അധികമായാല്‍ അമൃതും വിഷമാണ് എന്ന് പറയുന്നതിന് ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണ് സോഷ്യല്‍ മീഡിയയുടെ ഉപയോഗം. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം ഉത്പാദനക്ഷമത, മാനസിക ആരോഗ്യം, ബന്ധങ്ങളിലെ അകല്‍ച്ച തുടങ്ങി പല വിധ പ്രശ്‌നങ്ങള്‍ക്കും വഴിതെളിക്കാറുണ്ട്. ഒഴിവ് സമയങ്ങളിലെല്ലാം സോഷ്യല്‍മീഡിയയില്‍ ചെലവഴിക്കുക, ജോലിയില്‍നിന്നോ പഠനത്തില്‍നിന്നോ ശ്രദ്ധതിരിക്കുക, നിങ്ങള്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ക്ക് ലൈക്കോ കമന്റോ കുറയുമ്പോള്‍ അത് നിങ്ങളെ അസ്വസ്ഥരാക്കുക, യഥാര്‍ഥ ലോകത്തുളള സുഹൃത്തുക്കളെക്കാള്‍ മുഖാമുഖം കാണാത്ത സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുക, ആരെങ്കിലും സന്ദേശം അയച്ചിട്ടുണ്ടോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുക, അതിന് ഉടനടി മറുപടി അയക്കാന്‍ വ്യഗ്രത കാട്ടുക. എപ്പോഴും ഫോണ്‍ എടുത്ത് നോക്കുക ഇവയൊക്കെ മൊബൈലിനോടും സോഷ്യല്‍ മീഡിയയോടും ഉളള അടിമത്വത്തിനെയാണ് സൂചിപ്പിക്കുന്നത്.
Facebook, Instagram പോലുള്ള സൈറ്റുകളിലൂടെ മറ്റുള്ളവര്‍ നിങ്ങളെക്കാള്‍ കൂടുതല്‍ രസകരമായോ അല്ലെങ്കില്‍ മികച്ച ജീവിതം നയിക്കുന്നുവെന്നോ ഉള്ള തോന്നലുകള്‍ വര്‍ദ്ധിപ്പിക്കുന്നതായി തോന്നുന്നു. നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ നഷ്ടമായി എന്ന ആശയം നിങ്ങളുടെ ആത്മാഭിമാനത്തെ ബാധിക്കുകയും ഉത്കണ്ഠ വര്‍ദ്ധിപ്പിക്കുകയും ഒരു ആസക്തി പോലെ കൂടുതല്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് ആക്കം കൂട്ടുകയും ചെയ്യും. ഇങ്ങനെയൊക്കെ നിങ്ങളെ നിയന്ത്രിക്കാന്‍ സോഷ്യല്‍ മീഡിയക്ക് കഴിയുന്നുണ്ടെങ്കില്‍ അത് ഗൗരവകരമായി പരിഗണിക്കേണ്ട കാര്യമാണ്.
ഉപയോഗം കുറച്ച് സോഷ്യല്‍ മീഡിയയെ എങ്ങനെ വരുതിക്കുളളിലാക്കാം
- ആദ്യംതന്നെ നിങ്ങളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ച് സ്വയം ഒരു ബോധ്യം ഉണ്ടാവേണ്ടതാണ്.
- ഐ ഫോണുകളിലും ആന്‍ഡ്രോയിഡ് ഫോണുകളിലും നിങ്ങള്‍ ചെലവഴിച്ച ആകെ സമയം, ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആപ്പുകള്‍, നിങ്ങള്‍ എത്രസമയം ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നു എന്നിവയൊക്കെ അറിയാന്‍ സാധിക്കും. ഇതിലൂടെ ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന സമയം നിയന്ത്രിക്കാന്‍ സഹായിക്കും,
- സോഷ്യല്‍ മീഡിയ ഉപയോഗം കുറയ്ക്കുന്നതിനായി വിവിധ ആപ്പുകള്‍ നിങ്ങളെ സഹായിക്കും.
Dumb phone App - ഈ ആപ്പ് ഫോണില്‍ ഒരു മിനിമലിസ്റ്റിക് ഹോം സ്‌ക്രീന്‍ സൃഷ്ടിക്കുന്നു. ഇത് ആവശ്യമില്ലാതെയുള്ള സ്‌ക്രാളിങ് നിരുത്സാഹപ്പെടുത്തും. മാത്രമല്ല തുടര്‍ച്ചയായി ഫോണ്‍ എടുക്കാനുളള പ്രലോഭനം കുറയ്ക്കുന്നു. - Opal App -സോഷ്യല്‍ മീഡിയ അഡിക്ഷന്‍ ഉണ്ടാക്കുന്ന തരത്തിലുളള ആപ്പുകളുടെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് സ്‌ക്രീന്‍ ടൈം ട്രാക്ക് ചെയ്യുകയും ഡിജിറ്റല്‍ ഡിസ്ട്രാക്ഷനുകള്‍ എത്ര സമയം ചെലവഴിക്കുന്നു എന്നതിനെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുകയും ചെയ്യുന്നു.
- Forest App- ഇത് ഒരു രസകരമായ ആപ്പാണ്. നിങ്ങള്‍ക്ക് ജോലിയിലോ പഠനത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് തോന്നുമ്പോള്‍ ടൈമര്‍ ഉപയോഗിച്ച് ഒരു വെര്‍ച്വല്‍ മരം നടാം. നിങ്ങള്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നിങ്ങളുടെ മരം വളരും. അങ്ങനെ രസകരമായി സ്‌ക്രീന്‍ ടൈം കുറയ്ക്കാന്‍ സാധിക്കും.
- സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള ആഗ്രഹിക്കുന്നവര്‍ക്ക് ഒരു dump phone പ്രയോജനകരമായിരിക്കും. Nokia 2660 Flip പോലെയുള്ളവ ആധുനിക സ്മാര്‍ട്ട് ഫോണുകളുടെ ശല്യമില്ലാതെയുള്ള അടിസ്ഥാന ഫോണ്‍ പ്രവര്‍ത്തനങ്ങള്‍ വാഗ്ധാനം ചെയ്യുന്നവയാണ്.
- വ്യത്യസ്തമായ ലക്ഷ്യങ്ങള്‍ സെറ്റ് ചെയ്യുക. സോഷ്യല്‍ മീഡിയ പൂര്‍ണ്ണമായും നീക്കം ചെയ്യുന്നത് പലര്‍ക്കും സാധ്യമല്ല. പക്ഷേ ഉപയോഗം കുറയ്ക്കുന്നതിന് ക്രമേണ ലക്ഷ്യങ്ങള്‍ സജ്ജമാക്കാം. ഓരോ ആഴ്ചയും സ്‌ക്രീന്‍ സമയം 20 ശതമാനം കുറയ്ക്കുന്നതുപോലെയുള്ള ടാര്‍ഗെറ്റുകള്‍ ചിട്ടപ്പെടുത്താം.
- നമ്മള്‍ ചെയ്യുന്ന ദൈനംദിന കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാം. അതായത് വായന, പാചകം, പ്രിയപ്പെട്ടവരുമായി സംസാരിക്കുക തുടങ്ങിയവയില്‍ സമയം ചെലവഴിക്കുക. ഈ പ്രവര്‍ത്തനങ്ങള്‍ ഭൗതിക ലോകവുമായി ബന്ധിപ്പിക്കാനും മൊത്തത്തിലുള്ള മാനസികാരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും.
Content Highlights :Are you looking to escape the slavery of social media?