സ്ഥിരം ഡിസൈനിൽ നിന്ന് മാറി അൾട്രാ സ്ലിം മോഡൽ ഫോൺ ഒരുക്കാൻ ഒരുങ്ങി ആപ്പിൾ. ആപ്പിളിന്റെ നെക്സ്റ്റ് ജനറേഷൻ ഫോണായ ഐഫോൺ 17 അൾട്രാ സ്ലിം മോഡൽ ആയിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഗാഡ്ജറ്റ് 360 യാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.
2025 മുതൽ ഐഫോൺ പ്ലസ് സീരിസ് നിർത്തലാക്കി സ്ലിം മോഡലായ ഐഫോൺ എയർ പുറത്തിറക്കാനാണ് ആപ്പിൾ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ ഐഫോണുകളിൽ ഏറ്റവും സ്ലിം മോഡലായ ഐഫോൺ 6 നേക്കാൾ സ്ലിം ആയിരിക്കും ഐഫോൺ 17 എയർ എന്നാണ് ടെക് വിദഗ്ധർ പ്രവചിക്കുന്നത്.
6 എംഎം കനം മാത്രമായിരിക്കും ഐഫോൺ എയറിന് ഉണ്ടാവുക. ഹൈറ്റോംഗ് ഇന്റർനാഷണൽ ടെക് റിസർച്ചിലെ ജെഫ് പു ആണ് ഐഫോൺ 17 എയർ 6 എംഎം കനത്തിലായിരിക്കുമെന്ന് അവകാശപ്പെടുന്നത്.
ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ഐഫോൺ 16 പ്രോയും ഐഫോൺ പ്രോമാക്‌സും 8.25 എംഎം കനത്തിലാണ് പുറത്തിറങ്ങിയത്. എന്നാൽ ഐഫോൺ 16 , ഐഫോൺ 16 പ്ലസ് എന്നിവയ്ക്ക് 7.8 എംഎം കനം മാത്രമാണ് ഉള്ളത്.
ഐഫോൺ 17 ആപ്പിളിന്റെ A19, A19 പ്രോ ചിപ്പുകൾ ഉപയോഗിച്ചായിരിക്കും നിർമിക്കുകയെന്നും ടെക് വിദഗ്ധർ പറയുന്നു. ഐഫോൺ 17 ഉം ഐഫോൺ 17 എയറും A19 ചിപ്പിലും
ഐഫോൺ 17 പ്രോ, പ്രോമാക്‌സ് എന്നിവ A19 പ്രോ ചിപ്പിലുമായിരിക്കും നിർമിക്കുക.
ഐഫോൺ 17 സീരീസിലെ എല്ലാ മോഡലുകൾക്കും 120Hz റിഫറെഷൽ റേറ്റ് ഉള്ള ഒരു ഡിസ്പ്ലേ ലഭിക്കുമെന്നായിരുന്നു കണ്ടെത്തൽ. പ്രോ മോഡലുകൾക്കായി ആപ്പിൾ പുതിയ ആന്റി റിഫ്‌ലക്ടീവ് കോട്ടിംഗ് കൊണ്ടുവരുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഐഫോൺ 16 ലോഞ്ച് ചെയ്തത്. ഐഫോൺ 17 ന് 2025 സെപ്റ്റംബറോട് കൂടിയായിരിക്കും പുറത്തിറങ്ങുക.
Content Highlights: iPhone 17 will be an ultra-slim model Says Tech world Researchers