ഫോണ്‍ ചാര്‍ജിനിട്ട് ഉറങ്ങാന്‍ കിടക്കുന്ന ശീലമുണ്ടോ? എങ്കില്‍ ഇതറിഞ്ഞിരിക്കണം

ചാര്‍ജ് പൂര്‍ണമായി തീര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫായി പോകുന്നതുവരെ ഉപയോഗിക്കുന്നതും ഫോണിന്റെയും ബാറ്ററിയുടെയും പ്രവര്‍ത്തനക്ഷമതയെ ബാധിക്കും

dot image

ഫോണ്‍ ചാര്‍ജ് ചെയ്യാനിട്ട് ഉറങ്ങാന്‍ കിടക്കുന്ന ശീലമുണ്ടോ? ഉണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് മാറ്റുന്നതാണ് ഫോണിന്റെ ആരോഗ്യത്തിന് നല്ലത്. ഫോണ്‍ കയ്യിലില്ലാതെ 15 മിനിട്ടില്‍ കൂടുതല്‍ ചെലവഴിക്കാന്‍ നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും കഴിയില്ല. കിടക്കാന്‍ പോകുമ്പോള്‍ വരെ കയ്യില്‍ ഫോണുമായി പോവുകയും ഫോണിന്റെ ചാര്‍ജ് തീരുന്നതുവരെ റീല്‍സോ, മറ്റു വീഡിയോസോ കണ്ടുകിടക്കുകയും ചെയ്യും. ഒടുവില്‍ ബാറ്ററിയെല്ലാം വാര്‍ന്ന് ചുവന്ന സിഗ്നല്‍ കാണിച്ചുതുടങ്ങുമ്പോള്‍ തലയ്ക്ക് സമീപമായി തന്നെ ഫോണ്‍ ചാര്‍ജ് ചെയ്യാനിടുകയും ചെയ്യും. ബാറ്ററി മുഴുവന്‍ ചാര്‍ജായാലും ഉറങ്ങിപ്പോകുന്നതിനാല്‍ പിറ്റേന്ന് ഉറക്കമുണരുമ്പോഴായിരിക്കും ചാര്‍ജ് ചെയ്യാനിട്ട ഫോണ്‍ എടുക്കുന്നത്.

എന്നാല്‍ ഇത്തരത്തില്‍ രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനിടുന്നത് ഫോണിന്റെ ബാറ്ററി ലൈഫിനെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലിഥിയം അയണ്‍ ബാറ്ററിയാണ് സ്മാര്‍ട്ട് ഫോണില്‍ പൊതുവെ ഉപയോഗിക്കുന്നത്. വളരെ മികച്ച ബാറ്ററിയാണ് ഇതെങ്കിലും സ്വാഭാവികമായും ഏത് ഉല്പന്നത്തെയും പോലെ ഈ ബാറ്ററികള്‍ക്കും കുറവുകളുണ്ട്. 100 ശതമാനം എത്തിക്കഴിഞ്ഞും സ്വിച്ച് ഓഫ് ചെയ്യാതിരിക്കുകയാണെങ്കില്‍ ഇത് ബാറ്ററിയുടെ ക്ഷമത കുറയ്ക്കും. ഓവര്‍ഹീറ്റിങ്, ഫോണ്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യത തുടങ്ങി ഫോണിന്റെ ആകെയുള്ള പ്രവര്‍ത്തനത്തെ ഇത് ബാധിക്കും. ചാര്‍ജ് പൂര്‍ണമായി തീര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫായി പോകുന്നതുവരെ ഉപയോഗിക്കുന്നതും ഫോണിന്റെയും ബാറ്ററിയുടെയും പ്രവര്‍ത്തനക്ഷമതയെ ബാധിക്കും. ബാറ്ററി ചാര്‍ജ് 30-40 ശതമാനമാകുമ്പോള്‍ തന്നെ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതാണ് ഉത്തമം. എല്ലായ്‌പ്പോഴും 30-80 ശതമാനത്തിനിടയില്‍ ചാര്‍ജ് നിലനിര്‍ത്തുന്നത് ബാറ്ററിയുടെ ആയുസ്സ് വര്‍ധിപ്പിക്കും.

അതിനാല്‍ ആവശ്യത്തില്‍ കൂടുതല്‍ സമയം ഫോണ്‍ ചാര്‍ജ് ചെയ്യാനായി ഇടരുത്. ബാറ്ററി നൂറുശതമാനമായതായി കാണിക്കുമ്പോള്‍ ഉടന്‍ അണ്‍പ്ലഗ് ചെയ്യുക. നിലവില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ആയി കഴിഞ്ഞാല്‍ സ്വയമേവ ചാര്‍ജിങ് അവസാനിപ്പിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. 35 ഡിഗ്രീ സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടുള്ള അന്തരീക്ഷത്തില്‍ ആപ്പിള്‍ ഫോണ്‍ ചാര്‍ജ് ചെയ്യരുതെന്ന് ആപ്പിളിന്റെ നിര്‍ദേശമുള്ളത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ബാറ്ററിക്ക് സ്ഥിരമായ തകരാറുണ്ടാക്കാന്‍ അത് കാരണമാണെന്നാണ് ആപ്പിള്‍ വിശദീകരിക്കുന്നത്.

രാത്രിയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനിടുന്നവര്‍ക്ക് ചില സുരക്ഷാ നിര്‍ദേശങ്ങളും വിദഗ്ധര്‍ നല്‍കുന്നുണ്ട്.

  • ഫോണ്‍കേസ് ഊരിമാറ്റിയതിന് ശേഷം ചാര്‍ജിനിടുക
  • ഊരിമാറ്റാന്‍ ബുദ്ധിമുട്ടുള്ള കേസാണെങ്കില്‍ ഇക്കാര്യം അത്ര എളുപ്പമല്ല.
  • ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്ന ഫോണിന് മുകളിലായി പുസ്തകമോ, മറ്റുവസ്തുക്കളോ വയ്ക്കാതിരിക്കുക.
  • തലയിണയ്ക്കടിയില്‍ ഫോണ്‍ സൂക്ഷിക്കരുത്.

ഇവ മൂന്നും ഫോണ്‍ പെട്ടെന്ന് ചൂടായി പൊട്ടിത്തെറിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന സാഹചര്യങ്ങളാണ്. ചാര്‍ജ് ചെയ്യാനുപയോഗിക്കുന്ന കേബിളുകളും കേടുപാടുകളില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.

Content Highlights: Do You Leave Your Phone Charging Overnight?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us