ചെന്നെെയിൽ നിന്ന് ബാംഗ്ലൂരിലേക്ക് 30 മിനിറ്റ് ! മസ്‌കിന്റെ സ്വപ്‌നപദ്ധതി 'ഹൈപ്പർ ലൂപ്പ്' ഇന്ത്യ നടപ്പാക്കുമോ ?

2013 ൽ ഇലോൺ മസ്‌കിന്റെ 'ഹൈപ്പർലൂപ്പ് ആൽഫ' എന്ന പേപ്പറിലൂടെയാണ് ആധുനിക ലോകത്ത് ഹൈപ്പർലൂപ്പ് ഏറെ ചർച്ചയാവുന്നതും ജനകീയമാവുന്നതും

dot image

കേരളത്തിന്റെ തെക്കേ അറ്റമായ തിരുവനന്തപുരത്ത് നിന്ന് വടക്കെ അറ്റമായ കാസർഗോഡ് 30 മിനിറ്റ് കൊണ്ട് എത്താൻ പറ്റുമോ ?, പറ്റുമെന്നാണ് ഇന്ത്യയിലെ പുതിയ പരീക്ഷണങ്ങൾ തെളിയിക്കുന്നത്. ഹൈപ്പർ ലൂപ്പ് സാങ്കേതിക വിദ്യയിലൂടെയാണ് യാത്രസമയം ഇത്രയും കുറയ്ക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് തയ്യാറായതായി കഴിഞ്ഞ ദിവസമാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. ഇന്ത്യൻ റെയിൽവേയുടെയും ഐഐടി മദ്രാസിന്റെയും സഹകരണത്തോടെ തമിഴ്‌നാട്ടിലെ ചെങ്കൽപ്പേട്ട് ജില്ലയിലുള്ള മദ്രാസ് ഐഐടിയുടെ തയ്യൂർ ക്യാംപസിലാണ് 410 മീറ്റർ നീളമുള്ള ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് സ്ഥാപിച്ചിരിക്കുന്നത്. ഐഐടി മദ്രാസിലെ ആവിഷ്‌കർ ഹൈപ്പർലൂപ്പ് ടീമിന്റെയും സ്ഥാപനത്തിലെ സ്റ്റാർട്ടപ്പായ TuTr ന്റെയും സംയുക്ത സംരംഭമായിട്ടാണ് ട്രാക്ക് ഒരുങ്ങുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹൈപ്പർലൂപ്പ് പരീക്ഷണങ്ങൾ തകൃതിയായി നടക്കുകയാണ്, എന്താണ് ഈ ഹൈപ്പർലൂപ്പ് പദ്ധതി, ആരാണ് ഈ ഹൈപ്പർലൂപ്പ് എന്ന ആശയം കൊണ്ടുവന്നത്. ഹൈപ്പർ ലൂപ്പിന്റെ സാധ്യതകൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.

സയൻസ് ഫിക്ഷൻ സിനിമകളിലൂടെ ശ്രദ്ധേയമായ ഹൈപ്പർലൂപ്പ് എന്ന ആശയം ജനകീയമാക്കുന്നത് ശതകോടീശ്വരനായ ഇലോൺ മസ്‌ക് ആണ്. 2013ലാണ് മസ്‌ക് ഹൈപ്പർലൂപ്പ് എന്ന ആശയം അവതരിപ്പിക്കുന്നത്. ലോകത്തിന് മുന്നിൽ അഞ്ചാമത്തെ ഗതാഗത സംവിധാനം അവതരിപ്പിക്കുന്നുവെന്നായിരുന്നു അന്ന് ഹൈപ്പർലൂപ്പ് ആശയം ആവതരിപ്പിച്ചുകൊണ്ട് മസ്‌ക് പറഞ്ഞത്. എന്നാൽ ഹൈപ്പർലൂപ്പ് എന്ന ആശയം അതിനേക്കാളും എത്രയോ മുമ്പ് ലോകത്ത് ചർച്ച വിഷയമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റോബർട്ട് ഗോഡ്ഡാർഡ് വികസിപ്പിച്ചെടുത്ത 'വാക്ട്രെയിൻ' എന്ന ആശയമാണ് ഹൈപ്പർലൂപ്പിന്റെ മുൻഗാമി, ഇതിന് ശേഷം സമാനമായ നിരവധി ആശയങ്ങൾ നിർദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും ഒന്നും നടപ്പായിരുന്നില്ല.

എന്നാൽ 2013ൽ ഇലോൺ മസ്‌കിന്റെ 'ഹൈപ്പർലൂപ്പ് ആൽഫ' എന്ന പേപ്പറിലൂടെയാണ് ആധുനിക ലോകത്ത് ഹൈപ്പർലൂപ്പ് ഏറെ ചർച്ചയാവുന്നതും ജനകീയമാവുന്നതും. ഏറ്റവും ലളിതമായി പറയുകയാണെങ്കിൽ ഭൂമിക്ക് മുകളിലൂടെയോ ഭൂഗർഭ പാതയിലൂടെയോ ലോ - പ്രഷർട്യൂബുകളിലൂടെ മണിക്കൂറിൽ 700 മൈലിലധികം സ്പീഡിൽ സഞ്ചരിക്കുന്ന ഫ്‌ലോട്ടിങ് പോഡുകളിലെ സഞ്ചാരമാണ് ഹൈപ്പർലൂപ്പ്. താഴ്ന്ന മർദ്ദാവസ്ഥയിലുള്ള ട്യൂബുകളിലൂടെ അതിവേഗതയിൽ പോഡുകൾക്ക് സഞ്ചരിക്കാൻ സാധിക്കും.

ലോ-പ്രഷർ ട്യൂബുകൾക്കുള്ളിൽ നിന്ന് വായു പരമാവധി നീക്കം ചെയ്തിരിക്കും. ഇതാണ് ഫലോട്ടിങ് പോഡുകളെ അതിവേഗത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്നത്. ഏറ്റവും വലിയ പ്രത്യേകത ഈ പോഡുകൾ ചക്രങ്ങളിൽ അല്ല സഞ്ചരിക്കുന്നത് എന്നതാണ്. പകരം മാഗ്നറ്റ് ഉപയോഗിച്ച് ആയിരിക്കും സഞ്ചരിക്കുക. മസ്‌ക് വിഭാവനം ചെയ്ത ഹൈപ്പർലൂപ്പ് പദ്ധതിയിൽ 28 യാത്രക്കാരെയാണ് ഒരേസമയം ഒരു പോഡിൽ യാത്ര അയക്കാൻ സാധിക്കുക. ട്യൂബിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ പാനലുകളാണ് ഹൈപ്പർലൂപ്പിന്റെ പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്.

Hyperloop

സാധാരണ ട്രെയിനുകളെക്കാൾ പത്തിരട്ടി വേഗതയും ഹൈസ്പീഡ് റെയിലിനേക്കാൾ രണ്ടോ മൂന്നോ മടങ്ങ് വേഗതയും ഹൈപ്പർലൂപ്പ് ട്രെയിനുകൾക്ക് ഉണ്ടാവും. നിലവിൽ വിവിധ രാജ്യങ്ങളിലെ സർക്കാരുകൾക്കൊപ്പം ഇലോൺ മസ്‌കിന്റെ ടെസ്‌ല, വിർജിൻ ഹൈപ്പർലൂപ്പ് വൺ, HTT, TransPod, Arrivo തുടങ്ങി നിരവധി കമ്പനികൾ ഹൈപ്പർലൂപ്പ് പരീക്ഷണം നടത്തിയിരുന്നു.

ഇതിനിടെ ഹൈപ്പർലൂപ്പിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. ഭ്രാന്തൻ സ്വപ്‌നമെന്നാണ് ഹൈപ്പർ ലൂപ്പ് പരീക്ഷണങ്ങളെ വിമർശകർ വിളിക്കുന്നത്. പണച്ചെലവിന് ഒപ്പം അപകടസാധ്യതയും വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹൈപ്പർലൂപ്പ് സഞ്ചരിക്കുന്ന പാതകളിലെ വളവുകളിൽ ഉണ്ടാവുന്ന ലാറ്ററൽ ജി-ഫോഴ്സ് യാത്രക്കാരെ ഗുരുതരമായി ബാധിക്കുമെന്നും വിമർശകർ പറയുന്നുണ്ട്. എന്നാൽ ലിഫ്റ്റിലും പാസഞ്ചർ വിമാനങ്ങളിലും യാത്ര ചെയ്യുന്നപോലെ മാത്രമേ ഹൈപ്പർലൂപ്പിലെ സഞ്ചാരം അനുഭവമാകുകയുള്ളുവെന്നാണ് വിർജിൻ ഹൈപ്പർലൂപ്പ് വണ് കമ്പനി മറുപടിയായി പറഞ്ഞത്. പക്ഷേ 2023 ഓടെ ഹൈപ്പർലൂപ്പ് വൺ കമ്പനി പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു ചെയ്തതത്. ഇതും വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇന്ത്യയിലെ ഹൈപ്പർലൂപ്പ് സാധ്യതകൾ എന്ത് ?

ഹൈപ്പർലൂപ്പ് പദ്ധതി ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ കാണുന്നത്. ഐഐടി മദ്രാസിന് പുറമെ സർ റിച്ചാർഡ് ബ്രാൻസൺന്റെ വിർജിൻ ഗ്രൂപ്പും ഇന്ത്യയിൽ ഹൈപ്പർലൂപ്പ് പരീക്ഷണങ്ങൾ നടത്തിയിരുന്നു. പുണെയ്ക്കും മുംബൈയ്ക്കും ഇടയിൽ ഹൈപ്പർലൂപ്പ് സ്ഥാപിക്കാനുള്ള പദ്ധതിയാണ് വിർജിൻ ഗ്രൂപ്പ് ആരംഭിച്ചിരുന്നത്. ഇരുപതാം നൂറ്റാണ്ടിൽ തീവണ്ടികൾ ഉണ്ടാക്കിയ അതേ സ്വാധീനം 21-ാം നൂറ്റാണ്ടിൽ വിർജിൻ ഹൈപ്പർലൂപ്പ് വണ്ണിന് ഇന്ത്യയിൽ ഉണ്ടാകുമെന്നാണ് ഹൈപ്പർലൂപ്പിനെ കുറിച്ച് വിർജിൻ ഗ്രൂപ്പ് സ്ഥാപകൻ സർ റിച്ചാർഡ് ബ്രാൻസൺ പറഞ്ഞത്. എന്നാൽ ഈ പദ്ധതിയും പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

എന്നാൽ ഇന്ത്യയിലെ ഹൈപ്പർലൂപ്പ് പ്രതീക്ഷകൾ അവസാനിച്ചിട്ടില്ലെന്നാണ് ഐഐടിയുടെ പരീക്ഷണം തെളിയിക്കുന്നത്. ചെന്നൈ ടു ബാംഗ്ലൂർ ഹൈപ്പർ ലൂപ്പ് പദ്ധതിയുടെ ആദ്യ പടിയായിട്ടാണ് നിലവിൽ ഐഐടിയിലെ ഹൈപ്പർലൂപ്പ് പരീക്ഷണം നടക്കുന്നത്.

Content Highlights: What is Elon musk dream Project hyperloop and India completes first Hyperloop test track

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us