എഐ ടെക്‌നോളജിയിൽ അധിഷ്ഠിതമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതോടെ സെയിൽസ്‌ഫോഴ്സ് കമ്പനി തൊഴിലാളികളെ പിരിച്ചുവിടുന്നു. നിലവിൽ 1000 തൊഴിലാളികളെ പിരിച്ചുവിടാനാണ് അമേരിക്കൻ ക്ലൗഡ് അധിഷ്ഠിത സോഫ്ട്‍വെയർ കമ്പനി തീരുമാനിച്ചിരിക്കുന്നത്.
പിരിച്ചുവിടപ്പെട്ട തൊഴിലാളികൾക്ക് കമ്പനിക്കുള്ളിൽ തന്നെയുള്ള മറ്റ് പോസ്റ്റുകളിലേക്ക് അപേക്ഷിക്കാൻ സാധിക്കുമെന്നും സെയിൽസ്‌ഫോഴ്സ് അറിയിച്ചിട്ടുണ്ട്. തങ്ങളുടെ എഐ ഉത്പന്നങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി തൊഴിലാളികളെ പിരിച്ചുവിടുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗികമായി യാതൊരു അറിയിപ്പും കമ്പനി പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, വരുന്ന സാമ്പത്തിക വർഷത്തിൽ തന്നെ പിരിച്ചുവിടൽ ഉണ്ടാകുമെന്നാണ് സൂചന.
2023 മുതൽക്കേ പടിപടിയായി തൊഴിലാളികളെ കുറച്ചുവരികയാണ് സെയിൽസ്‌ഫോഴ്സ്. ആഗോള ടെക്ക് കമ്പനികൾ തൊഴിലാളികളെ പിരിച്ചുവിടുമ്പോൾ തങ്ങളുടെ പത്ത് ശതമാനം തൊഴിലാളികളെയാണ് സെയിൽസ്‌ഫോഴ്സ് പിരിച്ചുവിട്ടത്. ഏകദേശം 8000 തൊഴിലാളികള്‍ക്കാണ് അന്ന് ജോലി നഷ്ടപ്പെട്ടത്. 2024ലും സെയിൽസ്‌ഫോഴ്സ് തൊഴിലാളികളെ പിരിച്ചുവിടുന്ന നടപടി തുടർന്നിരുന്നു. എന്നാൽ എഐ വിഭാഗത്തിൽ കൂടുതൽ പേരെ ജോലിക്കെടുക്കാൻ കമ്പനി തീരുമാനിക്കുകയും ചെയ്തിരുന്നു.
Content Highlights: Salesforce to cut jobs after AI