ഗൂഗിള്‍ മാപ്പിനെ വിശ്വസിക്കാമോ? അത്രക്കങ്ങ് വേണ്ടെന്നാണ് അടുത്തിടെ പലയിടങ്ങളിലായി നടന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ദിവസവും പല വാർത്തകളാണ് ഗൂഗിള്‍ മാപ്പിന്റെ തെറ്റായ 'വഴി കാട്ടലു'മായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്നത്. പലരും ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ച് അവസാനം എത്തിപ്പെടുന്നത് വലിയ ആപത്തിലാണ്. ചിലരാണെങ്കിൽ രക്ഷപ്പെടുന്നത് തലനാഴികയ്ക്കായിരിക്കും. ഇന്ത്യയിലടക്കം ഗൂഗിൽ മാപ്പിനെ വിശ്വസിച്ച് കുഴിയിൽ ചാടിയ ഒരുപാട് ആളുകളുണ്ട്. ചിലർക്കാണെങ്കിൽ അവരുടെ ജീവൻ തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ഗൂഗിള്‍ മാപ്പിന് മുട്ടൻ പണിയാണ് വരാൻ പോകുന്നത്. ഗൂഗിള്‍ മാപ്പ് ഇന്ത്യയിൽ അന്വേഷണം നേരിടാൻ പോകുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത.
ഡൽഹിയിൽ ഗൂഗിള്‍ മാപ്പ് നോക്കി വരുന്നതിനിടെ കാർ പാലത്തിൽ നിന്ന് വീണ് മൂന്ന് പേർ മരിച്ച സംഭവമാണ് ഗൂഗിൽ മാപ്പ് ഇന്ത്യയിൽ അന്വേഷണം നേരിടാൻ കാരണമായത്. ഉത്തർപ്രദേശിലേക്ക് വിവാഹത്തിന് പോവുകയായിരുന്ന സംഘം ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച വണ്ടിയാണ് രാംഗംഗ നദിയിലെ പണി തീരാത്ത പാലത്തിൽ നിന്ന് താഴേക്ക് വീണത്. കഴിഞ്ഞ വർഷമുണ്ടായ വെള്ളപ്പൊക്കത്തിൽ പാലത്തിൻ്റെ ഒരു ഭാഗം ഒലിച്ചു പോയിരുന്നു. ഈ വഴിയാണ് യാത്രക്കാർക്ക് മാപ്പ് കാണിച്ചുകൊടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഗൂഗിള്‍ മാപ്പിൻ്റെ ഇന്ത്യയിലെ ഉദ്യോഗസ്ഥരെയും സർക്കാർ പൊതുമരാമത്ത് വകുപ്പിലെ മറ്റുള്ളവരെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
വിഷയത്തിൽ മരിച്ചവർക്ക് അനുശോചനം അറിയിച്ച് ഗൂഗിൾ വക്താവ് രംഗത്തെത്തിയിരുന്നു. തങ്ങൾ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും പ്രശ്‌നം അന്വേഷിക്കുന്നതിന് തങ്ങളുടെ പൂർണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
Content Highlights: Google Maps Faces Probe In India After Car Falls Off Bridge Killing three. The group was on their way to a wedding in Uttar Pradesh state when their car plunged into the Ramganga river from the unfinished bridge early Sunday