ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനുകൾക്കായി സ്പെക്ട്രം അനുവദിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിലവിൽ സാറ്റലൈറ്റ് സ്പെക്ട്രം സ്റ്റാർലിങ്കിന് ലഭിക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത്. സ്റ്റാർലിങ്കിൻ്റെ സാറ്റലൈറ്റ് ഇൻ്റർനെറ്റ് സേവനം ഉടൻ തന്നെ ഇന്ത്യയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഡിസംബർ 15-നകം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ മാനദണ്ഡങ്ങളെ ഇന്ത്യൻ ടെലികോം രംഗത്തെ വമ്പന്മാരായ എയർടെല്ലും ജിയോയും എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ ഈ എതിർപ്പ് മറികടന്ന് മുന്നോട്ട് പോകാൻ കേന്ദ്ര സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് ലേലം ചെയ്യുന്നതിനു പകരം ഒരു നിശ്ചിത തുകയ്ക്ക് സ്‌പെക്ട്രം അനുവദിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം.
സാറ്റലൈറ്റ് സേവനങ്ങൾക്കായുള്ള സ്‌പെക്ട്രം ലേലത്തെ നിരുത്സാഹപ്പെടുത്തുന്ന ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻസ് യൂണിയൻ്റെ നിലപാടിനോട് അനുഭാവം പ്രകടിപ്പിച്ചാണ് ഇന്ത്യയിലും ലേലമില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഇലോൺ മസ്‌കിൻ്റെ സ്റ്റാർലിങ്ക് 2022 ഒക്‌ടോബറിൽ ഇന്ത്യയിൽ സാറ്റലൈറ്റ് ഇൻറർനെറ്റ് സേവനങ്ങൾക്കുള്ള അനുമതിക്കായി അപേക്ഷിച്ചിരുന്നു. താമസിയാതെ ചില ഇളവുകളോടെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ സാറ്റലൈറ്റ് ഇൻറർനെറ്റ് സേവനങ്ങൾക്കുള്ള ലൈസൻസ് ലഭ്യമാകുമെന്നാണ് വാർത്തകൾ. ഇന്റർനെറ്റ് കണക്റ്റിവിറ്റിക്ക് ഉയർന്ന ഡിമാൻഡുള്ള ഇന്ത്യയെ വലിയ വിപണിയായാണ് സ്റ്റാർലിങ്ക് കാണുന്നത്. ലേലത്തെ അടിസ്ഥാനമാക്കിയുള്ള വിലനിർണ്ണയത്തിനുപകരം സർക്കാർ നിശ്ചയിക്കുന്ന വിലനിർണ്ണയം സ്റ്റാർലിങ്കിന്റെ എൻട്രി ചെലവ് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് വഴി സ്റ്റാർലിങ്ക് സേവനങ്ങൾ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ. കുറഞ്ഞ ചെലവിൽ സ്റ്റാർലിങ്ക് നേരിട്ട് വിപണിയിലേക്ക് എത്തുമ്പോൾ ഇന്ത്യയിലെ മുൻനിരക്കാരായ ജിയോ പോലുള്ള സേവന ദാതാക്കൾക്കും തങ്ങളുടെ നിരക്ക് കുറയ്‌ക്കേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവിൽ സ്റ്റാർലിങ്കിൻ്റെ സാറ്റലൈറ്റ് ഇൻ്റർനെറ്റ് സേവനങ്ങൾ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ ലഭ്യമാണ്. ഇത് ഉപയോക്താക്കൾക്ക് അതിവേഗ ഇൻ്റർനെറ്റ് ആക്‌സസ് നൽകുന്നു. കുറഞ്ഞ ലേറ്റൻസിയും സ്റ്റാർലിങ്കിൻ്റെ ഹൈലൈറ്റായി വിലയിരുത്തപ്പെടുന്നു. സ്റ്റാർലിങ്കിനെയും മറ്റ് സാറ്റലൈറ്റ് സേവനങ്ങളെയും താരതമ്യം ചെയ്യുമ്പോൾ ഇത് സ്റ്റാർലിങ്കിൻ്റെ മേൽക്കൈ വ്യക്തമാണ്. അടുത്തിടെ ലോഞ്ച് ചെയ്ത ബിഎസ്എൻഎല്ലിൻ്റെ D2D സേവനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബഹുദൂരം മുന്നിലാണ് സ്റ്റാർലിങ്കിൻ്റെ സാറ്റലൈറ്റ് സേവനമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
36,000 കിലോമീറ്ററിലധികം ഉയരത്തിൽ ഭൂമിയെ പരിക്രമണം ചെയ്യുന്ന വിയാസാറ്റിൻ്റെ ജിയോസ്റ്റേഷണറി എൽ-ബാൻഡ് ഉപഗ്രഹങ്ങളെയാണ് ബിഎസ്എൻഎല്ലിൻ്റെ ഉപഗ്രഹ ഇൻ്റർനെറ്റ് ആശ്രയിക്കുന്നത്. ഉയർന്ന ഉയരത്തിലാണ് ഈ ഉപഗ്രഹങ്ങളെന്നത് ഉയർന്ന ലേറ്റൻസിക്ക് കാരണമാകുന്നു. ഇത് സ്ട്രീമിംഗ് സമയത്തെ ബഫറിംഗ്, വീഡിയോ ഗെയിമിംഗിലെ ബുദ്ധിമുട്ടുകൾ, വീഡിയോ കോളുകളിലെ തടസ്സങ്ങൾ എന്നിവ പോലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നു. ബഹിരാകാശത്തെ ഭീമാകാരമായ സെൽ ടവറുകൾ പോലെ പ്രവർത്തിക്കുന്ന വിയാസാറ്റ് ഉപഗ്രഹങ്ങളുടെ ഒരു സമർപ്പിത മണ്ഡലമാണ് BSNL-ൻ്റെ D2D സേവനങ്ങൾക്കായി ഉപയോഗിക്കുന്നത്.
സ്റ്റാർലിങ്കിൻ്റെ ഉപഗ്രഹങ്ങൾ ഭൂമിയോട് അടുത്ത് ഏകദേശം 550 കിലോമീറ്റർ ഉയരത്തിലാണുള്ളത്. ഈ ലോവർ എർത്ത് ഓർബിറ്റ് ഉപയോക്താക്കൾക്ക് കുറഞ്ഞ ലേറ്റൻസിയോടെ കണക്ഷൻ ഉപയോഗിക്കാൻ സഹായിക്കുന്നു. ഇത് ഇൻ്റർനെറ്റ് ആക്‌സസ് സുഗമവും കൂടുതൽ കാര്യക്ഷമവുമാക്കുന്നു. മസ്‌കിൻ്റെ കമ്പനി ഏകദേശം 42,000 കോംപാക്റ്റ് ഉപഗ്രഹങ്ങളാണ് ഇതിനായി വിക്ഷേപിച്ചിരിക്കുന്നത്. ഇത് ഇൻ്റർനെറ്റ് കണക്റ്റിവിറ്റിയും നെറ്റ്‌വർക്ക് കവറേജും മെച്ചപ്പെടുത്തുന്നു.
ഒരു വലിയ ഉപഗ്രഹത്തെ ആശ്രയിക്കുന്നതിന് പകരം ആയിരക്കണക്കിന് ചെറിയ ഉപഗ്രഹങ്ങളുടെ ശൃംഖലയാണ് സ്റ്റാർലിങ്ക് ഉപയോഗിക്കുന്നത്. സ്റ്റാർലിങ്കിൻ്റെ സേവനം ആക്സസ് ചെയ്യുന്നതിന്, ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നലുകൾ പിടിച്ചെടുക്കുന്ന ഒരു ആൻ്റിന ഉപയോക്താക്കൾ സജ്ജീകരിക്കേണ്ടതുണ്ട്, ഇത് തടസ്സമില്ലാത്ത ഇൻ്റർനെറ്റ് ആക്സസ് അനുവദിക്കുന്നു. സ്റ്റാർലിങ്കിൻ്റെ സേവനത്തിന് 150 Mbps വരെ വേഗത നൽകാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ഇത് തടസ്സമില്ലാത്ത ഇൻ്റർനെറ്റ് ഉപയോഗം സാധ്യമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: How Starlink works and how it differs from BSNL's D2D service