുന്നു. ഈ നയം അംഗീകരിക്കാത്ത ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പ് സേവനം ലഭ്യമാക്കില്ലെന്നും കമ്പനി നിലപാടെടുത്തു. ഇതിനെതിരെയാണ് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പിഴ ചുമത്തിയത്.

എന്നാൽ സിസിഐയുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന് മെറ്റ വക്താവ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. '2021-ലെ അപ്ഡേറ്റ് ആളുകളുടെ സ്വകാര്യതയെ മാറ്റിമറിച്ചിട്ടില്ല, ഉപയോക്താക്കൾക്കുള്ള ഒരു ചോയ്സ് എന്ന നിലയിലാണ് ഇത് വാഗ്ദാനം ചെയ്തത്. ഈ അപ്ഡേറ്റ് കാരണം ആരുടെയും അക്കൗണ്ടുകൾ ഇല്ലാതാക്കുകയോ വാട്ട്സ്ആപ്പ് സേവനത്തിന്റെ പ്രവർത്തനം നഷ്ടപ്പെടുകയോ ചെയ്യില്ലെന്ന് ഞങ്ങൾ ഉറപ്പുവരുത്തി' എന്നും മെറ്റ വക്താവ് പറഞ്ഞു.

ഇത് കൂടാതെ കമ്പനി എങ്ങനെ ഡാറ്റ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള കൂടുതൽ സുതാര്യത നൽകുന്നതായിരുന്നു ഈ അപ്‌ഡേറ്റ് എന്നും മെറ്റ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഡിജിറ്റൽ വിപണിയിലെ കുത്തക നിലനിർത്താനുള്ള നിയമവിരുദ്ധ ശ്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും മത്സരവിരുദ്ധ നടപടികളിൽ നിന്നൊഴിവാകാനുമാണ് കമ്മീഷൻ മെറ്റയോടു നിർദേശിച്ചിരിക്കുന്നത്. കോംപറ്റീഷൻ ആക്ടിന് വിരുദ്ധമാണ് വാട്‌സ്ആപ്പ് നടപടിയെന്ന് വിലയിരുത്തിയാണ് കമ്മീഷന്റെ തീരുമാനം.

2021 ലെ സ്വകാര്യതാനയം അംഗീകരിച്ചവർക്ക് അതൊഴിവാക്കാൻ അവസരം നൽകണമെന്നും കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. 2029 വരെ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ മെറ്റയുടെ മറ്റു സ്ഥാപനങ്ങളുമായി പങ്കുവയ്ക്കരുതെന്നും പരസ്യ ഇതരാവശ്യങ്ങൾക്കായി വിവരങ്ങൾ പങ്കുവച്ചിട്ടുണ്ടെങ്കിൽ അത് എന്തിനെല്ലാമെന്ന് വ്യക്തമാക്കി വിശദീകരണം നൽകണമെന്നും മെറ്റയോട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നിർദ്ദേശിച്ചിട്ടുണ്ട്.

Content Highlights: 213.14 crore as penalty; Meta prepares to appeal against Competition Commission of India's verdict

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us