ടിക് ടോക് യുഎസ് ബിസിനസ് ഇനി മസ്‌കിനോ? വിശദീകരണവുമായി കമ്പനി

ഇലോണ്‍ മസ്‌കിന് ടിക് ടോക്കിന്റെ യുഎസ് ബിസിനസ് വില്‍ക്കുമെന്ന റിപ്പോര്‍ട്ടിന് വിശദീകരണവുമായി കമ്പനി

dot image

ഇലോണ്‍ മസ്‌കിന് ടിക് ടോക്കിന്റെ യുഎസ് ബിസിനസ് വില്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കമ്പനി. ഇത് വെറും കെട്ടുകഥയാണെന്നും അവകാശപ്പെട്ടു. അമേരിക്കയില്‍ വരാനിരിക്കുന്ന നിരോധനം തടയുന്നതില്‍ കമ്പനി പരാജയപ്പെട്ടാല്‍ ടിക് ടോക്കിന്റെ യുഎസ് ബിസിനസ് ഇലോണ്‍ മസ്‌കിന് വില്‍ക്കുന്നതിനുള്ള സാധ്യതകള്‍ ടിക് ടോക്ക് തേടുന്നതായി ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് തള്ളി ടിക് ടോക്ക് രംഗത്തുവന്നത്.

ടിക് ടോക്കിന് നിലവില്‍ അമേരിക്കയില്‍ 17 കോടി ഉപയോക്താക്കളുണ്ട്. മസ്‌കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ്, ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണ്. പരസ്യ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് പ്ലാറ്റ്‌ഫോമുകള്‍ സംയോജിപ്പിക്കുന്നതിന്റെ സാധ്യതകളാണ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ജനുവരി 19നകം ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് ടിക് ടോക്കിന്റെ ഓഹരി വില്‍ക്കുകയോ അല്ലെങ്കില്‍ വിലക്ക് നേരിടുകയോ ചെയ്യണമെന്നാണ് യുഎസ് നിയമം അനുശാസിക്കുന്നത്.

നിയമം നടപ്പാക്കുന്നത് തടയണമെന്ന ടിക് ടോക്കിന്റെ അപ്പീലില്‍ സുപ്രീം കോടതി കഴിഞ്ഞ ആഴ്ച വാദം കേട്ടിരുന്നു. കമ്പനിയുടെ വാദങ്ങളില്‍ ജഡ്ജിമാര്‍ സംശയം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ട്രംപുമായി അടുത്ത ബന്ധമാണ് ഇലോണ്‍ മസ്‌കിനുള്ളത്. മസ്‌കിന്റെ ടെസ്ലയ്ക്ക് ചൈനയില്‍ വിപുലമായ നിലയില്‍ ബിസിനസ് ഉണ്ട്. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ടിക് ടോക്കിന്റെ അമേരിക്കന്‍ ബിസിനസ് ഏറ്റെടുക്കുന്നതിനുള്ള കരാറിലേക്ക് മസ്‌കിനെ എത്തിക്കുന്നതിനുള്ള വഴികള്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ തേടുന്നതായാണ് റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത്.

ടിക് ടോക്ക് നിരോധിക്കുന്നതിനെതിരെ മസ്‌ക് മുമ്പ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വിരുദ്ധമാകുമെന്നാണ് മസ്‌ക് ഏപ്രിലില്‍ എക്‌സില്‍ കുറിച്ചത്. ഇതും കണക്കിലെടുത്താണ് ചൈനീസ് ഉദ്യോഗസ്ഥരുടെ നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

Content Highlights: US TikTok ban: Chinese officials weigh Elon Musk buying platform as shutdown looms

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us