
അമേരിക്കയുടെ സാമ്പത്തിക രംഗത്തും ഭരണരംഗത്തും നവീകരണം ലക്ഷ്യമിട്ട് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സ്ഥാപിച്ച വകുപ്പാണ് ഗവൺമെന്റ് എഫിഷ്യൻസി വകുപ്പ് അഥവാ ഡോജ് (DOGE) ശതകോടീശ്വരനായ ഇലോൺ മസ്‌കിനെയായിരുന്നു ട്രംപ് ഈ വകുപ്പിന്റെ തലവനാക്കിയത്. പിന്നാലെ അമേരിക്കയുടെ ചെലവ് ചുരുക്കുന്നതിനായി നിരവധി പിരിച്ചുവിടലുകൾ മസ്‌ക് നടത്തിയിരുന്നു. ഇത്തരമൊരു പിരിച്ചുവിടലിൽ വമ്പൻ അബന്ധം പിണഞ്ഞിരിക്കുകയാണ് മസ്‌കിനും സംഘത്തിനും.
ചിലവ് ചുരുക്കലിന്റെ ഭാഗമായി അമേരിക്കയുടെ നാഷണൽ ന്യൂക്ലിയർ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷനിലെ ജോലിക്കാരെ വെട്ടിക്കുറച്ചിരുന്നു. എന്നാൽ അമേരിക്കയുടെ ന്യൂക്ലിയർ ശേഖരം കൈകാര്യം ചെയ്യുന്ന ജീവനക്കാരാണ് പിരിച്ചുവിട്ടവരിൽ കൂടുതലും. ന്യൂക്ലിയർ ശേഖരം കൈകാര്യം ചെയ്യുന്നതിൽ ജീവനക്കാരുടെ പങ്ക് മനസിലാക്കാതെ 325 ഓളം തൊഴിലാളികളെ ഒറ്റയടിക്ക് പിരിച്ചുവിടുകയായിരുന്നു.
പിരിച്ചുവിട്ട ജീവനക്കാരിൽ ആണവായുധങ്ങൾ നിർമ്മിക്കുന്ന എൻഎൻഎസ്എ ജീവനക്കാരും ഉണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ആണവായുധങ്ങൾ നിർമ്മിക്കുന്ന കരാറുകാർക്കുള്ള ആവശ്യകതകളും മാർഗ്ഗനിർദ്ദേശങ്ങളും എഴുതുന്ന എൻഎൻഎസ്എ ആസ്ഥാനത്തെ ജീവനക്കാരും പിരിച്ചുവിടപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട്. ജീവനക്കാരെ പിരിച്ചുവിടുരുതെന്നും എൻഎൻഎസ്എയ്ക്ക് ദേശീയ സുരക്ഷാ ഇളവ് വേണമെന്നും അഭ്യർത്ഥിച്ചിരുന്നെങ്കിലും മസ്‌കിന്റെ ഡോജ് ഇക്കാര്യം ചെവികൊണ്ടില്ല.
'നിങ്ങളുടെ തുടർന്നുള്ള തൊഴിൽ പൊതുതാൽപ്പര്യത്തിന് അനുയോജ്യമല്ലെന്ന് ഡിഒഇ കണ്ടെത്തി. ഇക്കാരണത്താൽ, ഡിഒഇയിലെയും ഫെഡറൽ സിവിൽ സർവീസിലെയും നിങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് നിങ്ങളെ ഇന്ന് മുതൽ നീക്കം ചെയ്യുന്നു,' എന്നായിരുന്നു പിരിച്ചുവിട്ട ജീവനക്കാർക്ക് അയച്ച കത്തിൽ പറഞ്ഞത്.
എന്നാൽ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് ഡോജ് ചെയ്ത അബദ്ധം സംഘത്തിന് മനസിലായത്. ആണവ ആയുധങ്ങളുമായി ബന്ധപ്പെട്ട കരാറുകളും മറ്റും താറുമാറായതോടെ പിരിച്ചുവിട്ട 325 തൊഴിലാളികളിൽ ഭൂരിഭാഗത്തിനെയും തിരിച്ചെടുത്തു. പ്രൊബേഷണറി ജീവനക്കാരുടെ പിരിച്ചുവിടൽ റദ്ദാക്കാൻ ഏജൻസിക്ക് നിർദ്ദേശം ലഭിച്ചതായി ആക്ടിംഗ് എൻഎൻഎസ്എ അഡ്മിനിസ്‌ട്രേറ്റർ തെരേസ റോബിൻസ് മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങളുടെ വകുപ്പിലൂടെ അമേരിക്കയുടെ ഫെഡറൽ ചെലവിൽ 2 ട്രില്യൺ ഡോളർ ലാഭിക്കുമെന്നായിരുന്നു ഡോജിന്റെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പായി മസ്‌ക് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഫെഡറൽ ജീവനക്കാരിൽ വ്യാപക പിരിച്ചുവിടൽ ആരംഭിച്ചത്. മുമ്പ് ട്വിറ്റർ ഏറ്റെടുത്തപ്പോളും സമാനമായ രീതിയിൽ ജീവനക്കാരെ മസ്‌ക് പിരിച്ചുവിട്ടിരുന്നു.
Content Highlights: Musks DOGE fires staff of US nuclear weapons agency revokes decision after realising mistake