'ചന്ദ്രയാനും മംഗൾയാനും കഴിഞ്ഞു, അടുത്തത് ശുക്രയാൻ'; പുതിയ ദൗത്യത്തിന് ഒരുങ്ങി ഐഎസ്ആർഒ

1236 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിലെ പേടകം 2028 മാർച്ച് 29 നായിരിക്കും വിക്ഷേപിക്കുക.

dot image

ചൊവ്വ പര്യവേഷണത്തിനുള്ള മംഗൾയാൻ ദൗത്യത്തിന് ശേഷം ശുക്രനിലേക്ക് പേടകമയക്കാനൊരുങ്ങി ഇന്ത്യ. ശുക്രയാൻ-1 എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ശുക്രന്റെ അന്തരീക്ഷ ഘടന വിശകലനം ചെയ്യുന്നതിനും മണ്ണിന്റെ ഘടന പഠിക്കുന്നതിനുമായിട്ടാണ് അയക്കുന്നത്.

1236 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിലെ പേടകം 2028 മാർച്ച് 29 നായിരിക്കും വിക്ഷേപിക്കുക. 112 ദിവസത്തെ ദൗത്യമായ ശുക്രയാനിൽ 16 ഇന്ത്യൻ ഉപഗ്രഹങ്ങളും വിവിധ രാജ്യങ്ങളുമായി സഹകരിച്ച് ഒരുക്കുന്ന മുന്ന് ഉപഗ്രഹങ്ങളും ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ശുക്രന്റെ പരിസ്ഥിതിയും കട്ടിയുള്ള അന്തരീക്ഷവും പഠിക്കുന്നതിലൂടെ ഗ്രഹത്തിന്റെ പരിണാമത്തെ കുറിച്ച് കൂടുതൽ പഠിക്കാൻ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. ഭൂമിയുടെ അന്തരീക്ഷ വ്യതിയാനങ്ങളും കാലാവസ്ഥാപഠനത്തിലും ശുക്രയാൻ ദൗത്യം സഹായകരമാവും.

കാർബൺ ഡൈ ഓക്‌സൈഡും സൾഫ്യൂറിക് അമ്ലം നിറഞ്ഞ മേഘങ്ങളും നിറഞ്ഞതാണ് ശുക്രന്റെ അന്തരീക്ഷം.


അഗ്നിപർവതങ്ങളുടെയും ടെക്‌റ്റോണിക് പ്രക്രിയയും പരിശോധന വിധേയമാക്കും. സൗരവാതങ്ങളുമായുള്ള ശുക്രന്റെ അന്തരീക്ഷത്തിന്റെ പ്രവർത്തനങ്ങളും സൂര്യൻ എങ്ങനെ ശുക്രന്റെ അന്തരീക്ഷത്തെ ബാധിക്കുന്നുവെന്നും പഠന വിധേയമാക്കും.

100 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് ശുക്രയാൻ 1 വഹിക്കുക. റഡാർ, ഇൻഫ്രാറെഡ്, അൾട്രാവയലറ്റ് ക്യാമറകൾ, വിവിധ അന്തരീക്ഷ, ഉപരിതല സവിശേഷതകൾ പഠിക്കാൻ രൂപകൽപ്പന ചെയ്ത സെൻസറുകൾ എന്നിവ ശുക്രയാന്റെ ഭാഗമായിരിക്കും.

16 ഇന്ത്യൻ ഉപഗ്രഹങ്ങൾക്കൊപ്പം റഷ്യ വികസിപ്പിച്ച വൈറൽ (വീനസ് ഇൻഫ്രാറെഡ് അറ്റ്മോസ്‌ഫെറിക് ഗ്യാസ് ലിങ്കർ) ഉപകരണവും, സ്വീഡിഷ് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് വികസിപ്പിച്ചെടുത്ത വീനസ് അയണോസ്‌ഫെറിക് ആൻഡ് സോളാർ വിൻഡ് ആറ്റം അനലൈസർ (വിസ്വാസ്), ജർമ്മനിയുമായി സഹകരിച്ച് വികസിപ്പിച്ച റേഡിയോ അനാട്ടമി ഓഫ് വീനസ് അയണോസ്ഫിയർ (RAVI) എന്നിവയും ദൗത്യത്തിന്റെ ഭാഗമാണ്.

എയറോബ്രേക്കിംഗ് സംവിധാനമാണ് ശുക്രയാന്റെ ഏറ്റവും വലിയ പ്രത്യേകത. അധിക ഇന്ധനം ആവശ്യമില്ലാതെ ശുക്രയാൻ-1നെ ശുക്രന്റെ ഭ്രമണപഥത്തിലെത്തി വേഗത കുറയ്ക്കാൻ ഈ സംവിധാനം സഹായിക്കും. ശുക്രന്റെ ഭ്രമണപഥത്തിൽ വേഗത്തിൽ പേടകം താഴേക്ക് ഇറങ്ങിയാൽ ശുക്രനിലെ താപനില കാരണം പേടകത്തിന് തീപിടിക്കാനുള്ള സാധ്യത കൂടുതലാണ്.


ISRO Logo

462 ഡിഗ്രി സെൽഷ്യസാണ് ശുക്രന്റെ ഉപരിതല താപനില. തീവ്രമായ ഹരിതഗൃഹ പ്രഭാവം ശുക്രനെ മരുഭൂമിക്ക് സമാനമാക്കിയിട്ടുണ്ട്. ഭൂമിയിൽ നിന്ന് വ്യത്യസ്തമായി, ശുക്രനിൽ കാർബൺ ഡൈ ഓക്‌സൈഡ് ആണ് കൂടുതലായി അന്തരീക്ഷത്തിൽ ഉള്ളത്. ഭൂമിയേക്കാൾ 100 മടങ്ങ് ഉപരിതല മർദ്ദവും ശുക്രന്റെ പ്രത്യേകതയാണ്.

ശുക്രനിൽ ഒരു കാലത്ത് ദ്രാവക ജലം ഉണ്ടായിരുന്നിരിക്കാമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ വിലയിരുത്തൽ ശുക്രയാൻ-1-ൽ നിന്നുള്ള ഡാറ്റ, ശുക്രന്റെ കാലാവസ്ഥയെ ഭൂമിയുമായി താരതമ്യം ചെയ്യാൻ ശാസ്ത്രജ്ഞരെ സഹായിക്കും. ശുക്രനിലെ താപനിലയും കട്ടിയേറിയ അന്തരീക്ഷവുമാണ് ശുക്രയാന് ഉയർത്തുന്ന ഏറ്റവും വലിയ വെല്ലുവിളികൾ.

Content Highlights: ISRO is ready for new mission Shukrayan 1

dot image
To advertise here,contact us
dot image