ഗൂഗിളില്‍ അമേരിക്കയെ മറികടന്ന് ഇന്ത്യ. പ്രതിമാസം ഏറ്റവും കൂടുതല്‍ ആക്ടീവ് ഉപയോക്താക്കളുള്ള ഏറ്റവും വലിയ വര്‍ക്ക്‌സ്‌പേസ് ഉപയോക്തൃ അടിത്തറയായി ഇന്ത്യ മാറിയതായി റിപ്പോര്‍ട്ട്. 'ബ്രിങ് എഐ ടു വര്‍ക്ക്', എന്ന പേരില്‍ ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ് മാധ്യമ ഉച്ചകോടിയിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
അതേസമയം കമ്പനി യഥാര്‍ത്ഥ കണക്കുകള്‍ പുറത്ത് വിട്ടിട്ടില്ല. ലോകത്ത് ആകെ 300 കോടിയിലധികം ആക്ടീവ് ഉപഭോക്താക്കള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതില്‍ ഒരു കോടിയിലധികം പെയ്ഡ് ഉപഭോക്താക്കളാണ്.
'ഗൂഗിള്‍ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും മുന്‍തൂക്കം നല്‍കി കൊണ്ട് നവീനതകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ കസ്റ്റംസ് ലാര്‍ജ് ലാങ്വേജ് മോഡലുകള്‍ തട്ടിപ്പുകളെ ബ്ലോക്ക് ചെയ്യുകയും ഭീഷണികള്‍ക്ക് മുമ്പത്തേതിനേക്കാള്‍ വേഗത്തില്‍ പ്രതികരിക്കുകയും ചെയ്യുന്നു', ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും ഗൂഗിള്‍ വര്‍ക്ക് സ്‌പേസ് മേധാവി സുമേദ ചക്രബര്‍ത്തി പറഞ്ഞു.
ലോകത്താകമാനം 17 കോടി വിദ്യാര്‍ത്ഥികളും അധ്യാപകരും ഗൂഗിള്‍ വര്‍ക്ക് സ്‌പേസ് ഉപയോഗിക്കുന്നുണ്ട്. ഗൂഗിളിന്റെ അഭിപ്രായത്തില്‍ ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ് ഉപയോക്താക്കളുടെ ഒരു വര്‍ഷത്തിലെ 21 ദിവസം ലാഭിക്കാന്‍ സഹായിക്കുന്നുണ്ട്. ഗൂഗിള്‍ വര്‍ക്ക് സ്‌പേസ് നിലവില്‍ ജെമിനിയുമായി സംയോജിപ്പിച്ചിരിക്കുകയാണ്. ഉല്‍പ്പാദനക്ഷമതയെയും സുരക്ഷയെയും ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ സഹായിക്കുന്നുണ്ട്. ഡോക്‌സ്, നോട്ട്ബുക്ക് എല്‍എം, ജെമിനി തുടങ്ങിയവയുടെ പുതിയ കഴിവുകളെയും ഇവ പരിപോഷിപ്പിക്കുന്നുണ്ട്.
കോവിഡ് 19ന് ശേഷമാണ് ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ് ഏറ്റവും കൂടുതല്‍ പ്രചാരത്തില്‍ വരുന്നത്. ജിമെയില്‍ അക്കൗണ്ട് വഴി ആര്‍ക്ക് വേണമെങ്കിലും ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ് സൗജന്യമായി ആക്‌സസ് ചെയ്യാം.
Content Highlights: India overtakes the US in Google Workspace users