16 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കുന്ന ഓസ്‌ട്രേലിയൻ സർക്കാരിന്റെ പുതിയ നിയമത്തിനെതിരെ വിമർശനവുമായി എക്‌സ് പ്ലാറ്റ്‌ഫോം ഉടമ ഇലോൺ മസ്‌ക്. ഓസ്‌ട്രേലിയയുടെ പുതിയ നീക്കം കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടിയല്ലെന്നും പകരം പൗരന്മാരുടെ ഇന്റർനെറ്റ് സ്വാതന്ത്ര്യം നിയന്ത്രിക്കുന്നതിനുള്ള പിൻവാതിൽ മാർഗമാണെന്നും ഇലോൺ മസ്‌ക് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് ബില്ല് കൊണ്ടുവരുന്നതായി പ്രഖ്യാപിച്ചത്. 16 വയസിൽ താഴെയുള്ളവർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് തടയണമെന്നും നിയമം ലംഘിക്കുന്ന കമ്പനികൾക്ക് 49.5 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ (ഏകദേശം $32 മില്യൺ ഡോളർ) വരെ പിഴ ചുമത്താമെന്നുമാണ് ബില്ലിലെ വ്യവസ്ഥകൾ.
ഓൺലൈൻ അപകടസാധ്യതകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടാണ് ഓസ്ട്രേലിയൻ സർക്കാർ പാർലമെന്റിൽ പുതിയ ബിൽ അവതരിപ്പിച്ചത്. 16 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആക്സസ് ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പാക്കണമെന്നും ഉപഭോക്താക്കളുടെ പ്രായപരിധി പരിശോധിക്കുന്ന സംവിധാനം നടപ്പിലാക്കണമെന്നുമാണ് നിയമം അനുശാസിക്കുന്നത്.
നേരത്തെ ഫ്രാൻസ്, യുഎസ് തുടങ്ങിയ രാജ്യങ്ങളും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതേസമയം ഓസ്‌ട്രേലിയൻ സർക്കാരിനെതിരെ ആദ്യമായിട്ടല്ല ഇലേൺ മസ്‌ക് വിമർശനം ഉന്നയിക്കുന്നത്. ഇലോൺ മസ്‌കുമായുള്ള തർക്കത്തിന് പിന്നാലെ മസ്‌കിനെ 'അഹങ്കാരിയായ കോടീശ്വരൻ' എന്ന് പ്രധാനമന്ത്രി അൽബാനീസ് വിശേഷിപ്പിച്ചിരുന്നു. ഓസ്‌ട്രേലിയ ഫാസിസ്റ്റ് രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് മസ്‌ക് തിരിച്ചടിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ ഓസ്‌ട്രേലിയയുടെ നടപടി വ്യക്തിസ്വാതന്ത്ര്യത്തെ ലംഘിക്കുന്നുവെന്നും സ്വകാര്യതാവകാശം സംബന്ധിച്ച ആശങ്കകളിലേക്ക് നയിക്കുമെന്നും വിമർശനം ഉയരുന്നുണ്ട്. എന്നാൽ സൈബർ ഭീഷണിപ്പെടുത്തൽ, ചൂഷണം, അനുചിതമായ ഉള്ളടക്കവുമായി സമ്പർക്കം പുലർത്തൽ തുടങ്ങിയ അപകടസാധ്യതകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ പുതിയ നയത്തിന് സാധിക്കുമെന്നാണ് നിയമത്തെ പിന്തുണയ്ക്കുന്നവരുടെ വാദം.
Contnet Highlights: social media control for children; Elon Musk criticized the Australian government